Saturday, April 25, 2009

മാനിഫെസ്റ്റോ

["നാളെച്ചെയ്യേണ്ടത് ഇന്നുചെയ്യുവിന്‍, ഇന്നു ചെയ്യേണ്ടത് ഇപ്പോള്‍ത്തന്നെയും" എന്നര്‍‌ത്ഥം വരുന്ന കബീറിന്റെ ഒരു ദോഹ പണ്ട് ഹിന്ദി ടെക്സ്റ്റുപുസ്തകത്തിലുണ്ടായിരുന്നു. ഹിന്ദി ഞാന്‍ അന്നു നേരെചൊവ്വെ പഠിച്ചിരുന്നെങ്കില്‍ സമയത്തിന്‌ കൈപ്പള്ളിയുടെ ഗോംബീഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേനെ :-( ഒന്നുരണ്ടാഴ്ച കൊണ്ടെഴുതിത്തീര്‍‌ത്ത എന്റെ മാനിഫെസ്റ്റോ തയ്യാറായപ്പോഴേക്കും കൈപ്പള്ളിയുടെ ബ്ലോഗ് നിന്നിടത്ത് ഒരു പുതിയ അക്ഷരത്തെറ്റുപോലുമില്ലാതായി. ഏതായാലും എഴുതിയതല്ലേ എന്നു വിചാരിച്ച് ഇതിവിടെ തട്ടുന്നു. മാപ്പു തരിക.]


എന്താണു ദൈവം?

പ്രാകൃതമനുഷ്യന്‍ സ്വന്തം മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാന്‍ ഒരു അത്താണിയായും, തനിക്കു മനസ്സിലാകാത്ത പ്രതിഭാസങ്ങള്‍ക്ക് ഒരു വിശദീകരണമായും കണ്ടുപിടിച്ച ഒരു സങ്കല്പം; ഇന്നും നമ്മളില്‍ പലരും ഈ വിശ്വാസം തുടര്‍‌ന്നുവരുന്നു.

എന്താണു വിലമതിക്കാനാവാത്തത്?
മനസ്സമാധാനം. ഉറക്കെച്ചിരിക്കാനുള്ള അവസരങ്ങള്‍. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാനുള്ള സമയം, സൗകര്യം, ധനശേഷി.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
തീരെ പ്രാധാന്യമില്ലാത്തവ ആദ്യം പറയാം: എനിക്കു ദൈവത്തില്‍ വിശ്വാസമില്ല. മതങ്ങളോട് ചെറുതല്ലാത്ത ഇഷ്ടക്കേടുമുണ്ട്. പിന്നെ, കടമ, കുടുംബം, സ്വത്ത് എന്നിവയെപ്പറ്റി ആലോചിക്കുമ്പോള്‍ ഇവിടെ പ്ലാറ്റിറ്റ്യൂഡുകളില്‍ കുതിര്‍‌ന്ന ഉത്തരമാണ്‌ പ്രതീക്ഷിക്കുന്നതെന്നു തോന്നുന്നു. കടമ തന്നെ കുടുംബത്തോടുള്ളതും ആകാമല്ലോ. ഏതായാലും കുടുംബം ആദ്യം, സ്വത്ത് രണ്ടാമത്, കടമ പിന്നെ, ദൈവം അതുകഴിഞ്ഞിട്ട്, മതം അവസാനം എന്നിങ്ങനെയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക.

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
എനിക്കു മതവിശ്വാസമില്ല എന്നതുകൊണ്ടുമാത്രം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല എന്നെനിക്കില്ല. അതുപോലെ കുറച്ചാളുകള്‍ക്കു ജോലി പോകുമെന്നതിനാല്‍ ഫാക്ടറി പൊളിച്ചുകളഞ്ഞുകൂടാ എന്നുമില്ല; ചിലപ്പോള്‍ പരിസരമാകെ മലിനമാക്കുന്ന ഒരു ഫാക്ടറിയാണെങ്കിലോ? ഇനി, വംശനാശം വന്നുപോകാനിടയുള്ള മൃഗങ്ങളെയെല്ലാം എന്തുവിലകൊടുത്തും സം‌രക്ഷിക്കുന്നതിലര്‍‌ത്ഥമുണ്ടോ എന്നതും ചിന്തനീയമാണ്‌. കാലത്തിനൊത്തുമാറാത്ത സ്പീഷീസുകളുടെ വംശമറ്റുപോകുന്നത് പ്രകൃതിനിയമം. അതിനാല്‍ ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം മറ്റു പല വിശദാംശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ലെങ്കില്‍, എളുപ്പത്തിലും, ചെലവുകുറഞ്ഞും മാറ്റാവുന്നത് ഏതോ അതിനെ മാറ്റാന്‍ നിര്‍‌ദ്ദേശിക്കും; അതിന്‌ തക്കതായ നഷ്ടപരിഹാരവും കൊടുക്കും.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
അദ്ധ്യാപനവും, കുശിനിപ്പണിയും ഇഷ്ടമാണ്‌. കഴിവു കൂടുതലുള്ളത് അദ്ധ്യാപനത്തിലും, ഇഷ്ടം കൂടുതല്‍ അടുക്കളയോടും. പൊതുവെ ഒരു മടിയനായതിനാല്‍ അദ്ധ്യാപനമാവും തെരഞ്ഞെടുക്കുക എന്നു തോന്നുന്നു - പുതുതായി ഒരു സ്കില്‍ പഠിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു എന്നൊരു തോന്നലുള്ളതിനാല്‍.

ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
ഒറ്റയ്ക്കിരിക്കുക എന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്‌ (കൂട്ടുകാരുടെ കൂട്ടത്തിലിരിക്കുക എന്നതും, നമ്മളെ അറിയാത്ത നമ്മളെ ശ്രദ്ധിക്കാത്ത ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒറ്റയ്ക്കിരിക്കുന്നതും ഇതുപോലെ തന്നെ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍). ഇതിനുമുമ്പ് ആരൊക്കെയോ പറഞ്ഞതുപോലെ നമുക്കിഷ്ടമില്ലാത്ത, പൊതുവായ വിഷയങ്ങളൊന്നുമില്ലാത്ത ആളുകളുടെ കൂടെയിരിക്കുമ്പോഴാണ്‌ ഏറ്റവും ഏകാന്തത തോന്നാറ്‌.

താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
ചരിത്രം/പുരാവസ്തുശാസ്ത്രം(Archaeology). വയസ്സേറെച്ചെന്നപ്പോഴാണ്‌ പഴയ സംസ്ക്കാരങ്ങളെപറ്റി പഠിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന തോന്നല്‍ വന്നത്. പ്രത്യേകിച്ച്, എഴുതിവച്ച ചരിത്രങ്ങളൊന്നുമില്ലാതെ അപ്രത്യക്ഷരായ സിന്ധുനദീതടനിവാസികള്‍, പുരാതന ആര്യന്മാര്‍ എന്നിവരെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ട്. ഇങ്ങനെയൊരു തോന്നല്‍ എന്നില്‍ തുടങ്ങിയതുതന്നെ ഇവിടെ ബ്ലോഗുകളില്‍ സൂരജും, ഇന്‍ഡ്യാ ഹെരിറ്റേജും, അശോക് കര്‍‌ത്തായും മറ്റും നടത്തുന്ന ആശയസംഘട്ടനങ്ങളില്‍ നിന്നാണ്‌.

എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം?
സിനിമ ഉദാഹരണമായെടുത്താല്‍, ബലാത്സംഗരംഗങ്ങള്‍ കാണിക്കുന്നത് കുഴപ്പമില്ല, പക്ഷേ രണ്ടാളുകള്‍ (ആണും, പെണ്ണുമോ, അല്ലെങ്കില്‍ ഒരേ ഇനത്തില്‍‌പ്പെട്ട രണ്ടുപേരോ) പൂര്‍‌ണ്ണമനസ്സോടെ പരസ്പരം ചുംബിച്ചാല്‍ അതു കാണിക്കാന്‍ പാടില്ല.

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

എല്ലാവരെയും പോലെ, "ശാസ്ത്രജ്ഞനാവണ"മെന്നായിരുന്നു എന്റെയും ആഗ്രഹം. അതിനോടു സാദൃശ്യമുള്ള എന്തോ ആയി. പരാതികളൊട്ടുമില്ല. ഐ ഏ എസ്സുകാരനാവരുത് എന്നു കടുത്ത ആഗ്രഹമുണ്ടായിരുന്നു. അതായുമില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ജീവിതത്തോടു പരാതിയൊട്ടുമില്ല. കുട്ടിയായിരിക്കുമ്പോള്‍ ആഗ്രഹിച്ച ഉയരങ്ങളില്‍ എത്തി എന്നാണു തോന്നുന്നത്. വെര്‍‌ട്ടിഗോ ഉള്ളതിനാല്‍ ഇതില്‍ക്കൂടുതല്‍ ഉയരത്തിലേക്കു പോകണമെന്നും തോന്നാറില്ല ;-)

ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ?
സസ്യാഹാരിയാകുന്നതിനുമുമ്പ്, കപ്പയും മീനും ഒരുപാടിഷ്ടമായിരുന്നു. ഉരുളക്കിഴങ്ങുസാമ്പാര്‍, ഉള്ളിത്തീയല്‍, ഉള്ളി ചെറുതായി കീറി മെഴുക്കുപുരട്ടിയത്, തൈരിലോ വിനാഗിരിയിലോ ഇട്ട തക്കാളി-ഉള്ളി ഇതെല്ലാം എന്റെ പ്രിയ വിഭവങ്ങളാണ്‌. [പൊതുവെ ഭക്ഷണകാര്യത്തില്‍ ഉള്ളതുകൊണ്ട് ഓണം‌പോലെ എന്ന ചിന്താഗതിയാണെനിക്ക്. ഒന്നു രണ്ടു ചപ്പാത്തിയും, ഒരു പരിപ്പുകറിയുമാണെങ്കിലും ഞാന്‍ സംതൃപ്തന്‍.]
പാചകം ചെയ്യാന്‍ എനിക്കു വലിയ ഇഷ്ടമാണെങ്കിലും, അതിനുള്ള കഴിവില്ല എന്നുവേണം പറയാന്‍.

ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
ഒരു കൂട്ടത്തില്‍ എടുത്തുനില്‍ക്കാത്ത, കുറച്ചു പഴയ, ഭംഗിയെക്കാളും യൂട്ടിലിറ്റേറിയന്‍ വാല്യു കൂടുതലുള്ള ഒരു വണ്ടിയായിരിക്കും എന്റെ ഐഡിയല്‍ വാഹനം. പൊതുജനശ്രദ്ധ (limelight) ഇഷ്ടപ്പെടാത്ത ഒരാളാണു ഞാന്‍. ഞാനോടിക്കുന്ന വണ്ടിയെല്ലാം ഞാന്‍ ചളുക്കും. പഴയവണ്ടിയാണെങ്കില്‍ ചളുങ്ങുമ്പോഴുണ്ടാകുന്ന മനസ്താപം കുറവായിരിക്കും. ഒരു അമേരിക്കക്കാരനെപ്പോലെ ചിന്തിച്ചാല്‍ പിക് അപ് ട്രക്കുകളോ, സ്റ്റേഷന്‍ വാഗണുകളോ പോലെയെന്തെങ്കിലുമായിരിക്കും എനിക്കു പ്രിയമെന്നു തോന്നുന്നു. (ഇപ്പോള്‍ താമസിക്കുന്നയിടത്ത് നല്ല വണ്ടി വാങ്ങിയാല്‍ അതു വല്ലവരും കൊണ്ടുപോകുമെന്ന പ്രശ്നമുണ്ട്.)

കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു.
ആ പാട്ടിന്റെ മലയാളം കണ്ടുപിടിച്ചയാള്‍ ഒരു ജീനിയസ്സാണ്‌ എന്നതില്‍ കൂടുതല്‍ എനിക്കഭിപ്രായമൊന്നുമില്ല. എല്ലാ കാര്യത്തിനും നമ്മള്‍ അര്‍ത്ഥങ്ങളും കാരണങ്ങളും അന്വേഷിച്ചുപോകേണ്ടതില്ലല്ലോ.

ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
പലപ്പോഴും നോക്കിയിട്ടുണ്ട്. ഞാന്‍ പാചകം ചെയ്യുന്നതെന്തും എനിക്കിഷ്ടമാണ്‌. ഞാന്‍ പാചകം ചെയ്യുന്നതൊന്നും മ‌റ്റാര്‍ക്കും ഇഷ്ടപ്പെടാറുമില്ല :-)

ആകെ മൊത്തം 35 million മലയാളികള്‍ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെക്കള്‍ വ്യത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്?
മലയാളികള്‍ പൊതുവെ വളരെ അഡാപ്റ്റു ചെയ്യാന്‍ കഴിവുള്ള ഒരു കൂട്ടരായിട്ടാണ്‌ എന്റെ പൊതുവെയുള്ള അനുഭവം. മറ്റു പ്രവാസി സമൂഹങ്ങളെ അപേക്ഷിച്ച് മലയാളികള്‍ വളരെ നല്ലവരെന്നോ, തീരെ മോശമെന്നോ തോന്നിയിട്ടില്ല. മാവോയിസത്തെ പറ്റി നമുക്കുള്ള അറിവായിരിക്കണം മറ്റുള്ളവരില്‍നിന്നു നമ്മളെ പൊതുവെ വ്യത്യസ്തരാക്കുന്നത് ;-)

കെ. എസ്. ഗോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എടുക്കുന്നില്ല?
കടുത്ത കാമം വന്ന്, മൂങ്ങാക്കൂട്ടില്‍ ചാടിയതുപോലെ നടക്കുമ്പോള്‍ "ഒന്നു ചോറുണ്ടുകളയാം" എന്നല്ലല്ലോ നമ്മുടെ ചിന്താഭാരം പോകുന്നത്‌. കെ എസ്സും, അടൂരും പരസ്പരപൂരകങ്ങളായ രണ്ടു വിശപ്പുകളെ അടക്കുന്ന സൃഷ്ടികള്‍ നിര്‍‌മ്മിക്കുന്നു. അതാതിന്റെ സമയങ്ങളില്‍ അതാതിനാവശ്യം വരുന്നു.

ജീവിതം മൊത്തം കേരളത്തിൽ ജീവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?
പൊതുവെ സഹതാപം തോന്നും. അല്പത്തരങ്ങളെ സാധാരണ അവഗണിക്കുന്നതുപോലെ ഇതും അവഗണിക്കും.

മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
ഒരു ഭാഷയ്ക്കും വഷളാവാന്‍ സാധ്യമല്ല. സൗന്ദര്യം പോലെതന്നെ വഷളത്തരവും കാഴ്ചക്കാരന്റെ കണ്ണുകളിലാണല്ലോ. വളര്‍ച്ച രൂപാന്തരത്തെ സംഭവിപ്പിക്കുന്നു എന്നതിനാല്‍ എന്റെ ഉത്തരം വളര്‍ച്ച മൂലമുള്ള രൂപാന്തരം.

മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
വാങ്ങിയെങ്കിലും ഇനിയും വായിക്കാന്‍ സമയം കിട്ടിയിട്ടില്ലാത്ത കുറെ പുസ്തകങ്ങളുണ്ട് എന്റെ കയ്യില്‍. അതേതെങ്കിലും ഒരെണ്ണം. പിന്നെ ഇപ്പറഞ്ഞ ദ്വീപിലെ പക്ഷികളെപ്പറ്റിയുള്ള ഒരു പുസ്തകം (പക്ഷിനിരീക്ഷണം ഒരു ഹോബിയെന്ന നിലയില്‍ തുടങ്ങണമെന്നൊരാഗ്രഹം ഏറെ നാളായുണ്ട്).


നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.


1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.

ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും? എന്തുകൊണ്ട്?
മൂന്നും അമര്‍‌ത്തില്ല.

ഏകാധിപതികളെ തുരത്തേണ്ടത് അതതു രാജ്യത്തെ ജനങ്ങളാണ്‌. മാത്രവുമല്ല, ഏകാധിപതി ആയതുകൊണ്ടുമാത്രം ഒരാള്‍ മോശമാണെന്നു പറയാനും കഴിയില്ല. പിന്നെ, നല്ല ഏകാധിപതികളൊക്കെ നില്‍‌ക്കുകയും, ക്രൂരനമാരൊക്കെ ഇരിക്കുകയും കിടക്കുകയും ചെയ്യുമ്പോഴാണു ഞാന്‍ ബട്ടണ്‍ ഞെക്കുന്നതില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോവില്ലേ ("നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും")? ;-)

മനോരമ യൂണികോഡിലാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അതിന്റെ ഉടമസ്ഥരാണ്‌. ഏതായാലും, ഫ്രീ ആയിട്ട് ഈ സേവനം അവര്‍‌ക്കു നല്‍‌കുന്ന പ്രശ്നമില്ല.

ബ്ലോഗുകള്‍ ആളുകളുടെ സ്വകാര്യസമ്പത്താണ്‌. വല്ലവരുടെയും ബ്ലോഗ് ഡിലീറ്റ് ചെയ്യുന്നതിലൂടെ ഞാന്‍ ഒരു ഏകാധിപതി ആയിത്തീരും. ഇനിയുള്ള ചോദ്യക്കാരന്‍ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ നിന്ന നില്‍‌പ്പില്‍ മരിച്ചുവീഴുകയും ചെയ്യും ;-) എന്തിനു വെറുതെ...

ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
1. K. കരുണാകരൻ
2. EMS
3. AKG
4. സി. എച്ച്. മുഹമ്മദ്കോയ
5. മന്നത്ത് പത്മനാഭൻ
6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ
7. Dr. പല്പ്പു.
8. വെള്ളാപ്പള്ളി നടേശൻ
AKG

ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്?
രണ്ടാമത്തെ ചോദ്യത്തിലെ വിലമതിക്കാനാവാത്ത കുന്ത്രാണ്ടം ഇഷ്ടം പോലെ കൈവശമുള്ളയാള്‍.

നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
1. ഒരു പാവം
2. കൊച്ചു ഗള്ളൻ
3. പുലി
4. പാമ്പ്
5. തമാശക്കാരൻ
6. തണ്ണിച്ചായൻ
7. കുൾസ്
8. പൊടിയൻ
9. തടിയൻ
ഈ ലിസ്റ്റില്‍ എന്റെ ഉത്തരം "ഒരു പാവം". ["താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമം", "രാമാജനാനാം നീരില്‍ത്താര്‍‌ബാണന്‍", "വൈരാകരനികരതമോമണ്ഡലീചണ്ഡഭാനു" എന്നൊക്കെ എന്നെപ്പറ്റി ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറയുന്നതു കേട്ടിട്ടുണ്ട് ;-)]

നിങ്ങൾ പ്രധാനമന്ത്രിയാകുന്നു. എന്തു ചെയ്യും?
കുറെക്കൂടി ഫെഡറല്‍ സ്വഭാവമുള്ള ഒരു രാഷ്ട്രം/ഭരണഘടന സൃഷ്ടിക്കാന്‍ കഴിയുന്നതു ശ്രമിക്കും. മതത്തെ ഭരണത്തില്‍ നിന്നകറ്റാന്‍ കഴിവതും ശ്രമിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സം‌രക്ഷണം നല്‍കുന്ന നിയമങ്ങള്‍ ഉണ്ടാക്കും. ജൈവകൃഷിയ്ക്ക് ഗവണ്‍‌മെന്റില്‍നിന്നും കഴിയുന്നത്ര സഹായം നല്‍കും. സായുധസേനകള്‍ ഇത്രയും ആവശ്യമുണ്ടോ എന്നതിനെപ്പറ്റി ആലോചിക്കും; കഴിയുന്നത്ര വെട്ടിച്ചുരുക്കും.

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു. എന്തു ചെയ്യും?
നഞ്ചെന്തിനു നാനാഴി എന്നാണല്ലോ. എന്റെ അവശേഷിച്ച ആഗ്രഹങ്ങളൊക്കെ സാധിക്കാന്‍ എങ്ങനെയൊക്കെ വലിച്ചാലും $10 million മതിയാകും (റിട്ടയര്‍ ചെയ്യുക; കുറച്ചു പുസ്തകങ്ങള്‍ വാങ്ങി വായിക്കുക; ലിസ്റ്റിലുള്ള കുറച്ചു സ്ഥലങ്ങള്‍ കാണുക എന്നിവയാണ്‌ ആഗ്രഹങ്ങള്‍). ബന്ധുമിത്രാദികള്‍ക്ക് കുറെ പണം കൊടുക്കും. "ഗ്രീന്‍‌പീസി"നും, "ആം‌നസ്റ്റി ഇന്റര്‍‌നാഷണലി"നും, അമേരിക്കയിലെ എ സി എല്‍ യു, ഇ എഫ് എഫ് എന്നീ സംഘടനകള്‍‌ക്കും‍, ഇവിടത്തെ കലാമണ്ഡലത്തിനും കൊടുക്കും കുറെ. പിന്നെ, നാട്ടില്‍ പരിസ്ഥിതി, അനാഥസം‌രക്ഷണം, വിദ്യാഭ്യാസം എന്നിവകളില്‍ മതവുമായോ, രാഷ്ട്രീയപ്പാര്‍‌ട്ടികളുമായോ ബന്ധമില്ലാത്ത സന്നദ്ധസംഘടനകള്‍‌ക്കും, സമാനപ്രസ്ഥാനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കും.

നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
"വൃക്ഷാസ്ഥികള്‍ തളിര്‍‌ക്കും ഹരിതാഗ്നിജ്വാലകള്‍", അപരാഹ്നം വീണുകിടക്കുന്ന പറമ്പ്, അയല്‍‌പക്കകാരുടെ വീടുകള്‍.

ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
ഓടിനടന്നു വായിക്കുന്നതുകൊണ്ട് അവസാനം വായിച്ചതേതെന്ന് ഓര്‍‌മ്മയില്ല. ശ്രദ്ധാപൂര്‍‌വ്വം പിന്തുടര്‍‌ന്നത് മലയാളഭാഷയെപ്പറ്റിയുള്ള ലേഖനങ്ങളാകണം (വെള്ളെഴുത്ത്, ഇഞ്ചിപ്പെണ്ണ്, മാണിക്യം).

കവിതകൾ വൃത്തത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം?
ഫോര്‍‌മല്‍ ആയ ഒരു വൃത്തബന്ധമൊന്നുമില്ലെങ്കിലും, താളമുള്ള കവിതകളാണിഷ്ടം. അടുത്തിടയ്ക്കു വായിച്ചവയില്‍ മധുസൂദനന്‍ പേരടിയുടെ "ഭ്രമരം" എന്ന ബ്ലോഗിലെ കവിതകള്‍ ഇഷ്ടപ്പെട്ടവയാണ്‌.

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും?
ബ്ലോഗെഴുത്തുകാരെക്കാള്‍ കമന്റെഴുത്തുകാരുമായാണ്‌ എനിക്കു കൂടുതല്‍ ആത്മബന്ധം തോന്നാറ്‌. ബ്ലോഗെഴുതുന്നവന്റെ മോണോലോഗിനെ ഒരു ഡയലോഗാക്കിമാറ്റുന്നത് കമന്റെഴുതുന്നവരാണ്‌. ഉരുളയ്ക്കുപ്പേരി മാതിരി പറയാനറിയുന്നവര്‍‌ക്കേ നല്ല കമന്റുകളെഴുതാന്‍ കഴിയൂ. നല്ല കമന്റുകളില്ലാത്ത ഒരു നല്ല പോസ്റ്റിനെക്കാളും, നല്ല കമന്റുകളുള്ള ഒരു ചീത്ത പോസ്റ്റാണുമെച്ചം എന്നാണെന്റെ വിശ്വാസം. എന്റെ പ്രിയപ്പെട്ട കമന്റര്‍‌മാര്‍ ഏതുകൂട്ടത്തിലാണോ കൂടുതല്‍ പേരുള്ളത്, ആ കൂട്ടത്തില്‍ ഞാനും കൂടും. കാരണം അവിടെയാവും സരസസംഭാഷണം കൂടുതല്‍ ഉണ്ടാവുന്നത്.

ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
മിഥോളജി/മതം എന്നിവ ഉള്‍പ്പെടുത്തിയാല്‍ യേശു. ഞാന്‍ കൃസ്ത്യാനിയല്ല; മതവിശ്വാസിയല്ല; യേശു എന്നൊരാള്‍ ജീവിച്ചിരുന്നോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുള്ളയാളുമാണ്‌. എങ്കിലും, ചാട്ടവാറുമായി ദേവാലയത്തില്‍ പ്രവേശിച്ചവനും, "പാപം ചെയ്യാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ" എന്നു പറഞ്ഞ് ഒരു പാവം വേശ്യയെ സം‌രക്ഷിച്ചവനുമായ ആ യേശുവാണ്‌ ഞാന്‍ മതഗ്രന്ഥങ്ങളില്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും ശ്രേഷ്ഠന്‍.

കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
ആദ്യം "കീമാന്‍" ഉപയോഗിച്ചുനോക്കി. എനിക്കു വലുതായി ഇഷ്ടപ്പെട്ടില്ല. "വരമൊഴി" എന്തോ എന്റെ കമ്പ്യൂട്ടറില്‍ ശരിക്കോടുന്നില്ല. പിന്നെ മൊഴി ഓഫ്‌ലൈന്‍ എന്നെ വന്നു, കണ്ടു, കീഴടക്കി (പെരിങ്ങോടന്‌ ഒരുപാടു നന്ദി). ബ്ലോഗ് പോസ്റ്റുകളിടാന്‍ ‌‌മൊഴിയുടെകൂടി \സോഹോ ഉപയോഗിക്കുന്നു.

ചോദ്യത്തിലില്ലാത്തതാണെങ്കിലും, ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ കണ്ടെത്താന്‍ ഗൂഗ്‌ള്‍ റീഡര്‍, മറുമൊഴികള്‍ എന്നിവയാണാശ്രയിക്കുന്നത്.

താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗുകളുടെ പേരു പറയുക. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിശദമാക്കുക.
സ്ഥിരം എല്ലാവരും പറയുന്ന മേജര്‍ സെറ്റ് ബ്ലോഗേഴ്സിനെയൊക്കെ എനിക്കും വളരെ ഇഷ്ടമാണ്‌. അതു കൂടാതെ ആര്‍‌പ്പേയ്/പാഞ്ചാലി, ദലാല്‍/ആത്മഗതാഗതം, ഉണ്ണി/ഒഴുക്കിനൊപ്പം എന്നീ ബ്ലോഗുകളും. ഇവരൊക്കെ എഴുതുന്നത് എനിക്കു കൂടുതല്‍ മനസ്സിലാകുന്നതുകൊണ്ടാവാം ഇഷ്ടപ്പെടുന്നത് :-)

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷണിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

1. ഇന്ദിര ഗാന്ധി
2. K.J. Yesudas
3. കാട്ടുകള്ളൻ വീരപ്പൻ
4. മാമുക്കോയ
5. കൊച്ചുത്രേസ്യ
6. അടൂർ ഭാസി
7. Amjad Khan
8. Pres. Ahmedinijad
9. Mother Theresa
10. Khalil Gibran
11. Yasser Arafat
12. കുറുമാൻ
13. കലാഭവൻ മണി
14. സ്റ്റീവ് മൿ-കറി
15. Charles Dickens
16. Kuldip Nayar
17. Arundhati Roy
18. Charlie Chaplin
19. R.K. Lakshman (cartoonist)
20. ഇഞ്ചിപ്പെണ്ണു്
സംശയിക്കാനൊന്നുമില്ല, ഇഞ്ചിയേയും, കൊച്ചുത്രേസ്യയേയും. മുട്ടയൊഴികെയുള്ള സാധനങ്ങള്‍ പാചകം ചെയ്യുന്നതില്‍ ഞാനൊരു ആനമുട്ടയായതിനാല്‍ ഞങ്ങള്‍ മൂന്നുപേരും കൂടി ഒരു റെസ്റ്റാറന്റില്‍ പോകും. എന്റെ അതിഥികളുടെ ശരിയായ സ്വഭാവം അവരുടെ ബ്ലോഗ് സ്വഭാവം പോലെ തന്നെയാണെങ്കില്‍ ഞാനായിട്ട് ഒന്നും ചോദിക്കേണ്ടി വരില്ല. അവര്‍ രണ്ടുപേരും കലപിലാ പറഞ്ഞോളും; ഞാനവരുടെ സംഭാഷണം രസത്തോടെ കേട്ട് ഭക്ഷണവും ആസ്വദിച്ചിരിക്കും.

3 comments:

  1. ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്?

    ഇതിന്റെ ഉത്തരത്തിന്റെ അടിയില്‍ എന്റേയും ഒപ്പ്

    ReplyDelete
  2. പറയാന്‍ വിട്ടു,
    എന്റെ ഉത്തരം സാര്‍ത്ര്
    http://en.wikipedia.org/wiki/Jean-Paul_Sartre

    ;)

    ReplyDelete
  3. അങ്ങേര്‍ കല്യാണം കഴിക്കാതെ ലവരുടെ കൂടെ പൊറുത്തതുകൊണ്ടാണോ? ;-)
    ഓടോ: ശ്രീഹരി പേരുമാറ്റിയോ? വേറെ എവിടെയോ കമന്റുവായിച്ച് ഇതാരാ ഈ കാല്‍‌വിന്‍ എന്നു ഞാന്‍ കുറച്ചുനേരം അമ്പരന്നു.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌