Saturday, May 15, 2010

കാളി

സ്ത്രീ - അവൾ കാമുകിയാണ്, ഭാര്യയാണ്, തേങ്ങയാണ് എന്നൊക്കെ പ്രാസത്തിനു പറയാം. അവൾ കാളിയുമാണ് എന്നു പൊതുജനത്തിനൊരു വിശ്വാസം വന്നാൽ ഫെമിനിസം ജയിച്ചു എന്നു പലപ്പോഴും തോന്നാറുണ്ട്.

സവർ‌ണ്ണ ഹിന്ദു ദേവീദേവന്മാരുടെ ഇടയിലെ ഏറ്റവും രൌദ്രത കാളിക്കുതന്നെയാവണം. ഇത്രയും ഭീകരതയുള്ള പുരുഷദൈവങ്ങൾ പോലും ഒന്നുമില്ല. ചോരക്കണ്ണും, നെഞ്ചുവരെ നീളുന്ന നാക്കും, മുറിച്ച തലകൾ കോർ‌ത്ത മാലയും, കൊടുവാളും - ആണുങ്ങളുടെ പേടികളെല്ലാം കൂടി ഉറഞ്ഞുണ്ടായ സ്ത്രീരൂപം.

13-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലീസന്ദേശത്തിൽ, കാളിയുടെ മുഴുവൻ ഭാവവും കാണിക്കുന്ന ഒരു ശ്ലോകമുണ്ട്. പനയന്നാർകാവിലെ പ്രതിഷ്ഠയായ ഭദ്രകാളിയെയാണ് പരാമർ‌ശിച്ചിരിക്കുന്നത്. ശ്ലോകം ഇങ്ങനെ:

"കച്ചയ്ക്കൊക്കെക്കതിനനെ മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-
നച്ചച്ചച്ചോ! ശിവശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെതുവെതെക്കോരിയാരക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വിയദിദം ദേവി! തുഭ്യം നമോസ്തു.


[അല്ലയോ ദേവീ; ഉച്ചകൈഃ - ഉച്ചങ്ങളായ; കച്ചയ്ക്കൊക്കെ - കച്ചയ്ക്കൊപ്പിച്ച് (കഴുത്തിൽ  കച്ചക്കയറ് ഇടുന്ന സ്ഥലത്ത്);  കതിനനെ മുറിച്ച് - കോപത്തോടെ മുറിച്ച്; പച്ചച്ചോരിക്കളി - പച്ചച്ചോരക്കുഴമ്പ്; വെതുവെതെ - ചൂടോടെ; ആര - അരുമയോടെ, പ്രീതിയോടെ;  ഇദം  വിയത്ത് -- ഈ ആകാശം; തുഭ്യം നമഃ അസ്തു - അവിടത്തേയ്ക്ക് നമസ്കാരം ഭവിക്കട്ടെ.]

യുഗാന്തത്തിൽ ദിഗ്ഗജങ്ങളുടെ കഴുത്തുവെട്ടി ആ പച്ചച്ചോരക്കുഴമ്പ് ചൂടോടെ കുടിച്ചിട്ടു ശേഷിച്ച എച്ചിൽക്കിണ്ണം പോലെയാണ് പ്രഭാതത്തിന്റെ അരുണിമ കലർ‌ന്ന ആകാശം എന്നു കവി. ആ ഭാവന, ആ വാഗ്‌ബിംബം! അക്ഷരാർ‌ത്ഥത്തിൽ കിടിലൻ. വായിച്ചുകഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിയ്ക്കാൻ തോന്നിപ്പിച്ച ചുരുക്കം വായനകളിലൊന്ന്...

Wednesday, April 7, 2010

ഗോപാലകൃഷ്ണലീലാരഹസ്യം

[കല്ലു ചൂടായിക്കിടക്കുന്നതിനാൽ ഞാനും ഒരു ദോശ ചുടുന്നു. ഇതു വായിക്കുന്നതിനുമുമ്പ് ഇതും, ഇതും ഒക്കെ വായിച്ചാൽ നന്നായിരിക്കും.]

* ഡോക്ടറേറ്റ്. ഒരു ഡോക്ടറേറ്റൊക്കെയുള്ളയാൾ വിഡ്ഢിത്തം വിളിച്ചുപറയുമെന്ന് സാധാരണക്കാരാരും വിശ്വസിക്കില്ലല്ലോ.
* ‘എനിക്കു ജനിക്കാതെ പോയ അമ്മാവനാണു സാർ സാർ’ എന്ന് എല്ലാവരുടെ മനസ്സിലും തോന്നിക്കുന്ന പെരുമാറ്റം. അതിൽ നിന്നുണ്ടാവുന്ന ഇഷ്ടം.
* തമാശ പറയാനുള്ള കഴിവ്. അതുപറയുമ്പോഴും സ്വയം കോമാളിയാകാതിരിക്കാനുള്ള വകതിരിവ്.
* വള്ളുവനാടൻ ഭാഷ. ഞങ്ങൾ തെക്കന്മാരൊക്കെ സംസ്കാരശൂന്യരാണല്ലോ. ‘ഇല്യ’ എന്നു പറയുന്നവന് ‘ഇല്ലെടേ’ എന്നു പറയുന്നവനെക്കാളും തികച്ചും സംസ്കാരം കൂടും.
* സംസ്കൃതവാക്കുകളും വരികളും പുട്ടിനു തേങ്ങപോലെ ഇടാനുള്ള കഴിവ്. ദേവഭാഷ കേൾക്കുമ്പോൾ നമ്മൾ അറിയാതെ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിടുമല്ലോ.
* അതിഖരങ്ങളിലും, ഘോഷങ്ങളിലും ഉള്ള ഊന്നൽ. ഇതു വളരെ പ്രധാനമാണ്; അതിഖരം ശുദ്ധമായി ഉച്ചരിക്കുന്നവൻ മോശക്കാരനാവാൻ വഴിയില്ല എന്നാണു പൊതുവെ നാട്ടുനടപ്പ്.
* താൻ പുകഴ്ത്തിപ്പറയുന്നത് സദസ്യരുടെ പൂർവ്വികരുടെ (ഉള്ളതോ, ഇല്ലാത്തതോ) ആയ കഴിവിനെയായതുകൊണ്ട് സദസ്സിനതു പിടിക്കും എന്ന തിരിച്ചറിവ്. സ്വന്തം അപ്പൂപ്പന്മാർ ബുദ്ധിരാക്ഷസൻ‌മാരായിരുന്നു എന്നു ഒരു സാറ് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാർക്കും ഒരു ഇഷ്ടം കാണുമല്ലോ.
* എല്ലാത്തിലും ഉപരിയായി, അപാരമായ ആത്മവിശ്വാസം. മുകളിലുള്ള കാര്യങ്ങളൊക്കെയുള്ളതുകൊണ്ട് ഇത്തിരി മണ്ടത്തരവും നുണയുമൊക്കെ പറഞ്ഞാലും ആരു ചോദ്യം ചെയ്യാൻ?

Saturday, November 7, 2009

നുറുങ്ങുകള്‍

1.

പ്രേമത്തിനും, കാമത്തിനും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ഞാന്‍ ഗുരുവിനോടുചോദിച്ചു.

"'ചക്കരേ' എന്ന വിളിയ്ക്കും, 'ചരക്കേ' എന്ന വിളിയ്ക്കും ഇടയിലുള്ള ഒരക്ഷരത്തിന്റെ ദൂരം." -- ഗുരു പറഞ്ഞു.


2.
ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നു‍. തിരക്കുള്ള കമ്പാര്‍‌ട്ട്മെന്റ്. മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു സീറ്റില്‍ സുന്ദരിയായ ഒരു യുവതി നടുക്കും, രണ്ടു യുവാക്കള്‍ ഇരുവശവും. പാതയിലുള്ള ഒരു തുരങ്കത്തിലേക്കു ട്രെയിന്‍ പ്രവേശിക്കുന്നു. പെട്ടെന്നു വിളക്കെല്ലാം കെട്ടു. അപ്പോള്‍ കമ്പാര്‍‌ട്ട്മെന്റില്‍ കേട്ട സംഭാഷണം:

(സ്ത്രീ ശബ്ദം): "തനിക്കൊന്നും അമ്മയും പെങ്ങളുമില്ലേടോ? എടുക്കടോ കൈ എന്റെ തുടയില്‍ നിന്ന്‌."

-അര സെക്കന്റിന്റെ നിശ്ശബ്ദത-

(വീണ്ടും സ്ത്രീശബ്ദം): "അയ്യോ ചേട്ടനോടല്ല കൈമാറ്റാന്‍ പറഞ്ഞത്. ഇങ്ങേ സൈഡിലിരിക്കുന്ന തെണ്ടിയോടാ."


 
[രണ്ടാം ലോകമഹായുദ്ധം. ഹിറ്റ്ലര്‍ പോളണ്ടിനെയും, ഫ്രാന്‍സിനെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ഇര ബ്രിട്ടന്‍. ഒരു വ്യോമയുദ്ധത്തിലൂടെ ബ്രിട്ടനെ അടിയറവുപറയിക്കാമെന്ന ഗ്യോറിങ്ങ്-ന്റെ വീമ്പിന്റെ പുറത്ത് ലണ്ടനുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രനാശം വിതയ്ക്കുന്നു ജര്‍മ്മന്‍ വായുസേന. ബോംബുവീണുവീണു അവസാനം ബ്രിട്ടീഷുകാര്‍‌ക്കതൊരു 'തഴമ്പാ'യി. സ്വതസ്സിദ്ധമായ ഹാസ്യം മാധ്യമങ്ങളിലൂടെയും പുറത്തുവരാന്‍ തുടങ്ങി. അക്കാലത്തു ബി ബി സി-യില്‍ വന്ന ഒരെണ്ണത്തിന്റെ മൊഴിമാറ്റം. ബ്ലാക് ഔട്ടിനെ തുരങ്കമാക്കി എന്നതുമാത്രം വ്യത്യാസം :-)]Wednesday, September 30, 2009

പകല്‍സമയം വികാരാധീനരാവുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രത്യേകിച്ചും, നിങ്ങള്‍ ഹിന്ദുക്കളാണെങ്കില്‍.

മുഖ്യ ഉപനിഷത്തുകളിലൊന്നായ പ്രശ്നഉപനിഷത്ത് ഇപ്രകാരം പറയുന്നു:

"Day and night are verily the Lord of all creatures. Day is surely his PraaNa and night is certainly his food. Those who indulge in passion in the day, waste away PraaNa. That they give way to passion at night is as good as celibacy." (Verse 1:13)

അര്‍‌ത്ഥം: ച്ചാല്‍, ദിനവും രാത്രിയും ചേര്‍‌ന്നവനാകുന്നു എല്ലാ പ്രാണികളുടെയും നാഥന്‍. ദിനം അവന്റെ പ്രാണന്‍; രാത്രി അവന്റെ ഭക്ഷണം. പകല്‍നേരത്ത് നേരമ്പോക്കില്‍ ഏര്‍‌പ്പെട്ട് നടക്കുന്നവര്‍ പ്രാണനെ വേസ്റ്റാക്കുന്നു. രാത്രികാലങ്ങളില്‍ മാത്രം കാര്യപരിപാടികള്‍ നടത്തുന്നവര്‍ ധീരേന്ദ്രബ്രഹ്മചാരിയെപ്പോലെ ഉരുക്കുമനുഷ്യരായിത്തീരുന്നു.

[ഞാന്‍ വല്ലപ്പോഴും വായിക്കാറുള്ള ഒരു മെയിലിങ്ങ് ലിസ്റ്റില്‍ കണ്ടത്. സദാചാരസംരക്ഷണാര്‍‌ത്ഥമായി ഇവിടെ കൊടുക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം എന്നീ പഴഞ്ചൊല്ലുകളും ഇതിനോടു ചേര്‍‌ത്തുവായിക്കുക.]

Wednesday, September 16, 2009

ഒരു ചുള്ളിക്കാടന്‍ സന്തോഷം

ഗൂഗ്‌ള്‍ റീഡറില്‍ ഇഞ്ചിപ്പെണ്ണു പങ്കുവച്ച ഇനങ്ങളില്‍ നിന്നാണ്‌ ഇന്നുരാവിലെ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ എത്തിയത്. അതീവമായ സന്തോഷം തോന്നി ആ ബ്ലോഗു കണ്ടപ്പോള്‍. ചുള്ളിക്കാടാണു ബ്ലോഗിനായി ആദ്യം ഉണ്ടായ കവി. പത്തുരൂപയ്ക്കു മുകളില്‍ തന്റെ പുസ്തകങ്ങള്‍ക്ക് വിലയിട്ടാല്‍ ദരിദ്രരായ വായനക്കാര്‍‌ക്ക് വാങ്ങാന്‍ കഴിയാതെവരും എന്നതുകൊണ്ട് വില പത്തുരൂപയില്‍ താഴെ ഒതുക്കണമെന്ന് പ്രസാധകരോടു ശാഠ്യം പിടിച്ചവന്‍. ഭരണകൂടം തരുന്ന അവാര്‍‌ഡുകള്‍ ചങ്ങലകളാണെന്നു തിരിച്ചറിഞ്ഞ് തന്നെ അവാര്‍‌ഡുകള്‍ക്കു പരിഗണിക്കരുതെന്നു കട്ടായം പറഞ്ഞവന്‍. അതെ, ജനകീയ കവി, മനസ്സുകൊണ്ട് ആദിബ്ലോഗുകവി. ഇപ്പോള്‍ ആ ബ്ലോഗിലൂടെ സങ്കല്പം യാഥാര്‍‌ത്ഥ്യമാകുന്നു.

ഇന്നു വീണ്ടും വായിക്കുമ്പോള്‍ ചില പഴയ ചുള്ളിക്കാടന്‍ കവിതകളില്‍ അനാവശ്യമായ ഒച്ചയും, ബഹളങ്ങളുമൊക്കെ തോന്നാറുണ്ട്. എങ്കിലും അവയെല്ലാം ആദ്യമായി വായിക്കുമ്പോള്‍ എന്റെ ചുവപ്പിന്‌ ചോര ചാറിയ നിറമായിരുന്നു; നീലയ്ക്ക് നീണ്ടമൗനത്തിലേക്കു കുഴഞ്ഞുവീഴുന്ന രാപ്പക്ഷികളുടെ ചിറകുകളുടെ നിറമായിരുന്നു; പച്ചയ്ക്ക് കുന്നിന്‍‌മുകളിലെ കാറ്റാടിമരങ്ങള്‍ പണിയുന്ന മഹാസേതുവിന്റെയും, വെള്ളയ്ക്ക് അന്ന പുറപ്പെട്ട ഹിമദൂരങ്ങളുടെയും നിറവും. ഇന്നീ ചാരനിറങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും അവയൊക്കെ ഓര്‍‌ക്കാന്‍ സുഖം.

കാര്യമെന്തൊക്കെയായാലും, ഇപ്പോള്‍ അധികം കവിതകളെഴുതുന്നില്ലെങ്കിലും, ചുള്ളിക്കാടു ചുള്ളിക്കാടല്ലേ? ആ പഴയ കവിതകള്‍ ജീവിതത്തില്‍ നിന്നും മാറ്റിയാല്‍ ഈ ജീവിതം വെറും പൂജ്യമല്ലേ?

Tuesday, August 25, 2009

വേനല്‍ക്കുറിപ്പുകള്‍

  • നൊസ്റ്റാല്‍ജിയ: മണിവീക്കം (hydrocele) കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണോ? കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ ഓരോ മുക്കിലും, ഓരോ ചുവരിലും മണിവീക്കചികിത്സകരുടെ പരസ്യങ്ങളായിരുന്നു. ഇത്തവണ ഇതുവരെ ഒന്നുപോലും കണ്ടില്ല.
  • the more things change: തുറമുഖനഗരത്തിലെ പേരുകേട്ട ആശുപത്രി. അവിടത്തെ പ്രധാനപ്പെട്ട ഡിപ്പാര്‍‌ട്ട്മെന്റുകളിലൊന്നില്‍ ചികിത്സയ്ക്കുവരുന്നവരെ കിടത്തുന്ന ഭാഗത്തെ ശീതളമായ മുറി. രാത്രി. ഏതോ വാഹനത്തിന്റെ നീണ്ട ഹോണടി കേട്ടു ഞെട്ടിയുണര്‍‌ന്ന ഞാന്‍. ലൈറ്റിട്ടപ്പോള്‍, അത്താഴസമയത്തു വാങ്ങിവച്ചിരുന്ന ബ്രെഡിന്റെ പായ്ക്കറ്റിനുചുറ്റും പാറ്റകള്‍, പാറ്റകള്‍, പാറ്റകള്‍...
  • എനിക്കു മനസ്സിലാകാത്തത്: പന്നിപ്പനി പേടിച്ച് സദാസമയവും മുഖം‌മൂടിയണിയുന്നവര്‍ ബൈക്കില്‍സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ വിസമ്മതിക്കുന്നത്. ചരമവാര്‍‌ത്തകളുടെ കോളങ്ങളില്‍ ബൈക്കപടങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം എന്നും കുറഞ്ഞത് മൂന്നോ നാലോ; പന്നിപ്പനി കൊന്നത് ഇതുവരെ ഒന്നോ രണ്ടോ...
  • സ്തുതി പാടുക നാം: റോഡരികിലെ ഒരു ചെറിയ വെയ്‌റ്റിങ്ങ് ഷെഡ്. പുതുതായി പണികഴിപ്പിച്ചത്. ഷെഡിന്റെ മേല്‍‌ക്കൂരയില്‍ ഷെഡിനേക്കാളും വലിയ അക്ഷരങ്ങളില്‍ അറിയിപ്പ്: "സ്ഥലം എം എല്‍എയുടെപേര് ന്റെവികസനഫണ്ടില്‍ നിന്നും പണം മുടക്കി സ്ഥാപിച്ചത്". തികച്ചും ഔദാര്യമതികളായ സ്ഥലം എം എല്‍ മാരെ എല്ലാവരും വാഴ്ത്തുവിന്‍.
  • വഴിയോരക്കാഴ്ചകള്‍: വഴിയരികില്‍ കണ്ട ബോര്‍ഡില്‍ കണ്ടത്: "കേന്ദ്രസര്‍‌ക്കാരിന്റെനയങ്ങളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് യുടെ നേതൃത്വത്തില്‍ ടെലിഫോണ്‍എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച്". ടെലിഫോണ്‍ എക്സ്‌ചേഞ്ച്???
  • സത്യമേവ: തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കില്‍ ബധിരനും മൂകനുമായ ഒരു വിദ്യാര്‍‌ത്ഥി റാഗ് ചെയ്യപ്പെടുന്നു. വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ദിനപത്രങ്ങളിലും ന്യൂസ് ചാനലുകളിലും എത്തുന്നു. നാട്ടുകാര്‍ ഞെട്ടുന്നു. എസ് എഫ് യൂണിറ്റ്‌ പ്രസിഡന്റ്‌ അനു അഹമ്മദ്‌ ഉള്‍പ്പെടെ ഏഴു പേരെസസ്‌പെന്‍ഡു ചെയ്യുന്നു; പോലീസ് അവരെ അറസ്റ്റുചെയ്യുന്നു. പക്ഷേ വാര്‍ത്ത പൂര്‍‌ണ്ണമാണോയെന്നസംശയം അത്തിക്കായയ്ക്കത്തെ മക്ഷിക കണക്കെ എല്ലാവരുടെ മനസ്സിലും മുരണ്ടുനടക്കുന്നു. വിശദമായ അന്വേഷണത്തിനുശേഷം നാട്ടിക എസ് എഫ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്നെത്തുന്നു: "ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അടിപിടിയാണ്‌ ഉണ്ടായത്". എല്ലാവരുടെ മനസ്സും സ്വസ്ഥമാകുന്നു. [ഇവിടെ]