Friday, January 30, 2009

ചോളമനുഷ്യരും ഗോതമ്പുകൃസ്ത്യാനികളും

ഇഞ്ചിപ്പെണ്ണിന്റെ ഏതോ കമന്റില്‍ (എവിടെയായിരുന്നെന്നോര്‍‌മ്മയില്ല; അതിനാല്‍ ലിങ്കുമില്ല) "ഗോതമ്പുകൃസ്ത്യാനി" എന്നൊരു പ്രയോഗം ഒരിക്കല്‍ കണ്ടിരുന്നു. ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നായിരുന്നതുകൊണ്ട് കുറച്ചു കൗതുകം തോന്നി. ഗൂഗിളില്‍ തിരഞ്ഞിട്ട് ഒന്നും തടഞ്ഞില്ല; ഞാന്‍ വിട്ടുകളയുകയും ചെയ്തു.

രണ്ടുദിവസം മുമ്പ് Michael Pollan-ന്റെ The Omnivore's Dilemma എന്ന പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചുഭാഗം വായിക്കാന്‍ സാധിച്ചു. അതിന്റെ ആദ്യത്തെ അദ്ധ്യായം തന്നെ ചോളത്തെപ്പറ്റിയാണ്‌. അമേരിക്കയിലെ ആദിമനിവാസികള്‍ കൂടുതലായും ചോളം ഉപയോഗിച്ചിരുന്നതിനെപ്പറ്റിയും, പിന്നീടു വന്നവര്‍ (വെള്ളക്കാര്‍) ഗോതമ്പിനെ കൂടുതല്‍ വരേണ്യമായ ധാന്യമായി കരുതിയതിനെപ്പറ്റിയും, എന്നാല്‍ സൂത്രക്കാരനായ ചോളം അവരറിയാതെ അവരെ തോല്‍‌പ്പിച്ചതിനെപ്പറ്റിയുമൊക്കെ അതില്‍ പ്രതിപാദിക്കുന്നുണ്ട്താഴെ. മെക്സിക്കോയിലെ മായന്‍‌മാരുടെ പിന്മുറക്കാര്‍ സ്വയം "ചോളമനുഷ്യരാ"യും, യു എസ്സിലെ വെള്ളക്കാര്‍ തന്നത്താന്‍ "ഗോതമ്പുമനുഷ്യരാ"യും കരുതുന്നുവെന്നും.

അതു വായിച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും ഇഞ്ചിയുടെ "ഗോതമ്പുകൃസ്ത്യാനി" പ്രയോഗം മനസ്സില്‍ വന്നു. അതും ഇതുപോലെന്തെങ്കിലും ആണോ? പണ്ടു കൃസ്ത്യാനികള്‍ ഗോതമ്പാണോ പ്രധാനമായും കഴിച്ചിരുന്നത്? അതോ, സാധാരണപോലെ ഞാന്‍ ഇതിലും കമ്പ്ലീറ്റ് കാടുകയറിച്ചിന്തിക്കുകയാണോ?



പുസ്തകത്തില്‍ നിന്ന്...


Descendents of the Maya living in Mexico still sometimes refer to themselves as "the corn people." The phrase is not intended as a metaphor. Rather, it's meant to acknowledge their abiding dependence on this miraculous grass, the staple of their diet for almost nine thousand years. Forty percent of the calories a Mexican eats in the day come directly from corn, most of it in the form of tortillas. So when a Mexican says "I am maize" or "corn walking", it is simply a statement of fact: The very substance of the Mexican's body is to a considerable extent a manifestation of this plant.

(...)

The Europeans who colonized America regarded themselves as wheat people, in contrast to the native corn people they encountered; wheat in the West has always been considered the most refined, or civilized grain. (...) But carbon 13 doesn't lie, and researchers who have compared the isotopes in the flesh or hair of North Americans to those in the same tissues of Mexicans report that it is now we in the North who are the true people of corn. "When you look at the isotope ratios," Todd Dawson, a Berkeley biologist who's done this sort of research, told me, "we North Americans look like corn chips with legs."

(...)

So that's us: processed corn, walking.

Thursday, January 29, 2009

സീഡര്‍ മരങ്ങളില്‍ മഞ്ഞുപൊഴിയുമ്പോള്‍...

എന്റെ ഉള്ളില്‍ പൊഴിയുന്നത് തീമഴയാണ്. ഫോട്ടൊകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ട് മഞ്ഞില്ലാത്തിടത്തുള്ളവര്‍ ആനന്ദം കൊണ്ടു തുന്ദിലരായേക്കാം. ആ മഞ്ഞിലാസിനറിയുമോ ഈ മഞ്ഞിനുള്ളില്‍ പുതഞ്ഞുകിടക്കുന്നത് എന്റെ വീട്ടുമുറ്റവും, വഴിവക്കുമൊക്കെയാണെന്ന്. മഞ്ഞു വീഴ്ച നില്‍ക്കുമ്പോഴേക്കും ഒരു പഴയ ഷവലും കൊണ്ട് ഞാന്‍ കളരിപ്പയറ്റിനിറങ്ങുന്നു; മഞ്ഞുമാറ്റുന്നു; ഒരിക്കലുമിളക്കാത്ത പേശികള്‍ അതില്‍ പ്രതിഷേധിക്കുന്നു; രാത്രിയില്‍ അവയുടെ പരാതികളില്‍ ഞാന്‍ പിടഞ്ഞുറങ്ങുന്നു.

മഞ്ഞിനേക്കാളും എത്രയോ സെക്സിയാണു മഴ. ഇടവപ്പാതിയോടു കിടനില്‍ക്കില്ലെങ്കിലും ഇവിടുത്തെ മഴ പോലും സുന്ദരി. മഞ്ഞിന്റെകൂടെപ്പെയ്യുമ്പോള്‍ മാത്രം മൂശേട്ടസ്വഭാവം കാട്ടുന്നവള്‍.

വാല്‍:
മനോഹരമായ ഒരു നടക്കാത്ത സ്വപ്നമുണ്ടു മനസ്സില്‍: ഒരിക്കല്‍ ഫ്ലോറിഡയുടെ തെക്കന്‍ ഭാഗത്ത് (കീ വെസ്റ്റ്, എവര്‍ഗ്ലേഡ്സ്?) എവിടെയെങ്കിലും പോയി ഒരു കൊടുങ്കാറ്റു കൊള്ളുക; മഴയുടെ ഉഗ്രസൌന്ദര്യം നേരില്‍ക്കാണുക.

പണ്ടു വായിച്ച ഏതോ നോവലിലെ സംഭവം ഓര്‍‌മ്മ വരുന്നു: പുസ്തകത്തിലെ കാടനും, അരവട്ടനുമായ ഒരു കഥാപാത്രം കൊടുങ്കാറ്റനുഭവിക്കാന്‍ തീരുമാനിക്കുന്നു. ഒരു സുഹൃത്തിന്റെ സഹായത്താല്‍ കാറ്റിന്റെ വഴിയിലുള്ള ഒരു പാലത്തിന്റെ കൈവരിയില്‍ സ്വയം ബന്ധനസ്ഥനാകുന്നു. ബന്ധനസ്ഥനാകാന്‍ കാരണമുണ്ട്: കൊടുങ്കാറ്റ് ഉഗ്രരൂപിയാകുമ്പോള്‍ ഓടാന്‍ കഴിയുന്നവനൊക്കെ ഓടിപ്പോകുമത്രേ. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ അയാള്‍ സന്തോഷപാരമ്യത്തിലെത്തുന്നു.

അത്രയുമൊന്നുമില്ലെങ്കിലും, വിശ്വരൂപം ധരിക്കുന്ന കൊടുങ്കാറ്റില്‍‌നിന്നും ഓടി രക്ഷപ്പെടാനുള്ള ഒരു സന്ദര്‍ഭമെങ്കിലും... വെറുതെയീ മോഹങ്ങള്‍...

Tuesday, January 27, 2009

ഒരു മാസാഇ ബ്ലോഗിങ്ങിനെപ്പറ്റി സംസാരിക്കുന്നു

മലയാളബ്ലോഗുകളില്‍ പുതുതായി ഒന്നുംതന്നെ വായിക്കാന്‍ രസമുള്ളതു കാണുന്നില്ല എന്ന് ചിലയിടങ്ങളില്‍ പരാതിയുയരുന്നു. പുതിയ മലയാളി ബ്ലോഗ/ബ്ലോഗിനികള്‍ പലരും ബ്ലോഗിങ്ങ് എന്ന ക്രിയയെ സീരിയസായിട്ട് എടുക്കുന്നില്ല എന്നാണു പലരുടെയും അഭിപ്രായം. എനിക്കും പൊതുവെ ഇതേ അഭിപ്രായമാണെങ്കിലും ഒരു നവബ്ലോഗര്‍ എന്ന നിലയില്‍ ഏറെ ആശയക്കുഴപ്പവുമുണ്ട്. പൊതുവെ വളിപ്പടി മാത്രം കൈയിലിരിപ്പുള്ള ഒരാളാണു ഞാന്‍; പക്ഷേ ബ്ലോഗിങ്ങില്‍ തുടരണമെന്നുണ്ട്; ആളുകള്‍ ഞാനെഴുതിയത് വായിക്കണമെന്നുണ്ട്; അപ്പോള്‍ സീരിയസ്സായേ തീരൂ താനും. ഇതികര്‍ത്തവ്യതാമൂഢത.

ഇന്നലെ വൈകിട്ട് ചായകുടിക്കാനിറങ്ങിയപ്പോഴാണ് ന്‍‌‌ഗയികഥാകോവിദനും പഴയ പരിചയക്കാരനുമായ ഒരു ഗ്രാമവൃദ്ധനെ കണ്ടുമുട്ടിയത്. എന്റെ ബ്ലോഗിങ്ങ് എങ്ങനെപോകുന്നു എന്ന വൃദ്ധാന്വേഷണത്തിനു മറുപടിയായി ഞാന്‍ ബൂലോകവിശേഷങ്ങള്‍ പറഞ്ഞു; കൂട്ടത്തില്‍ ഈ വിഷമകാണ്ഡവും. വൃദ്ധന്‍ അതെല്ലാം കേട്ടു മാസാഇ ഭാഷയില്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് അവരുടെ ഗോത്രം എങ്ങനെയാണ് ഇത്തരമൊരു വിഷമസന്ധിയെ നേരിട്ടതെന്നു വിവരിച്ചുതന്നു.

മലയാളത്തില്‍ ഏകദേശം 8 കൊല്ലം മുമ്പും, ഇന്റര്‍നെറ്റില്‍ 14-15 കൊല്ലം മുമ്പും തുടങ്ങിയ ഒരു പരിപാടിയായിരിക്കാം ആധുനികബ്ലോഗിങ്ങ്. എങ്കിലും, താന്‍സാനിയയിലെ മാസാഇ ഗോത്രക്കാര്‍ക്കിടയില്‍ പുരാതനകാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു ബ്ലോഗിങ്ങിന്. പഴയ ഗോത്രചരിത്രങ്ങളിലേക്ക് നൂണ്ടുകയറിയാല്‍ ബ്ലോഗിങ്ങിനെപ്പറ്റി തികച്ചും സമകാലികമായ ചിന്താഗതികളാണ് അവര്‍ വച്ചുപുലര്‍‌ത്തിയിരുന്നതെന്നു കാണാം. ഇന്നു ബൂലോഗത്തിലെങ്ങും കണ്ടുവരുന്ന അസ്തിത്വനൈരാശ്യങ്ങളും സന്ത്രാസങ്ങളുമെല്ലാം പതിനേഴാം നൂറ്റാണ്ടില്‍ മാസാഇകള്‍ അനുഭവിച്ച് ചണ്ടിയാക്കിക്കഴിഞ്ഞവയായിരുന്നെന്നറിഞ്ഞു ‍നാം അത്ഭുതപ്പെടുക.

ഒരുദാഹരണം തരാം: മദ്ധ്യകാലത്തില്‍ താന്‍സാനിയായില്‍ ജീവിച്ചിരുന്ന മഹാകവിയായ ഹേബേ ടുറും‌ബേ (1678 - 1720?) തന്റെ ഗോത്രത്തിന്റെ ആസ്ഥാനബ്ലോഗര്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ രക്ഷിതാവും, ഉപഗോത്രത്തലവനുമായിരുന്ന മ്‌കിടി മ്‌താനി ഒരിക്കല്‍ ടുറുംബേയോട് അശ്ലീലം, ചളം എന്നിവ നിര്‍‌ത്തി ഗദ്യകവിതകള്‍, മാജിക്കല്‍ റിയലിസ്റ്റിക് കഥകള്‍ എന്നിവ ബ്ലോഗാനാവശ്യപ്പെട്ടത്രേ. ടുറുംബേയുടെ മറുപടി ഇന്നും താന്‍സാനിയന്‍ ബ്ലോഗര്‍മാരുടെ ഇന്റര്‍നാഷണേല്‍ ആണ്. ടുറുംബേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പാടി (എഴുത്തില്ലാത്ത കാലമാണല്ലോ):
“മ്‌അ ക്‌‌ല്‍‌ടെ എഫ്ഫെന്ദി ടാലു് പിറി ഏ:ട്ല്
ക്‍ഗ്‌റാനാ ല്‌കെമേലേ ഓപ്‌ഹ് കികി
ബെലാഗ്‌ ത് ഇകേമേ റ്റിലിയായ് വിറേനി
താന്‍സേനി ക് ഇല്ലി ബെറ്‌ ഇവിയ്യ് ആലി
ലിഗുആബാ ക്‌‌ടെറെ മിള് പിക്തെനി വിടീല്
ഖിമിട് ല്‌ഇവ് പില്യ് ജിരേമെറ് യ് കിലി”

[“എഫ്ഫെന്ദി” എന്നാല്‍ സായിപ്പ്. “ല്‌കെമേല് “ എന്നാല്‍ “ചെറിയ കക്കൂസ് “എന്നും, “ബെഡ്‌പാന്‍“ എന്നും അര്‍ത്ഥമുണ്ട്‍. “ലിഗുആബാ” എന്നാല്‍ “ചിന്തകള്‍”. “ബെലാഗ്” എന്നാല്‍ “ബ്ലോഗ്” ആണെന്ന് പറയേണ്ടതില്ലല്ലോ.]

കവിതയുടെ ഏകദേശതര്‍‌ജ്ജമ:
“സായിപ്പ് ചിന്തയ്ക്കു കക്കൂസു തീര്‍‌ത്തൂ;
ബ്ലോഗെന്നു ഭൂമിയില്‍ കീര്‍‌ത്തിച്ചൂ.
നമ്മള്‍ മാസായികള്‍ താന്‍സാനിയക്കാര്‍
ബ്ലോഗുപണിതതിലാറാടുന്നൂ
പാട്ടുപാടിക്കൊണ്ടു പറ്റിക്കുന്നൂ ചിലര്‍;
മുക്കിയും മൂളിയും മറ്റു മാന്യര്‍.
ഒത്തിരിനേരമെടുത്തു ബ്ലോഗും ചിലര്‍;
ഓട്ടത്തില്‍ തീര്‍ക്കുന്നു മറ്റു ചിലര്‍.
കൂട്ടമായ് ചെയ്യുന്നു സന്‍‌സാരി ഗോത്രം;
ഒറ്റയ്ക്കു ചെയ്യുന്നു ബര്‍‌ബായികള്‍.
എങ്ങനെ ചെയ്താലും അന്തിമോത്പന്നം
ചിന്താ മലം; കമന്റാകെ ചളം
അങ്ങിനിച്ചൊല്ലുക ഗോത്രത്തിന്‍ മൂപ്പാ,
എന്തിനു ബ്ലോഗില്‍ ഞാന്‍ മുക്കേണ്ടൂ? ബ്ലോഗില്‍
എന്തിനീ ഞാനിപ്പോള്‍ യത്നിക്കേണ്ടൂ?”

[സന്‍‌സാരി, ബര്‍‌ബായി: മദ്ധ്യ കാലഘട്ടത്തില്‍ താന്‍സാനിയയിലുണ്ടായിരുന്ന മറ്റു രണ്ടു ഗോത്രങ്ങള്‍]

ഈ കവിത ആഡിയോ ബ്ലോഗായിക്കേട്ട മ്‌താനി ഉടനെ ടുറുംബേയെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുകയും, മാസാഇ ഗോത്രത്തില്‍ ഏതെങ്കിലുമൊരാള്‍ സീരിയസായിട്ട് ബ്ലോഗ് പോസ്റ്റുകള്‍ പാടിയാല്‍ ആയവനെ/ആയവളെ ന്‍‌ഗൊറൊങ്ഗോറോ പാതാളക്കുഴിയിലെ സിംഹങ്ങള്‍ക്കെറിഞ്ഞുകൊടുക്കാന്‍ കല്‍പ്പനയിടുകയും ചെയ്തുവത്രെ. പിന്നീടുള്ള 113 കൊല്ലം താന്‍സാനിയന്‍ ബ്ലോഗ്ഗിങ്ങിന്റെ സുവര്‍‌ണ്ണകാലമായിട്ടാണറിയപ്പെടുന്നതുപോലും.

പുരാതനതാന്‍‌സാനിയന്‍ ബ്ലോഗിങ്ങിനെപ്പറ്റി എനിക്കു വീണ്ടും പല സംശയങ്ങളുണ്ടായിരുന്നു. വീണ്ടും കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാമെന്ന് വൃദ്ധന്‍ സമ്മതിക്കുകയാല്‍ ഞങ്ങള്‍ തല്‍‌ക്കാലം പിരിഞ്ഞു.

Monday, January 26, 2009

മാന്‍‌ഡ്രേക്കും, ഐഫോണും

പത്തുമുപ്പതു കൊല്ലം മുമ്പുള്ള ഒരു മാന്ഡ്രേക്ക് കാര്‍ട്ടൂണ്‍: ഗാലക്സിക്കു മൊത്തം ചക്രവര്‍‌ത്തിയായ മാഗ്‌നോണിന് മാന്‍ഡ്രേക് എന്തോ ഉപകാരം ചെയ്യുന്നു (എന്തുപകാരമായിരുന്നെന്ന് എനിക്കിപ്പോള്‍ ഓര്‍‌മ്മ വരുന്നില്ല). ഉദ്ദിഷ്ടകാര്യം നടന്ന ഉപകാരസ്മരണയ്ക്ക് മാഗ്‌നോണ്‍ മാ‌ന്‍‌ഡ്രേക്കിനോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അവസരം കൊടുക്കുന്നു. അവസാനം, മാന്‍‌ഡ്രേക് ഒന്നും ആവശ്യപ്പെടാതിരുന്നപ്പോള്‍, മാഗ്‌നോണ്‍ കൈവെള്ളയിലൊതുങ്ങുന്ന ഒരു ഗോളാകാരത്തിലുള്ള യന്ത്രം മാന്‍‌ഡ്രേക്കിനു നല്‍കുന്നു. ഏതുഭാഷയിലും, ലോകത്തുള്ള എന്തിനെപ്പറ്റിയും എന്തുചോദ്യം അതിനോടുചോദിച്ചാലും അതേഭാഷയില്‍ ആ യന്ത്രത്തിനുത്തരം നല്‍‌കാന്‍ കഴിയും. മാന്‍‌ഡ്രേക്കിന്റെ വിശ്വസ്തസേവകനും, ഒരുപാടുഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ള പണ്ഡിതനുമായ ഹോജോ യന്ത്രത്തോട് പല ചോദ്യങ്ങള്‍ പല ഭാഷയില്‍ ചോദിക്കുന്നു; യന്ത്രം ഉത്തരം നല്‍‌കുന്നു; വായനക്കാര്‍ പുളകിതരാകുന്നു.

ഉച്ചഭക്ഷണസമയത്ത് റെസ്റ്റാറന്റിലെ മേശക്കുചുറ്റുമിരിക്കുമ്പോള്‍ ഹിന്ദി ഗാനത്തെപറ്റി ഉണ്ടായ സംശയം തീര്‍ക്കാന്‍ കൂട്ടുകാരന്‍ അവന്റെ ഐഫോണില്‍ ഹിന്ദിയില്‍ തെരഞ്ഞ് ഉത്തരം കണ്ടുപിടിച്ചപ്പോള്‍ മനസ്സില്‍ വന്നത് ആ പഴയ കഥയാണ്.

Friday, January 23, 2009

ഒരു സരസ്വതിയും, കുറെ മുലകളും

മാര്‍ക്സിന്റെ വാക്കുകള്‍‍ കടമെടുത്താല്‍, ബൂലോഗത്തെ ഒരു ബൂതം പിടികൂടിയിരിക്കുന്നു - “സരസ്വതിയുടെ മുലകള്‍”. ചര്‍‌ച്ചകള്‍ ചൂടായിത്തന്നെ നടക്കട്ടെ. കാര്യങ്ങളിലേക്ക് ആഴത്തില്‍ ഊളിയിട്ട് വിമര്‍ശിക്കാനൊന്നും സമയമില്ലാത്ത ഒരുവന്റെ ഉപരിപ്ലവചിന്തകള്‍ ഇവിടെ:

ചിത്രകാരന്റെ ആ കുറിപ്പു ഞാനും വായിച്ചിരുന്നു. എനിക്കതില്‍ പ്രത്യേകിച്ച് തെറ്റൊന്നും തോന്നിയിരുന്നില്ല. ലൈംഗികമായി അടിച്ചമര്‍‌ന്നുകിടന്നിരുന്ന സ്കൂള്‍പ്രായത്തിലോ മറ്റോ ആയിരുന്നെങ്കില്‍ “മുല’ എന്നൊക്കെ ഇങ്ങനെ ഓപ്പണായിട്ടെഴുതിയതുവായിച്ചാല്‍ എന്തോ കാണരുതാത്തതുകണ്ടതിന്റെ ഇക്കിളിയെങ്കിലും കിട്ടിയേനേ. ഇപ്പോള്‍ “കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു” എന്ന നിലയിലായതിനാല്‍ ആ രസം പോലുമില്ല :-) ചിത്രകാരന്റെ തന്നെ ഇമേജറി കടമെടുത്താല്‍ അബ്രാഹ്മണര്‍ മാറുമറയ്ക്കാത്ത കാലത്തൊരുദിവസം ഒരായിരം അവര്‍‌ണ്ണനാരിമാരുടെ ഇടയില്‍പ്പെട്ടുപോയ ഒരു ബ്രാഹ്മണനെപ്പോലെയയിരുന്നു ഞാന്‍ - നിഷ്കാമന്‍, നിര്‍‌മ്മമന്‍, നിര്‍‌വികാരന്‍, നി‌ര്‍ഗ്ഗുണന്‍, ആകെ മൊത്തം ഒരു വിരസന്‍.

കുറച്ചെങ്കിലും എനിക്കു ചൊറിഞ്ഞുവന്നത് അതിലെ ന്യായഭംഗം(ലോജിക് ഇല്ലായ്മ) വായിച്ചപ്പോഴാണ്. നാലു കൈയുള്ള സരസ്വതിക്ക് നാലുമുല വേണമെന്ന് ചിത്രകാരന്‍ വാദിക്കുന്നു. കൈയും മുലയും തമ്മില്‍ ഇങ്ങനെയും ഒരു കണക്ഷനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. നാലു കാലും, പൂജ്യം കൈയുമുള്ള പന്നിക്ക് ഒരു മുലയും മുപ്പതകിടും, നാലു കാലുള്ള പശുവിന് 1:4, നാലു കാലുള്ള കുതിരയ്ക്ക് 1:2, ഇങ്ങനെയൊക്കെയാണു കണക്കുകള്‍ കാണുന്നത്.

ചിത്രകാരനോട് വിരസതയാണുതോന്നിയതെങ്കില്‍ കേസുകൊടുത്ത മാന്യനോട് ഒരുവാക്ക്, ഒരേയൊരുവാക്ക്: ഇനിയും ഇതുപോലെ കേസുകൊടുക്കാന്‍ സ്കോപ്പുള്ള, “തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും വായ്ക്കുന്ന” സംഗതികളുണ്ട് മലയാളസാഹിത്യത്തില്‍. ആറ്റൂര്‍ രവിവര്‍മ്മയുടെ “ഉദാത്തം” എന്ന കവിത നോക്കുക (വീണ്ടുമൊരു രവിവര്‍‌മ്മ!):
“നാല്പതു കഴിഞ്ഞപ്പോള്‍
പഞ്ചാരപ്പാല്പായസം പണ്ടേക്കാള്‍ മധുരിച്ചു

ചരക്കില്‍ പഞ്ചാരയുമരിയും പാലുംകൂടി
തിളച്ചുമറിയുമ്പോള്‍
തിടമ്പാല്‍ പൊക്കംവച്ച മസ്തകത്തിന്മേല്‍ ഞാലും
പൊന്‍‌തലേക്കെട്ടിന്‍ ചന്തം

ഇലതന്‍ നാക്കോളവും പരന്നീടുമ്പോള്‍
വലംകൈയ്ക്കുള്ളില്‍ മുലയുടെ മാര്‍ദ്ദവം വഴിയും‌പോല്‍
ചൊടിയും നാക്കും മൂക്കും തൊണ്ടയും കൈയും‌കൂടി
ഹ ഹ ഹ വെള്ളത്താടി!

ഗോപിമാരുടെ ചേലയഴിക്കും
ലോകകാമുകനുടെ ശുക്ലം
വേളിക്കു ചീട്ടാക്കുന്ന ചെറുപ്പക്കാര്‍ ത-
ന്നകത്തലയ്ക്കും പൈമ്പാലാഴി.” ...(അപൂര്‍‌ണ്ണം)

ഒന്നുരണ്ടുകേസിനുള്ളമരുന്ന് ഇതില്‍ത്തന്നെയുണ്ട്. ഇനി ആറ്റൂര്‍ രവിവര്‍മ്മ ബ്ലോഗെഴുതുന്നില്ലല്ലോ എന്നും പരിഭ്രമിക്കേണ്ട, ഇവിടെത്തന്നെ വേറൊരു വര്‍‌മ്മ കറങ്ങിനടക്കുന്നുണ്ട്. അയാള്‍ക്കെതിരെ കൊടുത്താലും മതി. അക്ഷരശ്ലോകഭീതി നിമിത്തം ഉറക്കമില്ലാതെവലയുന്ന ഒരുകൂട്ടം ജനങ്ങള്‍ എല്ലാവിധ സഹായങ്ങളും ആയതിലേക്കു ചെയ്തുതരികയും ചെയ്യും :-)

Wednesday, January 21, 2009

ചോര തിളയ്ക്കണം

സൂരജ് കളിയാക്കിയേക്കാം, പക്ഷേ ഈ കാരവാന്‍ നൊസ്റ്റാല്‍ജിക്കായിത്തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു :)

ഒബാമയുടെ സത്യപ്രതിജ്ഞയെപ്പറ്റി ഓര്‍ത്തപ്പോള്‍ നാട്ടിലെ തെരഞ്ഞെടുപ്പുകളും, അവയില്‍ പണ്ടുകേട്ട മുദ്രാവാക്യങ്ങളില്‍ ചിലതും മനസ്സില്‍ വന്നു.

എനിക്കോര്‍മ്മയുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1977-ലേതാകണം; അടിയന്തിരാവസ്ഥയ്ക്കുശേഷമുണ്ടായത്. കേരളത്തില്‍ ഐക്യമുന്നണി (കോണ്‍ഗ്രസ്, ഐ യു എം എല്‍, സി പി ഐ) -യും ഇടതുമുന്നണി (സി പി എം, ജനതാ പാര്‍ട്ടി, എ ഐ എം എല്‍‍)-യും മുഖ്യ എതിരാളികള്‍. അന്നത്തെ ചില മുദ്രാവാക്യങ്ങള്‍:

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ” - കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം.

ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ” - ഇടതുമുന്നണിയുടെ മറുമുദ്രാവാക്യം.

തെരഞ്ഞെടുപ്പടുത്തതോടെ ജനങ്ങളുടെ “മൂഡ്” മനസ്സിലാക്കിയ ഇന്ദിരാഗാന്ധിയുടെ പല സഹനേതാക്കളും കൂടുവിട്ടുകൂടുമാറി ജനതാപാര്‍ട്ടിയില്‍ എത്തിയിരുന്നു. ഇവരില്‍ പ്രമുഖര്‍ ജഗ്‌ജീവന്‍ റാം, എച് എന്‍ ബഹുഗുണ, നന്ദിനി സത്പതി എന്നിവരായിരുന്നു. അതിനെപ്പറ്റി ഒരെണ്ണം ഇടതുമുന്നണിയുടെ വക:
ജഗജീവന്‍ പോയ് ജീവന്‍ പോയ്
ബഹുഗുണ പോയി ഗുണം പോയി
നന്ദിനി പോയീ നാണം പോയ്
ഇന്ദിരയാകെ മാറിപ്പോയ്
(“നാറിപ്പോയ്” എന്നൊരു പാഠഭേദവും കേട്ടിട്ടുണ്ട്)

പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ എതിരാളികള്‍ കോണ്‍ഗ്രസിലെ പി ഐ പൌലോസ്, സി പി എമ്മിലെ പി ആര്‍ ശിവന്‍ എന്നിവരായിരുന്നു.
പൌലോസ് പക്ഷം:
അരിവാളെന്തിനു പീയാറേ, അമ്മിണിയമ്മയ്ക്കു കൊയ്യാനോ?
ചുറ്റികയെന്തിനു പീയാറേ, നാടകക്കുറ്റി തറയ്ക്കാനോ?
നക്ഷത്രമെന്തിനു പീയാറേ വെട്ടംകാട്ടിക്കക്കാനോ?
[അമ്മിണിയമ്മ = അങ്ങേരുടെ ഭാര്യ; നാടകക്കുറ്റി - സ: ശിവന്‍ ഒരു നാടകനടന്‍ കൂടിയായിരുന്നു എന്നാണോര്‍‌മ്മ.]

ശിവന്‍ പക്ഷത്തിന്റെ വക:
പെരുമ്പാവൂറെമ്മെല്ലേയാം പീയൈ പൌലോസ് തെമ്മാടിക്ക്
കള്ളുവേണം, പെണ്ണുവേണം, കഞ്ചാവുവേണം” (ഭാവനയില്ലാത്ത ശപ്പന്‍‌മാര്‍!)

ഞങ്ങളുടെ നാട്ടിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ഒരു മാപ്പിളപ്പാട്ട്:
നഗരസഭയിലെ നാട്ടാരേ, മര്‍ദ്ദിതരാം തൊഴിലാളികളേ
ദുരിതം നിറഞ്ഞൊരീ നാടിന്റെയോര്‍‌മ്മയില്‍ മുങ്ങിയ നിങ്ങടെ കഥ പറയൂ.
വിയര്‍‌പ്പുകള്‍ നെന്‍‌മണിയാക്കീടുമ്പോള്‍
വെള്ളത്തിനും കരം നല്‍‌കാറുണ്ടോ‍?
വീടിനും, കുടിലിനും, ലാന്‍ഡിന്റെ സെസ്സിനും
വേറെവേറെ കരം നല്‍‌കാറുണ്ടോ?“ (ബാക്കി മറന്നുപോയി)

ഈ വക ഇനങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷ, മാറ്റം എന്നിവയുടെ ശുഷ്കത അനുഭവപ്പെടുന്നില്ലേ? :)

Tuesday, January 20, 2009

ഒബാമയും, ഞാനും

സത്യപ്രതിജ്ഞ ഓഫീസിലിരുന്നു തന്നെ കണ്ടു - ഇന്റര്‍നെറ്റിനു ഒരു നന്ദി കൂടി. തീര്‍ത്തും ഒബാമയ്ക്കെതിരായ (ഏകദേശം ഇതുപോലെ :)1) കുറേ സഹപ്രവര്‍ത്തകര്‍ വന്ന് ഒബാമാവിരുദ്ധകമന്റുകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും, ഞാനും എന്റെ സഹ-ഓഫീസ്‌മുറിയന്മാരുംകൂടി അവരെ തള്ളിപ്പുറത്താക്കി വാതില്‍ തഴുതിട്ടു.

ഒബാമയെപ്പറ്റി ഞാനാദ്യം വായിക്കുന്നത് കക്ഷി ഇല്ലിനോയ് സെനറ്റ് സീറ്റിലേക്കുമത്സരിക്കുന്ന സമയത്താണ്. അന്നൊരിക്കല്‍ ‘ന്യൂ യോര്‍ക്ക’റില്‍ ഒരു പ്രൊഫൈല്‍ വന്നിരുന്നു. അതുവായിച്ച് ഞാന്‍ അന്ന് അങ്ങേരുടെ ആരാധകന്‍ എന്നൊന്നും പറയാന്‍ വയ്യെങ്കിലും അഭ്യുദയകാംക്ഷിയായി. പ്രസ്തുത കാംക്ഷയുടെ അളവ് പലപ്പോഴും കൂടിയും (പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രചരണസമയത്ത് ഫിലഡെല്‍‌ഫിയയില്‍ നടത്തിയ ‘റേസ്’ പ്രസംഗം; ലോബിയിസ്റ്റുകള്‍‌ക്ക് തന്റെ ഭരണകൂടത്തില്‍ സ്ഥാനമൊന്നുമുണ്ടാവില്ലെന്ന പ്രസ്താവന), കുറഞ്ഞും (റിക്ക് വാറന് ഇന്നത്തെ ചടങ്ങില്‍ ഒരു പ്രധാനസ്ഥാനം നല്‍‌കിയത്; വലതുപക്ഷകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഫ്ലാഗ്‌പിന്‍ ധരിച്ചുതുടങ്ങിയത്) ഇരിക്കാറുണ്ടെങ്കിലും ഇന്നും ഞാന്‍ അഭ്യുദയകാംക്ഷി തന്നെ.

ഒബാമ എന്തെങ്കിലും ജാലവിദ്യകൊണ്ട് ലോകത്തിലെയും, അമേരിക്കയിലെയും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നുരാവിലെ വായിച്ച കമന്റ് തന്നെയാണെന്റെയും അഭിപ്രായം. എന്നാലും, പൂര്‍‌ണ്ണവാക്യങ്ങളില്‍ സംസാരിക്കാന്‍ കഴിവുള്ള ഒരാളാണല്ലോ ഈ രാജ്യം ഭരിക്കുന്നതോര്‍‌ക്കുമ്പോളുള്ള ഒരു സുഖം, അതവര്‍‌ണ്ണനീയം...

ഒബാമയ്ക്കു നല്ലതു വരട്ടെ.


1.ഒടുവില്‍ കിട്ടിയത്: ഇഞ്ചി ഈ വ്യാഖ്യാനത്തെ ശക്തമായി നിഷേധിക്കുന്നു. ഞാന്‍ ഇഞ്ചിയോടു അതിലും ശക്തമായി മാപ്പു ചോദിക്കുന്നു.

Monday, January 19, 2009

സിനിമാ റിപ്പബ്ലിക്ക്

എന്റെ ആദ്യസിനിമ ഉദാത്തവും ഗംഭീരവുമാവണമെന്ന് എനിക്കു വാശിയായിരുന്നു.

അതിനാല്‍ ബ്ലോഗുകളില്‍‌നിന്നും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ഗദ്യകവിതകള്‍ ചൊല്ലിച്ചുകൊണ്ടാണ് നായികാനായകന്‍‌മാരെ ഞാന്‍ മരം ചുറ്റിയോടിച്ചത്.

അവസാനം,

തിയറ്ററില്‍ ആളുകയറിയില്ലെങ്കില്‍ എന്റെ പോക്കറ്റില്‍ കാശുകയറില്ല എന്നോര്‍ത്തപ്പോള്‍ മാത്രം,

ഞാന്‍ കഥയും തിരക്കഥയും സംഭാഷണവും ഗിരീഷ് പുത്തഞ്ചേരിയെക്കൊണ്ട് പദ്യത്തിലെഴുതിച്ചു.

Friday, January 16, 2009

ഇന്നത്തെ ചിന്താവിഷയം

“യാ കുന്ദേന്ദു”വിലെ സാനിറ്റൈസ്‌ഡ് സരസ്വതിയേക്കാളും, “മാണിക്യവീണ”യിലെ മദാലസയും, മഞ്ജുളവാഗ്‌വിലാസയുമായവളെയാണ് എനിക്കു പെരുത്തിഷ്ടം.

If a tree falls in a forest

കേള്‍ക്കാനാരുമടുത്തില്ലെങ്കില്‍, മഹാവനത്തില്‍ ഒരു മരം വീണാല്‍ ഒച്ചയുണ്ടാകുമോ? വായനക്കാരില്ലാത്ത ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ അതിനു കമന്റുകളുണ്ടാകുമോ?

ശാസ്ത്രം പരീക്ഷണമാണ്. നമുക്കു കണ്ടുപിടിക്കാം...