Tuesday, January 20, 2009

ഒബാമയും, ഞാനും

സത്യപ്രതിജ്ഞ ഓഫീസിലിരുന്നു തന്നെ കണ്ടു - ഇന്റര്‍നെറ്റിനു ഒരു നന്ദി കൂടി. തീര്‍ത്തും ഒബാമയ്ക്കെതിരായ (ഏകദേശം ഇതുപോലെ :)1) കുറേ സഹപ്രവര്‍ത്തകര്‍ വന്ന് ഒബാമാവിരുദ്ധകമന്റുകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും, ഞാനും എന്റെ സഹ-ഓഫീസ്‌മുറിയന്മാരുംകൂടി അവരെ തള്ളിപ്പുറത്താക്കി വാതില്‍ തഴുതിട്ടു.

ഒബാമയെപ്പറ്റി ഞാനാദ്യം വായിക്കുന്നത് കക്ഷി ഇല്ലിനോയ് സെനറ്റ് സീറ്റിലേക്കുമത്സരിക്കുന്ന സമയത്താണ്. അന്നൊരിക്കല്‍ ‘ന്യൂ യോര്‍ക്ക’റില്‍ ഒരു പ്രൊഫൈല്‍ വന്നിരുന്നു. അതുവായിച്ച് ഞാന്‍ അന്ന് അങ്ങേരുടെ ആരാധകന്‍ എന്നൊന്നും പറയാന്‍ വയ്യെങ്കിലും അഭ്യുദയകാംക്ഷിയായി. പ്രസ്തുത കാംക്ഷയുടെ അളവ് പലപ്പോഴും കൂടിയും (പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രചരണസമയത്ത് ഫിലഡെല്‍‌ഫിയയില്‍ നടത്തിയ ‘റേസ്’ പ്രസംഗം; ലോബിയിസ്റ്റുകള്‍‌ക്ക് തന്റെ ഭരണകൂടത്തില്‍ സ്ഥാനമൊന്നുമുണ്ടാവില്ലെന്ന പ്രസ്താവന), കുറഞ്ഞും (റിക്ക് വാറന് ഇന്നത്തെ ചടങ്ങില്‍ ഒരു പ്രധാനസ്ഥാനം നല്‍‌കിയത്; വലതുപക്ഷകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഫ്ലാഗ്‌പിന്‍ ധരിച്ചുതുടങ്ങിയത്) ഇരിക്കാറുണ്ടെങ്കിലും ഇന്നും ഞാന്‍ അഭ്യുദയകാംക്ഷി തന്നെ.

ഒബാമ എന്തെങ്കിലും ജാലവിദ്യകൊണ്ട് ലോകത്തിലെയും, അമേരിക്കയിലെയും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നുരാവിലെ വായിച്ച കമന്റ് തന്നെയാണെന്റെയും അഭിപ്രായം. എന്നാലും, പൂര്‍‌ണ്ണവാക്യങ്ങളില്‍ സംസാരിക്കാന്‍ കഴിവുള്ള ഒരാളാണല്ലോ ഈ രാജ്യം ഭരിക്കുന്നതോര്‍‌ക്കുമ്പോളുള്ള ഒരു സുഖം, അതവര്‍‌ണ്ണനീയം...

ഒബാമയ്ക്കു നല്ലതു വരട്ടെ.


1.ഒടുവില്‍ കിട്ടിയത്: ഇഞ്ചി ഈ വ്യാഖ്യാനത്തെ ശക്തമായി നിഷേധിക്കുന്നു. ഞാന്‍ ഇഞ്ചിയോടു അതിലും ശക്തമായി മാപ്പു ചോദിക്കുന്നു.

5 comments:

  1. എന്നെയങ്ങ് കൊല്ല്! ഒബാമയ്ക്കെതിരോ? പാവം ഒബാമയെ എല്ലാരും കൂടി ഒരു റോക്ക് സ്റ്റാര്‍ ആക്കുന്നതിലും അതില്‍ പകുതി പേര്‍ അദ്ദേഹത്തെ ലിങ്കണാ‍ക്കാന്‍ ശ്രമിക്കുന്നതിലും അതിലും പകുതി കെന്നഡിയാക്കാന്‍ ശ്രമിക്കുന്നതിലും സഹതപിച്ചാണ് അങ്ങിനെയൊരു പോസ്റ്റിട്ടത്. അതുമാത്രമല്ല, ഒബാമയുടെ തലയില്‍ എല്ലാവരും കൂടി ഇത്രയധികം എക്സ്പെക്റ്റേഷന്‍ വെക്കുന്നതിലായിരുന്നു ആ കുരിശും മുള്‍ക്കിരീടവും ഒക്കെ. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! അത് ഒബാമ്യ്ക്കെതിരെ എന്നു വായിച്ചെടുത്തത് എങ്ങിനെ? :(

    ReplyDelete
  2. അയ്യോ, അതിനങ്ങനെയും ഒരു അര്‍ത്ഥമുണ്ടായിരുന്നോ? ഇതൊക്കെ ഇഞ്ചി ആ പടത്തിന്റെ ചോട്ടിലൂടെ എഴുതിയിരുന്നെങ്കില്‍ വിവരദോഷിയായ ഈ മൂരിക്കും മനസ്സിലായേനേ :(

    സത്യത്തില്‍, ഇഞ്ചി ഒരു ഒബാമാവിരുദ്ധയാണെന്ന മുന്‍‌വിധി മനസ്സിലുണ്ടായിരുന്നതുകൊണ്ടാവൌം ഞാനതിനെ അങ്ങനെ വ്യാഖ്യാനിച്ചത് (“ഇഷ്ടാമില്ലാത്തിഞ്ചി തൊട്ടതെല്ലാം”). അതെന്റെ തെറ്റ്; അതിനു മാപ്പ്. “പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുക”.

    ReplyDelete
  3. അതിലെന്താണ് ഒബാമ വിരുദ്ധത കണ്ടതെന്ന് ദയവായി വ്യക്തമാക്കാമോ? എങ്ങിനെയാണ് അത് അങ്ങിനെ വായിച്ചെടുത്തെന്ന് അറിയാന്‍ താല്പര്യമുണ്ട്.

    ReplyDelete
  4. ഇത് നല്ല തമാശ. ഇതിനിടയില്‍ ഇങ്ങനെയൊന്ന് നടന്നതറിഞ്ഞില്ല.
    ഇഞ്ചിയുടെ ഈ കാര്‍ട്ടൂണ്‍ ഞാനപ്പോള്‍ ശരിക്കു തന്നെ മനസ്സിലാക്കി! ഒബാമയെ വളരെ ഇഷ്ടമാണെങ്കിലും (ഒരു നമ്മുടെ ആള്‍ എന്ന തോന്നല്‍) എല്ലാവരും കൂടെ പൊക്കി പൊക്കി അവസാനം “കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെയില്ലാതാക്കി” എന്നു പറഞ്ഞതു പോലെയാകുമോ എന്നും തോന്നിയിരുന്നു.

    ReplyDelete
  5. ഇഞ്ചീ, പൊതുവെ എനിക്കു വളരെ നെഗറ്റീവായ ഒരു ഫീലിങ് ആണ് ആ കാര്‍‌ട്ടൂണില്‍ നിന്നും കിട്ടിയത്. “ഇവനേതായാലും നന്നാവാന്‍ തോന്നുന്നില്ല” എന്നതു പോലെ. ചിലപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ ഇഞ്ചിയുടെ പേജില്‍ വന്നതും ഇങ്ങനെയൊരു പടം കണ്ടതുകൊണ്ടാകാം.

    “കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതായേക്കും” എന്നതാണ് എന്റെയും പേടി, പാഞ്ചാലീ.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌