Thursday, January 29, 2009

സീഡര്‍ മരങ്ങളില്‍ മഞ്ഞുപൊഴിയുമ്പോള്‍...

എന്റെ ഉള്ളില്‍ പൊഴിയുന്നത് തീമഴയാണ്. ഫോട്ടൊകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ട് മഞ്ഞില്ലാത്തിടത്തുള്ളവര്‍ ആനന്ദം കൊണ്ടു തുന്ദിലരായേക്കാം. ആ മഞ്ഞിലാസിനറിയുമോ ഈ മഞ്ഞിനുള്ളില്‍ പുതഞ്ഞുകിടക്കുന്നത് എന്റെ വീട്ടുമുറ്റവും, വഴിവക്കുമൊക്കെയാണെന്ന്. മഞ്ഞു വീഴ്ച നില്‍ക്കുമ്പോഴേക്കും ഒരു പഴയ ഷവലും കൊണ്ട് ഞാന്‍ കളരിപ്പയറ്റിനിറങ്ങുന്നു; മഞ്ഞുമാറ്റുന്നു; ഒരിക്കലുമിളക്കാത്ത പേശികള്‍ അതില്‍ പ്രതിഷേധിക്കുന്നു; രാത്രിയില്‍ അവയുടെ പരാതികളില്‍ ഞാന്‍ പിടഞ്ഞുറങ്ങുന്നു.

മഞ്ഞിനേക്കാളും എത്രയോ സെക്സിയാണു മഴ. ഇടവപ്പാതിയോടു കിടനില്‍ക്കില്ലെങ്കിലും ഇവിടുത്തെ മഴ പോലും സുന്ദരി. മഞ്ഞിന്റെകൂടെപ്പെയ്യുമ്പോള്‍ മാത്രം മൂശേട്ടസ്വഭാവം കാട്ടുന്നവള്‍.

വാല്‍:
മനോഹരമായ ഒരു നടക്കാത്ത സ്വപ്നമുണ്ടു മനസ്സില്‍: ഒരിക്കല്‍ ഫ്ലോറിഡയുടെ തെക്കന്‍ ഭാഗത്ത് (കീ വെസ്റ്റ്, എവര്‍ഗ്ലേഡ്സ്?) എവിടെയെങ്കിലും പോയി ഒരു കൊടുങ്കാറ്റു കൊള്ളുക; മഴയുടെ ഉഗ്രസൌന്ദര്യം നേരില്‍ക്കാണുക.

പണ്ടു വായിച്ച ഏതോ നോവലിലെ സംഭവം ഓര്‍‌മ്മ വരുന്നു: പുസ്തകത്തിലെ കാടനും, അരവട്ടനുമായ ഒരു കഥാപാത്രം കൊടുങ്കാറ്റനുഭവിക്കാന്‍ തീരുമാനിക്കുന്നു. ഒരു സുഹൃത്തിന്റെ സഹായത്താല്‍ കാറ്റിന്റെ വഴിയിലുള്ള ഒരു പാലത്തിന്റെ കൈവരിയില്‍ സ്വയം ബന്ധനസ്ഥനാകുന്നു. ബന്ധനസ്ഥനാകാന്‍ കാരണമുണ്ട്: കൊടുങ്കാറ്റ് ഉഗ്രരൂപിയാകുമ്പോള്‍ ഓടാന്‍ കഴിയുന്നവനൊക്കെ ഓടിപ്പോകുമത്രേ. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ അയാള്‍ സന്തോഷപാരമ്യത്തിലെത്തുന്നു.

അത്രയുമൊന്നുമില്ലെങ്കിലും, വിശ്വരൂപം ധരിക്കുന്ന കൊടുങ്കാറ്റില്‍‌നിന്നും ഓടി രക്ഷപ്പെടാനുള്ള ഒരു സന്ദര്‍ഭമെങ്കിലും... വെറുതെയീ മോഹങ്ങള്‍...

1 comment:

  1. മാണിക്കണ്ണാ
    ഉം ഉം കൊടുംങ്കാറ്റ് വേണമല്ലേ? ദാണ്ടെ പിടിച്ചോ.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌