Wednesday, January 21, 2009

ചോര തിളയ്ക്കണം

സൂരജ് കളിയാക്കിയേക്കാം, പക്ഷേ ഈ കാരവാന്‍ നൊസ്റ്റാല്‍ജിക്കായിത്തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു :)

ഒബാമയുടെ സത്യപ്രതിജ്ഞയെപ്പറ്റി ഓര്‍ത്തപ്പോള്‍ നാട്ടിലെ തെരഞ്ഞെടുപ്പുകളും, അവയില്‍ പണ്ടുകേട്ട മുദ്രാവാക്യങ്ങളില്‍ ചിലതും മനസ്സില്‍ വന്നു.

എനിക്കോര്‍മ്മയുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1977-ലേതാകണം; അടിയന്തിരാവസ്ഥയ്ക്കുശേഷമുണ്ടായത്. കേരളത്തില്‍ ഐക്യമുന്നണി (കോണ്‍ഗ്രസ്, ഐ യു എം എല്‍, സി പി ഐ) -യും ഇടതുമുന്നണി (സി പി എം, ജനതാ പാര്‍ട്ടി, എ ഐ എം എല്‍‍)-യും മുഖ്യ എതിരാളികള്‍. അന്നത്തെ ചില മുദ്രാവാക്യങ്ങള്‍:

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ” - കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം.

ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ” - ഇടതുമുന്നണിയുടെ മറുമുദ്രാവാക്യം.

തെരഞ്ഞെടുപ്പടുത്തതോടെ ജനങ്ങളുടെ “മൂഡ്” മനസ്സിലാക്കിയ ഇന്ദിരാഗാന്ധിയുടെ പല സഹനേതാക്കളും കൂടുവിട്ടുകൂടുമാറി ജനതാപാര്‍ട്ടിയില്‍ എത്തിയിരുന്നു. ഇവരില്‍ പ്രമുഖര്‍ ജഗ്‌ജീവന്‍ റാം, എച് എന്‍ ബഹുഗുണ, നന്ദിനി സത്പതി എന്നിവരായിരുന്നു. അതിനെപ്പറ്റി ഒരെണ്ണം ഇടതുമുന്നണിയുടെ വക:
ജഗജീവന്‍ പോയ് ജീവന്‍ പോയ്
ബഹുഗുണ പോയി ഗുണം പോയി
നന്ദിനി പോയീ നാണം പോയ്
ഇന്ദിരയാകെ മാറിപ്പോയ്
(“നാറിപ്പോയ്” എന്നൊരു പാഠഭേദവും കേട്ടിട്ടുണ്ട്)

പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ എതിരാളികള്‍ കോണ്‍ഗ്രസിലെ പി ഐ പൌലോസ്, സി പി എമ്മിലെ പി ആര്‍ ശിവന്‍ എന്നിവരായിരുന്നു.
പൌലോസ് പക്ഷം:
അരിവാളെന്തിനു പീയാറേ, അമ്മിണിയമ്മയ്ക്കു കൊയ്യാനോ?
ചുറ്റികയെന്തിനു പീയാറേ, നാടകക്കുറ്റി തറയ്ക്കാനോ?
നക്ഷത്രമെന്തിനു പീയാറേ വെട്ടംകാട്ടിക്കക്കാനോ?
[അമ്മിണിയമ്മ = അങ്ങേരുടെ ഭാര്യ; നാടകക്കുറ്റി - സ: ശിവന്‍ ഒരു നാടകനടന്‍ കൂടിയായിരുന്നു എന്നാണോര്‍‌മ്മ.]

ശിവന്‍ പക്ഷത്തിന്റെ വക:
പെരുമ്പാവൂറെമ്മെല്ലേയാം പീയൈ പൌലോസ് തെമ്മാടിക്ക്
കള്ളുവേണം, പെണ്ണുവേണം, കഞ്ചാവുവേണം” (ഭാവനയില്ലാത്ത ശപ്പന്‍‌മാര്‍!)

ഞങ്ങളുടെ നാട്ടിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ഒരു മാപ്പിളപ്പാട്ട്:
നഗരസഭയിലെ നാട്ടാരേ, മര്‍ദ്ദിതരാം തൊഴിലാളികളേ
ദുരിതം നിറഞ്ഞൊരീ നാടിന്റെയോര്‍‌മ്മയില്‍ മുങ്ങിയ നിങ്ങടെ കഥ പറയൂ.
വിയര്‍‌പ്പുകള്‍ നെന്‍‌മണിയാക്കീടുമ്പോള്‍
വെള്ളത്തിനും കരം നല്‍‌കാറുണ്ടോ‍?
വീടിനും, കുടിലിനും, ലാന്‍ഡിന്റെ സെസ്സിനും
വേറെവേറെ കരം നല്‍‌കാറുണ്ടോ?“ (ബാക്കി മറന്നുപോയി)

ഈ വക ഇനങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷ, മാറ്റം എന്നിവയുടെ ശുഷ്കത അനുഭവപ്പെടുന്നില്ലേ? :)

2 comments:

  1. വിവരങ്ങള്‍ക്ക് നന്ദി. ഇനിയും പോരട്ടെ...

    :)

    (സൂരജിനെ ഒക്കെ നമുക്ക് ഒതുക്കാം. )

    കുറച്ച് കൂടി കട്ടിയുള്ള പഴയ ചില മുദ്രാവാക്യങ്ങള്‍ ഇവിടെ ഉണ്ട്. ചുമ്മാ ഓര്‍മ്മ പുതുക്കാന്‍.

    ReplyDelete
  2. പ്രിയമൂര്‍ത്തീ, ആ ലിങ്കിലുള്ള സാധനം വായിച്ച് എന്റെ തല തരിച്ചുപോയി:) വിവരണം കഠിനകഠോരം. മുദ്രാവാക്യങ്ങള്‍ ബീഭത്സം.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌