Friday, January 23, 2009

ഒരു സരസ്വതിയും, കുറെ മുലകളും

മാര്‍ക്സിന്റെ വാക്കുകള്‍‍ കടമെടുത്താല്‍, ബൂലോഗത്തെ ഒരു ബൂതം പിടികൂടിയിരിക്കുന്നു - “സരസ്വതിയുടെ മുലകള്‍”. ചര്‍‌ച്ചകള്‍ ചൂടായിത്തന്നെ നടക്കട്ടെ. കാര്യങ്ങളിലേക്ക് ആഴത്തില്‍ ഊളിയിട്ട് വിമര്‍ശിക്കാനൊന്നും സമയമില്ലാത്ത ഒരുവന്റെ ഉപരിപ്ലവചിന്തകള്‍ ഇവിടെ:

ചിത്രകാരന്റെ ആ കുറിപ്പു ഞാനും വായിച്ചിരുന്നു. എനിക്കതില്‍ പ്രത്യേകിച്ച് തെറ്റൊന്നും തോന്നിയിരുന്നില്ല. ലൈംഗികമായി അടിച്ചമര്‍‌ന്നുകിടന്നിരുന്ന സ്കൂള്‍പ്രായത്തിലോ മറ്റോ ആയിരുന്നെങ്കില്‍ “മുല’ എന്നൊക്കെ ഇങ്ങനെ ഓപ്പണായിട്ടെഴുതിയതുവായിച്ചാല്‍ എന്തോ കാണരുതാത്തതുകണ്ടതിന്റെ ഇക്കിളിയെങ്കിലും കിട്ടിയേനേ. ഇപ്പോള്‍ “കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു” എന്ന നിലയിലായതിനാല്‍ ആ രസം പോലുമില്ല :-) ചിത്രകാരന്റെ തന്നെ ഇമേജറി കടമെടുത്താല്‍ അബ്രാഹ്മണര്‍ മാറുമറയ്ക്കാത്ത കാലത്തൊരുദിവസം ഒരായിരം അവര്‍‌ണ്ണനാരിമാരുടെ ഇടയില്‍പ്പെട്ടുപോയ ഒരു ബ്രാഹ്മണനെപ്പോലെയയിരുന്നു ഞാന്‍ - നിഷ്കാമന്‍, നിര്‍‌മ്മമന്‍, നിര്‍‌വികാരന്‍, നി‌ര്‍ഗ്ഗുണന്‍, ആകെ മൊത്തം ഒരു വിരസന്‍.

കുറച്ചെങ്കിലും എനിക്കു ചൊറിഞ്ഞുവന്നത് അതിലെ ന്യായഭംഗം(ലോജിക് ഇല്ലായ്മ) വായിച്ചപ്പോഴാണ്. നാലു കൈയുള്ള സരസ്വതിക്ക് നാലുമുല വേണമെന്ന് ചിത്രകാരന്‍ വാദിക്കുന്നു. കൈയും മുലയും തമ്മില്‍ ഇങ്ങനെയും ഒരു കണക്ഷനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. നാലു കാലും, പൂജ്യം കൈയുമുള്ള പന്നിക്ക് ഒരു മുലയും മുപ്പതകിടും, നാലു കാലുള്ള പശുവിന് 1:4, നാലു കാലുള്ള കുതിരയ്ക്ക് 1:2, ഇങ്ങനെയൊക്കെയാണു കണക്കുകള്‍ കാണുന്നത്.

ചിത്രകാരനോട് വിരസതയാണുതോന്നിയതെങ്കില്‍ കേസുകൊടുത്ത മാന്യനോട് ഒരുവാക്ക്, ഒരേയൊരുവാക്ക്: ഇനിയും ഇതുപോലെ കേസുകൊടുക്കാന്‍ സ്കോപ്പുള്ള, “തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും വായ്ക്കുന്ന” സംഗതികളുണ്ട് മലയാളസാഹിത്യത്തില്‍. ആറ്റൂര്‍ രവിവര്‍മ്മയുടെ “ഉദാത്തം” എന്ന കവിത നോക്കുക (വീണ്ടുമൊരു രവിവര്‍‌മ്മ!):
“നാല്പതു കഴിഞ്ഞപ്പോള്‍
പഞ്ചാരപ്പാല്പായസം പണ്ടേക്കാള്‍ മധുരിച്ചു

ചരക്കില്‍ പഞ്ചാരയുമരിയും പാലുംകൂടി
തിളച്ചുമറിയുമ്പോള്‍
തിടമ്പാല്‍ പൊക്കംവച്ച മസ്തകത്തിന്മേല്‍ ഞാലും
പൊന്‍‌തലേക്കെട്ടിന്‍ ചന്തം

ഇലതന്‍ നാക്കോളവും പരന്നീടുമ്പോള്‍
വലംകൈയ്ക്കുള്ളില്‍ മുലയുടെ മാര്‍ദ്ദവം വഴിയും‌പോല്‍
ചൊടിയും നാക്കും മൂക്കും തൊണ്ടയും കൈയും‌കൂടി
ഹ ഹ ഹ വെള്ളത്താടി!

ഗോപിമാരുടെ ചേലയഴിക്കും
ലോകകാമുകനുടെ ശുക്ലം
വേളിക്കു ചീട്ടാക്കുന്ന ചെറുപ്പക്കാര്‍ ത-
ന്നകത്തലയ്ക്കും പൈമ്പാലാഴി.” ...(അപൂര്‍‌ണ്ണം)

ഒന്നുരണ്ടുകേസിനുള്ളമരുന്ന് ഇതില്‍ത്തന്നെയുണ്ട്. ഇനി ആറ്റൂര്‍ രവിവര്‍മ്മ ബ്ലോഗെഴുതുന്നില്ലല്ലോ എന്നും പരിഭ്രമിക്കേണ്ട, ഇവിടെത്തന്നെ വേറൊരു വര്‍‌മ്മ കറങ്ങിനടക്കുന്നുണ്ട്. അയാള്‍ക്കെതിരെ കൊടുത്താലും മതി. അക്ഷരശ്ലോകഭീതി നിമിത്തം ഉറക്കമില്ലാതെവലയുന്ന ഒരുകൂട്ടം ജനങ്ങള്‍ എല്ലാവിധ സഹായങ്ങളും ആയതിലേക്കു ചെയ്തുതരികയും ചെയ്യും :-)

4 comments:

 1. ഗോപികമാരുടെ എന്നല്ലേ? ഇല്ലെങ്കില്‍ ഗേ ആണെന്ന് കരുതും. :)

  ReplyDelete
 2. അതു നന്നായി. അപ്പൊ അതിന്റെപേരിലും കേസുകൊടുക്കാന്‍ എന്തെങ്കിലുമൊക്കെ വകുപ്പു കാണാതിരിക്കില്ല :-) [ഗോപി എന്നുതന്നെയാണു പുസ്തകത്തില്‍ കണ്ടത്]

  ReplyDelete
 3. ഇതൊന്നും ആരും കാണുന്നില്ലേ? മൂര്‍ത്തിയും ഞാനും ഒഴിച്ച്?

  ReplyDelete
 4. ഹഹഹ,

  അതില്‍ നിന്നു് സ്വവര്‍ഗ്ഗാനുരാഗം കണ്ടുപിടിച്ച മൂര്‍ത്തിമാഷിനെ സ്തുതിച്ചു.

  :D

  ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌