Tuesday, April 14, 2009

ബ്ലോഗുകവിതയെ രക്ഷിക്കൂ

അങ്ങനെ കൈപ്പള്ളിയുടെ ബ്ലോഗുകള്‍ പൂട്ടി...

ബ്ലോഗു കവികള്‍ ഇമാതിരി പുലികളാണെന്നാരറിഞ്ഞു! :-)

എന്താണു കവിത, അതിന്റെ വരി മുറിക്കണോ വേണ്ടയോ, വൃത്തമില്ലാത്ത കവിത കവിതയോ എന്നൊക്കെയായിരുന്നല്ലോ പൂട്ടുന്നതിനുമുമ്പ് വാദിഭാഗത്തുനിന്നുയര്‍‌ന്ന കൂവലുകള്‍.

പല മുനകളുള്ള (multi-pronged) ഒരു തന്ത്രത്തിലൂടെ മാത്രമേ ഈ കവിതാപിശാശിനെ കീഴ്പ്പെടുത്താനാവൂ.

മുന ൧. വരി മുറിക്കല്‍: ബ്ലോഗര്‍ സോഫ്റ്റ്വെയറില്‍ കവിതയ്ക്കുവേണ്ടി ഫോര്‍മാറ്റു ചെയ്യാന്‍ ഒരുപായം നിര്‍‌മ്മിക്കുക. ബ്ലോഗിലാണു കവിതയെഴുതുന്നതെങ്കില്‍, കമ്പ്യൂട്ടര്‍ വരി മുറിക്കട്ടെ. ഈ ഉപാധിയെ നമുക്ക് യന്ത്രമുക്തഛന്ദസ്സ് എന്നു വിളിക്കുകയും ചെയ്യാം  (മുക്തം, അമുക്തം ഇത്തരം ഛന്ദസ്സുകളോടു താരതമ്യപ്പെടുത്തുക) (എം ടിയോടു മാപ്പ്). ഇതു ഡിസൈന്‍ ചെയ്യാനുള്ള ഉപായങ്ങള്‍ കൈപ്പള്ളി നിര്‍‌ദ്ദേശിക്കട്ടെ; പ്രോഗ്രാം ചെയ്യാനുള്ള ചുമതല ഗൂഗിളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും.

മുന ൨. സര്‍‌ട്ടിഫിക്കേഷന്‍‌: ജൈവകൃഷിയ്ക്ക് (organic farming) ആകാമെങ്കില്‍ എന്തുകൊണ്ട് കവിതയ്ക്കായിക്കൂടാ സര്‍ട്ടിഫിക്കേഷന്‍? നാലു മലയാളികള്‍ ഉള്ള സ്ഥലത്ത് മൂന്ന് അസോസിയേഷനും, രണ്ട് അക്കാദമിയും ഉണ്ടാകണം എന്നാണു നിയമം. ബ്ലോഗില്‍ സര്‍‌ട്ടിഫിക്കേറ്ററി അധികാരങ്ങളുള്ള ഒരു കവിതാ അക്കാദമി ഉണ്ടാകേണ്ട കാലം കഴിഞ്ഞു. ഒരു പോസ്റ്റ് കവിതയാണോ, അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം അക്കാദമിയ്ക്കു മാത്രമായിരിക്കും. മുന ൧-ല്‍‌പ്പറഞ്ഞ സോഫ്റ്റ്വെയര്‍ വഴി കവിതയല്ലാത്തതിനെ കവിതയാക്കാന്‍ ശ്രമിക്കുന്ന കള്ളനാണയങ്ങളെ നേരിടാന്‍ ഒരു അക്കാദമി കൂടിയേ തീരൂ എന്ന് ഇക്കാര്യത്തെപ്പറ്റി കൂലങ്കഷമായി ചിന്തിക്കുന്ന ആര്‍‌ക്കും മനസ്സിലാകും. വയസ്ക്കര്‍‌ക്കു മാത്രം (adults only), ഗദ്യകവിത, പദ്യലേഖനം ഇങ്ങനെയുള്ള ഉപതരം‌തിരിവുകളെപ്പറ്റിയും അക്കാദമിക്കു ചിന്തിക്കാവുന്നതാണ്‌. തികച്ചും ജനാധിപത്യപരവും, പ്രാതിനിധ്യസ്വഭാവവുമുള്ളതായിരിക്കും അക്കാദമി എന്നതിനാല്‍ ആര്‍‌ക്കും പരാതിയുമുണ്ടാവില്ല.

മുന ൩. അവതാരങ്ങള്‍‌: പല മാതിരി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഓടാന്‍ പറ്റുന്ന അവതാരങ്ങളായാണ്‌ പൊതുവെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഇറങ്ങുന്നത് - വിന്‍‌ഡോസിനൊരെണ്ണം, മാക്കിനൊരെണ്ണം, ലിനക്സിനൊരെണ്ണം എന്നിങ്ങനെ. അതുപോലെ തന്നെ കവിതകള്‍ എഴുതുന്നവരും ഓരോ കവിതയും മിനിമം ഗദ്യത്തിലും, പദ്യത്തിലുമെങ്കിലും എഴുതേണ്ടതാകുന്നു.  ഇങ്ങനെയല്ലാത്ത സൃഷ്ടികളെ കവിതകളായി മുന ൨-ലെ അക്കാദമി സര്‍‌ട്ടിഫൈ ചെയ്യരുത്. കൃതികളെ ഗദ്യത്തില്‍‌നിന്നു പദ്യത്തിലേക്കും, പദ്യത്തില്‍‌ നിന്നു ഗദ്യത്തിലേക്കും, മൃത്യുവില്‍‌നിന്നമൃതത്തിലേക്കും മാറ്റാന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസേന ഉണ്ടായാല്‍ വളരെ നല്ലത്. തയ്യല്‍ പഠിച്ചവര്‍‌ക്ക് ഈ സേനയില്‍ അംഗത്വത്തിന്‌ മുന്‍‌ഗണന നല്‍‌കണം (അളന്നുമുറിക്കാന്‍). തോലകവി പറഞ്ഞതുപോലെ ച, വൈ, തു, ഹി, എന്നിവയും, "ചെഞ്ചെമ്മേ", "ഹന്ത", "ഹാ", "ചെറ്റും", "അഹോ", മുതലായവയും, സമാനമായ മറ്റു വാക്കുകളും മറ്റും ഉള്‍പ്പെടുത്തി ഒരു ആയുധപ്പെട്ടി (toolbox) സേനയ്ക്കു ലഭ്യമാക്കിക്കൊടുക്കണം.

മുന ൪. ഗൗരവം മുറുകെപ്പിടിക്കല്‍‌: ബ്ലോഗിങ്ങ് അതിന്റെ തികഞ്ഞ ഗൗരവത്തോടെ കാണാത്തവര്‍, മലയാളഭാഷയെ വളര്‍‌ത്താന്‍ ശ്രമിക്കാത്തവര്‍, സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവര്‍, ദേശാഭിമാനം ഇല്ലാത്തവര്‍ തുടങ്ങിയവര്‍ എന്തുതന്നെ എഴുതിയാലും, വരി മുറിച്ചാലും, അതിനെയൊന്നും കവിതയായി എടുക്കാതിരിക്കണം.

ഈ ഉപായങ്ങളെല്ലാം പ്രയോഗിച്ചാല്‍ രാസവളം ഉപയോഗിച്ചു നടത്തുന്ന കൃഷി പോലെ, ഹോര്‍‌മോണ്‍ കുത്തിവച്ച പശുവിന്റെ പാലുപോലെ, ഗ്ലോബല്‍ വാമിങ്ങില്‍ മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളപ്പൊക്കം പോലെ ബ്ലോഗില്‍ മലയാളകവിത തഴയ്ക്കും എന്നതില്‍ സംശയമേതുമില്ല. ഒരൊറ്റ ബൂലോകം, ഒരേ തരം കവിത എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

No comments:

Post a Comment

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌