Thursday, April 30, 2009

നന്ദിയാരോടു ഞാന്‍ ചൊല്ലിടേണ്ടൂ

[കമന്റുകളിടുന്നവര്‍ക്കു നന്ദി പറയണമോ എന്നത് ഒരു നവബ്ലോഗ്ഗറായ എന്നെ സംബന്ധിച്ചിടത്തോളം കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു. ഇരുത്തം വന്ന ബ്ലോഗര്‍‌മാരുടെ ഇടയില്‍ത്തന്നെ എല്ലാ കമന്റിനും നന്ദി പറയുന്നവരും, ഒരു കമന്റിനും നന്ദി പറയാത്തവരുമുണ്ട്. കൂടുതലിതിനെപ്പറ്റി ആലോചിച്ചപ്പോള്‍ എനിക്കു എനിക്കു ബോദ്ധ്യപ്പെട്ട ചില കാര്യങ്ങള്‍ താഴെ.]

"കമന്റുകള്‍ക്ക് നന്ദി പറയണമോ" എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ പോസ്റ്റിടല്‍ എന്ന പ്രവര്‍‌ത്തിയെ ഒരു ബ്ലോഗര്‍ എങ്ങനെ കാണുന്നു എന്നു കണ്ടുപിടിക്കണം. മാനേജുമെന്റുശാസ്ത്രത്തില്‍ തിയറി എക്സും, തിയറി വൈയും ഉള്ളതുപോലെ മലയാളം ബ്ലോഗിങ്ങിലും പ്രധാനമായും രണ്ടു പ്രമാണങ്ങളുള്ളതായാണ്‌ എനിക്കു മനസ്സിലായത്. സൂചിപ്പിക്കാനെളുപ്പത്തിന്‌ നമുക്കിവയെ ക്ക പ്രമാണം, ട്ട പ്രമാണം എന്നിങ്ങനെ വിളിക്കാം.

ബ്ലോഗ്ഗിങ്ങിലെ ക്ക പ്രമാണം: ഈ പ്രമാണമനുസരിച്ച്, ബ്ലോഗിങ്ങ് ബുദ്ധികൊണ്ടുള്ള ഒരു പാചകക്രിയയാണ്‌. ഒരു ബ്ലോഗര്‍ തനിക്കിഷ്ടം തോന്നുന്ന ഒരു വിഭവം പാചകം ചെയ്യുന്നതുപോലെ തന്നെയാണ്‌ ഒരു പോസ്റ്റിടുന്നതും. പാചകത്തിലെന്നപോലെ, പോസ്റ്റിനാവശ്യമുള്ള സാമഗ്രികള്‍ സംഭരിക്കുന്നു ആദ്യം. പിന്നീട് പോസ്റ്റിടാനുള്ള ഒരു ചൂടു കിട്ടുമ്പോള്‍ ടി സാമഗ്രികളും, മസാലക്കൂട്ട് മുതലായവയും ചേര്‍‌ത്ത് പോസ്റ്റിനെ വേവിച്ചെടുക്കുന്നു. (വേവിക്കാത്ത ചില പോസ്റ്റുകള്‍ സലാഡുപോലെ വെറുതെ കുലുക്കി/ഇളക്കി മിക്സുചെയ്തെടുക്കുന്നതുമാകാം). ഈ പോസ്റ്റിന്റെ/വിഭവത്തിന്റെ വാസന അടിച്ച് വായനക്കാരെത്തുന്നു. വിഭവം രസിച്ചവര്‍ പാചകക്കാരന്‌/കാരിക്ക് നന്ദി പറയുന്നു. തന്റെ സൃഷ്ടി ആരെങ്കിലും കഴിക്കുന്നതാണ്‌ അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ആസ്വാദനം എന്നറിയാവുന്ന പാചകക്കാരന്‍/കാരി ഈ വായനക്കാര്‍ക്ക് നന്ദി പറയുന്നു.

ചുരുക്കത്തില്‍, ക്ക പ്രമാണമനുസരിച്ച് എഴുതപ്പെടുന്ന പോസ്റ്റുകളില്‍ കമന്റിട്ടാല്‍ നന്ദി പ്രതീക്ഷിക്കാം.

ബ്ലോഗ്ഗിങ്ങിലെ ട്ട പ്രമാണം: ഈ പ്രമാണമനുസരിച്ച് ബ്ലോഗുചെയ്യുന്നവര്‍, ബ്ലോഗിങ്ങ് ബൗദ്ധികമായ ഒരു അപ്പിയിടലാണെന്നു വിശ്വസിക്കുന്നു. ഇത്തരം ബ്ലോഗര്‍‌മാര്‍ പലയിടത്തും പോയി പലതും വായിച്ചു തലയും ബുദ്ധിയും നിറയ്ക്കുന്നു. ഒരു പാടുനിറയുമ്പോഴുള്ള അസ്കിത മാറ്റുവാന്‍ സ്ഥലമന്വേഷിച്ച് ബ്ലോഗിന്റെ മലമ്പാതയോരങ്ങള്‍ തേടുന്നു. ബ്ലോഗിങ്ങ് എന്ന ക്രിയ തന്നെ ഇത്തരക്കാര്‍‌ക്ക് വര്‍ണ്ണനാതീതമായ ആശ്വാസം പകരുന്നു, മനസ്സില്‍ നിന്ന് ഒരു ഭാരം ഇറക്കിവച്ചതുപോലെ. ബ്ലോഗ് മലമ്പാതകളിലൂടെ കാല്‍നടയായും മറ്റും സഞ്ചരിക്കുന്ന വനവാസികളും, ട്രെക്കര്‍‌മാരും, മലകയറ്റക്കാരും, മറ്റുതരം അന്വേഷികളും പോസ്റ്റിനെപ്പറ്റി വാസന മൂലം അറിയുന്നു. ജിജ്ഞാസുക്കളായ ചിലര്‍ പ്രശ്നം എന്താണെന്നറിയാന്‍ വന്നുനോക്കുന്നു. ഏതുതരം വിചിത്ര മൃഗമാണ്‌ ഈ പരിപാടി കഴിച്ചതെന്ന കൗതുകവുമായി അവര്‍ നടന്നുനീങ്ങുന്നു. അവരില്‍ ചിലര്‍ "രാമനാഥന്‍ ഇവിടെ വന്നിരുന്നു 3-3-2008" എന്ന രീതിയില്‍ എന്തെങ്കിലുമൊക്കെ അതിനടുത്ത് എഴുതിവച്ചേക്കാം; പക്ഷേ പോസ്റ്റിട്ടയാള്‍ അവിടെനിന്നും "അതിവേഗം ബഹുദൂരം" പോയിക്കഴിഞ്ഞിരിക്കുന്നതിനാല്‍ നന്ദിവചനങ്ങള്‍ പ്രതീക്ഷിച്ച് എഴുതുന്നവര്‍ നിരാശപ്പെടാനേ വഴിയുള്ളൂ.

ചുരുക്കത്തില്‍, ട്ട പ്രമാണക്കാര്‍ കമന്റിനു നന്ദി പറയുന്നതല്ല.


ഇനി, പോസ്റ്റുകള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുക അതിട്ടയാള്‍ ക്ക പ്രമാണക്കാരനോ, ട്ട പ്രമാണക്കാരനോ എന്ന്. ഞാനാണെങ്കില്‍, ഇന്നത്തോടെ ട്ട പ്രമാണക്കാരനായി മാറിയിരിക്കുന്നു.

[അടുത്തയാഴ്ച: മറുമൊഴികളില്‍ വരാന്‍ ആദ്യത്തെ കമന്റിടുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം]

3 comments:

  1. ആദ്യമായി- പോസ്റ്റിനു നന്ദി.... ;)
    രണ്ടാമത്- "ട്ട" മനഃശ്ശാസ്ത്രം കറക്ട്... :)

    മൂന്നാമത് ആദ്യാമായി ബ്ലോഗ് തുടങ്ങിയ സമയത്ത് എനിക്ക് പിന്മൊഴി, മറുമൊഴി പരിപാടികള്‍ അറിയില്ലാരുന്നു... പക്ഷെ വായിക്കുന്ന ബ്ലോഗില്‍ എല്ലാം ആദ്യത്തെ കമന്റ് എഴുത്തുകാരന്റെ വക. ഇതെന്തോ ആചാരമാണെന്ന് കരുതി ഞാനും അത് പിന്തുടരാന്‍ തുടങ്ങി. അതിന്റെ ഗുട്ടന്‍സ് മനസിലാവാന്‍ മാസങ്ങള്‍ എടുത്തു :)

    അന്ധവിശ്വാസങ്ങള്‍ ഉണ്ടാവുന്നതിങ്ങനെ ;)

    ReplyDelete
  2. നിങ്ങള്‍ ട്ട ആണോ ക്ക ആണോ?

    ReplyDelete
  3. കമന്റുകൾക്കു് നന്ദി പറയുന്നത് പോസ്റ്റെഴുതുന്ന ആളെസംബന്ധിച്ചിടത്തോളം ക്രമേണ ഒരു ബാദ്ധ്യതയായി മാറാം. പോസ്റ്റെഴുതുന്നയാൾ ആകാവുന്നത്ര സംഭരിച്ചുവെക്കേണ്ട സർവ്വതന്ത്രസ്വാതന്ത്ര്യം കുറേശ്ശെ ഇല്ലാതാവാൻ അത്തരം ഒരു ബാദ്ധ്യതയും മുന്നൊരുക്കവും വഴിവെച്ചെന്നുവരാം.

    പോസ്റ്റ് എഴുതുന്നതോടെ ബ്ലോഗുകാരന്റെ പ്രധാനകർമ്മം നിർവ്വഹിക്കപ്പെട്ടുകഴിഞ്ഞു. അതിനുശേഷം ആ പോസ്റ്റിനുവരുന്ന കമന്റുകൾ, തത്വത്തിൽ, പോസ്റ്റിന്റെ തന്നെ അനുബന്ധമോ ശസ്ത്രക്രിയയോ ആയിരിക്കണം. അത്തരം ഒരു പോസ്റ്റിന്റേയും ഉപദംശമായി വരുന്ന കമന്റുകളുടേയും ഒരുമിച്ചുള്ള വായനയാവണം ശരിക്കും ശീലമായി വരേണ്ടതു്.

    നിലവാരമുള്ള ഒരു പോസ്റ്റിന്റെ വായനാംശമായിത്തീരാൻ അതിന്റെ കമന്റുകൾക്കും അതേ മികവു പുലർത്തുക എന്ന ഉത്തരവാദിത്തമുണ്ടു്. അങ്ങനെ അനുപൂരകമല്ലാത്ത കമന്റുകൾ (അവ എത്ര തന്നെ നല്ലതോ ചീത്തയോ ആയാലും) പോസ്റ്റെഴുതിയ ആളെ സംബന്ധിച്ചിടത്തോളം വെറും അപഭ്രംശമാണു്. സ്വന്തം പദസമീക്ഷയെ ഏങ്കോണിപ്പിച്ചുകാണിക്കാവുന്ന അത്തരം കമന്റുകൾക്കു് അയാൾ നന്ദി പറയാതിരിക്കുകയാവും നല്ലതു്.

    അതേ സമയം തന്റെ എഴുത്തിനെ കൂടുതൽ വിശദീകരിക്കാനോ അവയ്ക്കെതിരെ ഉരുൾപൊട്ടിയേക്കാവുന്ന വിമർശനങ്ങളോടു് പ്രതികരിക്കാനോ തീർത്തും ആവശ്യമെങ്കിൽ മാത്രം ബ്ലോഗർ തന്റെ എഴുത്തുപുറങ്ങളിലേക്കു് തിരിച്ചുവരികയും വേണം.

    (മികവുള്ള കമന്റുകൾ എന്നാൽ പോസ്റ്റിനെ അനുകൂലിച്ചുള്ള കമന്റുകൾ എന്നർത്ഥമില്ല.)

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌