Showing posts with label ഒബാമ. Show all posts
Showing posts with label ഒബാമ. Show all posts

Tuesday, January 20, 2009

ഒബാമയും, ഞാനും

സത്യപ്രതിജ്ഞ ഓഫീസിലിരുന്നു തന്നെ കണ്ടു - ഇന്റര്‍നെറ്റിനു ഒരു നന്ദി കൂടി. തീര്‍ത്തും ഒബാമയ്ക്കെതിരായ (ഏകദേശം ഇതുപോലെ :)1) കുറേ സഹപ്രവര്‍ത്തകര്‍ വന്ന് ഒബാമാവിരുദ്ധകമന്റുകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും, ഞാനും എന്റെ സഹ-ഓഫീസ്‌മുറിയന്മാരുംകൂടി അവരെ തള്ളിപ്പുറത്താക്കി വാതില്‍ തഴുതിട്ടു.

ഒബാമയെപ്പറ്റി ഞാനാദ്യം വായിക്കുന്നത് കക്ഷി ഇല്ലിനോയ് സെനറ്റ് സീറ്റിലേക്കുമത്സരിക്കുന്ന സമയത്താണ്. അന്നൊരിക്കല്‍ ‘ന്യൂ യോര്‍ക്ക’റില്‍ ഒരു പ്രൊഫൈല്‍ വന്നിരുന്നു. അതുവായിച്ച് ഞാന്‍ അന്ന് അങ്ങേരുടെ ആരാധകന്‍ എന്നൊന്നും പറയാന്‍ വയ്യെങ്കിലും അഭ്യുദയകാംക്ഷിയായി. പ്രസ്തുത കാംക്ഷയുടെ അളവ് പലപ്പോഴും കൂടിയും (പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രചരണസമയത്ത് ഫിലഡെല്‍‌ഫിയയില്‍ നടത്തിയ ‘റേസ്’ പ്രസംഗം; ലോബിയിസ്റ്റുകള്‍‌ക്ക് തന്റെ ഭരണകൂടത്തില്‍ സ്ഥാനമൊന്നുമുണ്ടാവില്ലെന്ന പ്രസ്താവന), കുറഞ്ഞും (റിക്ക് വാറന് ഇന്നത്തെ ചടങ്ങില്‍ ഒരു പ്രധാനസ്ഥാനം നല്‍‌കിയത്; വലതുപക്ഷകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഫ്ലാഗ്‌പിന്‍ ധരിച്ചുതുടങ്ങിയത്) ഇരിക്കാറുണ്ടെങ്കിലും ഇന്നും ഞാന്‍ അഭ്യുദയകാംക്ഷി തന്നെ.

ഒബാമ എന്തെങ്കിലും ജാലവിദ്യകൊണ്ട് ലോകത്തിലെയും, അമേരിക്കയിലെയും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നുരാവിലെ വായിച്ച ഈ കമന്റ് തന്നെയാണെന്റെയും അഭിപ്രായം. എന്നാലും, പൂര്‍‌ണ്ണവാക്യങ്ങളില്‍ സംസാരിക്കാന്‍ കഴിവുള്ള ഒരാളാണല്ലോ ഈ രാജ്യം ഭരിക്കുന്നതോര്‍‌ക്കുമ്പോളുള്ള ഒരു സുഖം, അതവര്‍‌ണ്ണനീയം...

ഒബാമയ്ക്കു നല്ലതു വരട്ടെ.


1.ഒടുവില്‍ കിട്ടിയത്: ഇഞ്ചി ഈ വ്യാഖ്യാനത്തെ ശക്തമായി നിഷേധിക്കുന്നു. ഞാന്‍ ഇഞ്ചിയോടു അതിലും ശക്തമായി മാപ്പു ചോദിക്കുന്നു.