Tuesday, January 27, 2009

ഒരു മാസാഇ ബ്ലോഗിങ്ങിനെപ്പറ്റി സംസാരിക്കുന്നു

മലയാളബ്ലോഗുകളില്‍ പുതുതായി ഒന്നുംതന്നെ വായിക്കാന്‍ രസമുള്ളതു കാണുന്നില്ല എന്ന് ചിലയിടങ്ങളില്‍ പരാതിയുയരുന്നു. പുതിയ മലയാളി ബ്ലോഗ/ബ്ലോഗിനികള്‍ പലരും ബ്ലോഗിങ്ങ് എന്ന ക്രിയയെ സീരിയസായിട്ട് എടുക്കുന്നില്ല എന്നാണു പലരുടെയും അഭിപ്രായം. എനിക്കും പൊതുവെ ഇതേ അഭിപ്രായമാണെങ്കിലും ഒരു നവബ്ലോഗര്‍ എന്ന നിലയില്‍ ഏറെ ആശയക്കുഴപ്പവുമുണ്ട്. പൊതുവെ വളിപ്പടി മാത്രം കൈയിലിരിപ്പുള്ള ഒരാളാണു ഞാന്‍; പക്ഷേ ബ്ലോഗിങ്ങില്‍ തുടരണമെന്നുണ്ട്; ആളുകള്‍ ഞാനെഴുതിയത് വായിക്കണമെന്നുണ്ട്; അപ്പോള്‍ സീരിയസ്സായേ തീരൂ താനും. ഇതികര്‍ത്തവ്യതാമൂഢത.

ഇന്നലെ വൈകിട്ട് ചായകുടിക്കാനിറങ്ങിയപ്പോഴാണ് ന്‍‌‌ഗയികഥാകോവിദനും പഴയ പരിചയക്കാരനുമായ ഒരു ഗ്രാമവൃദ്ധനെ കണ്ടുമുട്ടിയത്. എന്റെ ബ്ലോഗിങ്ങ് എങ്ങനെപോകുന്നു എന്ന വൃദ്ധാന്വേഷണത്തിനു മറുപടിയായി ഞാന്‍ ബൂലോകവിശേഷങ്ങള്‍ പറഞ്ഞു; കൂട്ടത്തില്‍ ഈ വിഷമകാണ്ഡവും. വൃദ്ധന്‍ അതെല്ലാം കേട്ടു മാസാഇ ഭാഷയില്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് അവരുടെ ഗോത്രം എങ്ങനെയാണ് ഇത്തരമൊരു വിഷമസന്ധിയെ നേരിട്ടതെന്നു വിവരിച്ചുതന്നു.

മലയാളത്തില്‍ ഏകദേശം 8 കൊല്ലം മുമ്പും, ഇന്റര്‍നെറ്റില്‍ 14-15 കൊല്ലം മുമ്പും തുടങ്ങിയ ഒരു പരിപാടിയായിരിക്കാം ആധുനികബ്ലോഗിങ്ങ്. എങ്കിലും, താന്‍സാനിയയിലെ മാസാഇ ഗോത്രക്കാര്‍ക്കിടയില്‍ പുരാതനകാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു ബ്ലോഗിങ്ങിന്. പഴയ ഗോത്രചരിത്രങ്ങളിലേക്ക് നൂണ്ടുകയറിയാല്‍ ബ്ലോഗിങ്ങിനെപ്പറ്റി തികച്ചും സമകാലികമായ ചിന്താഗതികളാണ് അവര്‍ വച്ചുപുലര്‍‌ത്തിയിരുന്നതെന്നു കാണാം. ഇന്നു ബൂലോഗത്തിലെങ്ങും കണ്ടുവരുന്ന അസ്തിത്വനൈരാശ്യങ്ങളും സന്ത്രാസങ്ങളുമെല്ലാം പതിനേഴാം നൂറ്റാണ്ടില്‍ മാസാഇകള്‍ അനുഭവിച്ച് ചണ്ടിയാക്കിക്കഴിഞ്ഞവയായിരുന്നെന്നറിഞ്ഞു ‍നാം അത്ഭുതപ്പെടുക.

ഒരുദാഹരണം തരാം: മദ്ധ്യകാലത്തില്‍ താന്‍സാനിയായില്‍ ജീവിച്ചിരുന്ന മഹാകവിയായ ഹേബേ ടുറും‌ബേ (1678 - 1720?) തന്റെ ഗോത്രത്തിന്റെ ആസ്ഥാനബ്ലോഗര്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ രക്ഷിതാവും, ഉപഗോത്രത്തലവനുമായിരുന്ന മ്‌കിടി മ്‌താനി ഒരിക്കല്‍ ടുറുംബേയോട് അശ്ലീലം, ചളം എന്നിവ നിര്‍‌ത്തി ഗദ്യകവിതകള്‍, മാജിക്കല്‍ റിയലിസ്റ്റിക് കഥകള്‍ എന്നിവ ബ്ലോഗാനാവശ്യപ്പെട്ടത്രേ. ടുറുംബേയുടെ മറുപടി ഇന്നും താന്‍സാനിയന്‍ ബ്ലോഗര്‍മാരുടെ ഇന്റര്‍നാഷണേല്‍ ആണ്. ടുറുംബേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പാടി (എഴുത്തില്ലാത്ത കാലമാണല്ലോ):
“മ്‌അ ക്‌‌ല്‍‌ടെ എഫ്ഫെന്ദി ടാലു് പിറി ഏ:ട്ല്
ക്‍ഗ്‌റാനാ ല്‌കെമേലേ ഓപ്‌ഹ് കികി
ബെലാഗ്‌ ത് ഇകേമേ റ്റിലിയായ് വിറേനി
താന്‍സേനി ക് ഇല്ലി ബെറ്‌ ഇവിയ്യ് ആലി
ലിഗുആബാ ക്‌‌ടെറെ മിള് പിക്തെനി വിടീല്
ഖിമിട് ല്‌ഇവ് പില്യ് ജിരേമെറ് യ് കിലി”

[“എഫ്ഫെന്ദി” എന്നാല്‍ സായിപ്പ്. “ല്‌കെമേല് “ എന്നാല്‍ “ചെറിയ കക്കൂസ് “എന്നും, “ബെഡ്‌പാന്‍“ എന്നും അര്‍ത്ഥമുണ്ട്‍. “ലിഗുആബാ” എന്നാല്‍ “ചിന്തകള്‍”. “ബെലാഗ്” എന്നാല്‍ “ബ്ലോഗ്” ആണെന്ന് പറയേണ്ടതില്ലല്ലോ.]

കവിതയുടെ ഏകദേശതര്‍‌ജ്ജമ:
“സായിപ്പ് ചിന്തയ്ക്കു കക്കൂസു തീര്‍‌ത്തൂ;
ബ്ലോഗെന്നു ഭൂമിയില്‍ കീര്‍‌ത്തിച്ചൂ.
നമ്മള്‍ മാസായികള്‍ താന്‍സാനിയക്കാര്‍
ബ്ലോഗുപണിതതിലാറാടുന്നൂ
പാട്ടുപാടിക്കൊണ്ടു പറ്റിക്കുന്നൂ ചിലര്‍;
മുക്കിയും മൂളിയും മറ്റു മാന്യര്‍.
ഒത്തിരിനേരമെടുത്തു ബ്ലോഗും ചിലര്‍;
ഓട്ടത്തില്‍ തീര്‍ക്കുന്നു മറ്റു ചിലര്‍.
കൂട്ടമായ് ചെയ്യുന്നു സന്‍‌സാരി ഗോത്രം;
ഒറ്റയ്ക്കു ചെയ്യുന്നു ബര്‍‌ബായികള്‍.
എങ്ങനെ ചെയ്താലും അന്തിമോത്പന്നം
ചിന്താ മലം; കമന്റാകെ ചളം
അങ്ങിനിച്ചൊല്ലുക ഗോത്രത്തിന്‍ മൂപ്പാ,
എന്തിനു ബ്ലോഗില്‍ ഞാന്‍ മുക്കേണ്ടൂ? ബ്ലോഗില്‍
എന്തിനീ ഞാനിപ്പോള്‍ യത്നിക്കേണ്ടൂ?”

[സന്‍‌സാരി, ബര്‍‌ബായി: മദ്ധ്യ കാലഘട്ടത്തില്‍ താന്‍സാനിയയിലുണ്ടായിരുന്ന മറ്റു രണ്ടു ഗോത്രങ്ങള്‍]

ഈ കവിത ആഡിയോ ബ്ലോഗായിക്കേട്ട മ്‌താനി ഉടനെ ടുറുംബേയെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുകയും, മാസാഇ ഗോത്രത്തില്‍ ഏതെങ്കിലുമൊരാള്‍ സീരിയസായിട്ട് ബ്ലോഗ് പോസ്റ്റുകള്‍ പാടിയാല്‍ ആയവനെ/ആയവളെ ന്‍‌ഗൊറൊങ്ഗോറോ പാതാളക്കുഴിയിലെ സിംഹങ്ങള്‍ക്കെറിഞ്ഞുകൊടുക്കാന്‍ കല്‍പ്പനയിടുകയും ചെയ്തുവത്രെ. പിന്നീടുള്ള 113 കൊല്ലം താന്‍സാനിയന്‍ ബ്ലോഗ്ഗിങ്ങിന്റെ സുവര്‍‌ണ്ണകാലമായിട്ടാണറിയപ്പെടുന്നതുപോലും.

പുരാതനതാന്‍‌സാനിയന്‍ ബ്ലോഗിങ്ങിനെപ്പറ്റി എനിക്കു വീണ്ടും പല സംശയങ്ങളുണ്ടായിരുന്നു. വീണ്ടും കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാമെന്ന് വൃദ്ധന്‍ സമ്മതിക്കുകയാല്‍ ഞങ്ങള്‍ തല്‍‌ക്കാലം പിരിഞ്ഞു.

No comments:

Post a Comment

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌