Friday, March 20, 2009

റഷ്യാക്കാര്‍ വരവായി

കുട്ടിക്കാലത്ത് ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങളില്‍ പലതും മോസ്കോയിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരുന്ന റഷ്യന്‍ പുസ്തകങ്ങളുടെ മലയാളപരിഭാഷകളായിരുന്നു. പലതായിരുന്നു ഇതിനു കാരണങ്ങള്‍:
- പുസ്തകം വാങ്ങാന്‍ വീട്ടില്‍ അധികം കാശില്ലായിരുന്നു; റഷ്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ വളരെ വില കുറഞ്ഞതും, നല്ല ക്വാളിറ്റിയുള്ളതുമായിരുന്നു.
- അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
- അത്ര വലുതൊന്നുമല്ലാത്ത ഞങ്ങളുടെ ഗ്രാമത്തിലും പ്രഭാത് ബുക്ക് ഹൗസിന്റെ സഞ്ചരിക്കുന്ന ബുക്ക്‌സ്റ്റാള്‍ വല്ലപ്പോഴും വരുമായിരുന്നു.

അങ്ങനെ വാങ്ങിവായിച്ചവ ഒരുപാട്‌: കുറെ നാടോടിക്കഥകള്‍ [സോവിയറ്റ് നാടുകളിലെ; റഷ്യയിലെ; റഷ്യയില്‍ത്തന്നെ, ധ്രുവത്തിനോടടുത്ത റഷ്യന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ (ചുക്‌ചി മുതലായ ജനതകള്‍‍)]; യാക്കൊവ് പെരെല്‍‌മാന്റെ ഭൗതികകൗതുകം; അര്‍ക്കാദി ഗൈദാറിന്റെ "ചുക്കും, ഗെക്കും", "ജീവിതവിദ്യാലയം"; നെക്രാസൊവിന്റെ "Adventures of Captain Vrungel"; ആരെഴുതിയതാണെന്ന് ഓര്‍‌മ്മയില്ലാത്ത "Adventures of Dennis"; യൂറി ബോന്ദരെവിന്റെ "പൊള്ളുന്ന മഞ്ഞ്"; ഓള്‍ഗ പിറോവ്‌സ്കയയുടെ "കുട്ടികളും കളിത്തോഴരും" ഇവയെല്ലാം ഇപ്പോഴും ഓര്‍‌മ്മയില്‍ നില്‍ക്കുന്നു.

ഒരു പുസ്തകം വായിച്ച് തൊണ്ടയില്‍ ഒരു ഞെരുക്കം (a lump in my throat) എന്നാദ്യമായി തോന്നിയത് "ജീവിതവിദ്യാലയം" വായിച്ചപ്പോഴായിരിക്കണം. "Adventures of Dennis" പോലെ നല്ല ഒരു പുസ്തകം പത്തുവയസ്സുകാര്‍‌ക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ അധികം കണ്ടിട്ടില്ല. സോവിയറ്റ് യൂണിയന്റെ തകര്‍‌ചയ്ക്കു ശേഷം ഈ പുസ്തകങ്ങളൊന്നും ഇപ്പോള്‍ കാണാനേയില്ല. ഇതെല്ലാം മലയാളത്തില്‍ വിവര്‍‌ത്തനം ചെയ്തിരുന്ന ഗോപാലകൃഷ്ണനും, ഓമനയ്ക്കുമൊക്കെ എന്തു സംഭവിച്ചിരിക്കണം എന്നു ഞാനിപ്പോഴും ആ പഴയപുസ്തകങ്ങള്‍ കാണുമ്പോള്‍ ഓര്‍‌ക്കാറുണ്ട്.

ഇപ്പോള്‍ ഇതെല്ലാം വിളമ്പുന്നതിനു കാരണമുണ്ട്. രണ്ടു ദിവസം മുമ്പ് മറ്റെന്തോ നെറ്റില്‍ തിരയുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഇവിടെ എത്തിപ്പെട്ടു. ഞാന്‍ ഒരുപാടു സന്തോഷിച്ചു. ഈവക പുസ്തകങ്ങള്‍ ഇഷ്ടമുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഇതാണു നിങ്ങളുടെ അവസരം. എത്രനാള്‍ ആ ലിങ്കു തുടരും എന്നു പിടിയില്ല; "ശീഘ്രസ്യ ശുഭം" എന്നോ മറ്റോ ഉണ്ടല്ലോ.
വെള്ളിയാഴ്ച വിശേഷം:
ന്യൂ യോര്‍‌ക്കില്‍ നിന്ന് ഫ്ലോറിഡയിലേക്കുപോകുന്ന ഫ്ലൈറ്റിനുവേണ്ടി കാത്തിരിക്കുമ്പോഴാണ്‌ ആ കുടുംബത്തെ ഞാന്‍ പരിചയപ്പെട്ടത്. അച്ഛന്‍, അമ്മ, അഞ്ചു മക്കള്‍. - സ്വര്‍‌ണ്ണമുടിയും, നീലക്കണ്ണുകളുമായി ഒരു ടിപ്പിക്കല്‍ സായിപ്പുകുടുംബം. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ കുട്ടികളുടെ പേരുകളും ചോദിച്ചു. അയാള്‍ പറഞ്ഞു : "മൈക്ക്, ജോ, മേരി, കാതറീന്‍, വാങ്ങ് ഹുണ്‍ ഷയ്". അവസാനത്തെ പേരുകേട്ട് ഞാന്‍ ഒന്നു സംശയിച്ചു. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു, "എന്തേ അവസാനത്തെ കുട്ടിക്കു മാത്രം അങ്ങനെയൊരുപേര്‌?"
അയാള്‍ വിശദീകരിച്ചു, ആദ്യത്തെ മക്കളുടെ പേരുകളൊക്കെ സാധാരണ പോലെയാണിട്ടത്; അമേരിക്കയില്‍ പിറക്കുന്ന അഞ്ചുപേരില്‍ ഒരാള്‍ ഒരു ചൈനീസ് വംശജനായിരിക്കുമെന്ന പത്രവാര്‍‌ത്ത കണ്ടത് അഞ്ചാമത്തെ മകന്‍ പിറന്നപ്പോഴാണ്‌. അപ്പോള്‍പ്പിന്നെ ചൈനീസ് പേരല്ലാതെ?

[ഉമേഷ്, വെള്ളെഴുത്ത്, ബാബു കല്യാണം, ശ്രീഹരി, പേരടി, ജോഷി മുതലായ മഹാരഥന്‍മാര്‍ അണിനിരന്ന് ക്രൂരമൃഗങ്ങള്‍, തരുണീമണികള്‍, സാദ്ധ്യതകള്‍ എന്നിവയെപ്പറ്റി ഘോരഘോരം ചര്‍‌ച്ചചെയ്യുന്നത് വായിച്ചെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. അതിനാല്‍ പണ്ടെവിടെയോ വായിച്ച ഒരു വളിപ്പിന്റെ തര്‍‌ജ്ജമ എന്റെ വക.]

8 comments:

 1. പഴയ റഷ്യന്‍ ബുക്കുകളുടെ മറ്റൊരാരാധകന്‍ ഇതാ എത്തി :)
  വളരുന്ന പ്രായത്തില്‍ വായിച്ചതു കൊണ്ടാവും മനസില്‍ അതൊക്കെ വല്ലാതെ ഉറച്ചു പോയി...
  MIRഈന്നൊരു പബ്ലിഷേഴ്സിന്റെ കുറേ സയന്‍സ് ബുക്കുകള്‍ ഒക്കെ എന്തു രസമായിരുന്നു...
  ഭൗതികകൗതുകം ശരിക്കും ഒരു കൗതുകം തന്നെയായിരുന്നു.... )
  ഈ ലിങ്കിന് നന്ദി ചില്ലറ ഒന്നും പറഞ്ഞാല്‍ പോരാ...

  അവസാനത്തെ സ്റ്റാറ്റിറ്റിക്സ് കലക്കി :)

  ReplyDelete
 2. പാത്തുമ്മയുടെ ആട്March 21, 2009 at 6:30 AM

  റഷ്യക്കാര്‍ വരുന്നു എന്ന് ഹൈസ്കൂള്‍ പെമ്പിള്ളേര്‍ അടക്കം പറയുന്നത് പ്രഭാത് ബുക്ക് ഹൌസിന്‍‌റെ വണ്ടി വരുമ്പളാണോ?

  ReplyDelete
 3. ഭൌതികകൌതുകം, മിര്‍ പബ്ലിക്കേഷന്‍സ് പ്രോഗ്രസ്സ്, പബ്ലിക്കേഷന്‍ യാക്കൊവ് പെരെല്‍മാ‍ന്‍, പിന്നെ കുറെ നല്ല കാര്‍ട്ടൂണ്‍ ബുക്കുകള്‍... ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

  വിവരങ്ങള്‍ക്കും ലിങ്കിനും നന്ദി!

  ReplyDelete
 4. ഹമ്മോ.
  ഞമ്മടെ ബുസ്തകങ്ങള്‍!!!
  ഇതെല്ലാം എന്റെ കയ്യിലും ഉണ്ടായിരുന്നു.
  ഇനി കുറച്ചെണ്ണം മാത്രമേ ഉള്ളൂ, ബാക്കിയെല്ലാം നഷ്ടപ്പെട്ടു.
  പൊള്ളുന്ന മഞ്ഞ് പോയി.
  ലിങ്കിനു നന്ദി.

  ReplyDelete
 5. 'സോവിയറ്റ് നാട്’എന്നൊരു പ്രസിദ്ധീകരണം വായിക്കാറുണ്ടായിരുന്നു കുട്ടിക്കാലത്ത്.സൈബീരിയ,ഉക്രെയിന്‍ എല്ലാം കണ്ട് സ്വപ്നലോകത്തിലൂടെ സഞ്ചരിക്കാറുണ്ടായിരുന്നത് ഓര്‍ക്കുന്നു.

  ReplyDelete
 6. ശ്രീഹരീ, മിര്‍-ന്റെ കാര്യം ഞാന്‍ വിട്ടുപോയി. പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പില്‍ക്കാലത്ത് റാദുഗ പബ്ലിഷേഴ്സ് എന്നപേരില്‍ കുറെ നാളുണ്ടായിരുന്നു. പിന്നീട് അതിനെന്തുപറ്റി എന്നൊരു പിടിയുമില്ല. സ്റ്റീരിയോസ്കോപ്പി ആയിരുന്നു ഭൗതികകൗതുകത്തില്‍ ഞാന്‍ ഏറ്റവും രസമായിട്ടു വായിച്ചത്; പിന്നെ "നിലയ്ക്കാത്ത ചലന"വും.

  പാത്തുമ്മയുടെ ആടേ, ആടു പറഞ്ഞപോലെയും ആവാം, ഇങ്ങനെയും ആവാം :-)

  പാഞ്ചാലീ, കാര്‍‌ട്ടൂണ്‍ ഒന്നും ഞാന്‍ അധികം ഓര്‍‌ക്കുന്നില്ല. പക്ഷേ കുട്ടിക്കവിതകളുടെ ബുക്കുകള്‍ ഉണ്ടായിരുന്നു എന്നോര്‍‌മ്മയുണ്ട്. സര്‍‌ക്കസ്സിനെപ്പറ്റിയുണ്ടായിരുന്ന ഒരു പുസ്തകത്തിലെ
  "ട്രപ്പീസില്‍ പല വിദ്യകള്‍ കാട്ടും കൊച്ചുമിടുക്കി മത്ര്യൂഷ്ക്ക
  പൊക്കം കുറവാണെങ്കിലുമിവളൊരു പാടവമുറ്റ കളിക്കാരി
  " എന്നത് ഇപ്പോഴും ഓര്‍‌ത്തിരിക്കുന്ന ഒരെണ്ണം.

  അനിലേ, എന്റെ കയ്യിലും ത‌ല്‍‌ക്കാലം ഇതൊന്നുമില്ല. ഓരോ പുസ്തകവും പോയപ്പോള്‍ പിന്നീടുവാങ്ങാമെന്നു കരുതി. സോവിയറ്റ് യൂണിയന്‍ തകരുമെന്ന് ആരറിഞ്ഞു :-)

  മുസാഫിര്‍, "സോവിയറ്റു നാടും", "Soviet Land"-ഉം പുസ്തകം പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നതോര്‍‌ക്കുന്നു. ആദ്യമായി ഞാന്‍ ഒരു ഇംഗ്ലീഷുകവിത ആസ്വദിച്ചുചൊല്ലിയത് Soviet Land-ല്‍ നിന്നാണ്‌. ഒരു ലക്കത്തില്‍ അവിടത്തെ ശിശിരത്തെപ്പറ്റി
  "Hail to thee Russian winter
  Dazzling enchantress,
  Snow-white swan"... എന്നിങ്ങനെ പോകുന്ന ഒരു കവിത വന്നിരുന്നു. അതിനെ "അടുത്തു നാം തമ്മില്‍ത്തമ്മില്‍, അറിഞ്ഞുനാം പിന്നെപ്പിന്നെ(?) ... തെയ്യത്തരികിടതോം" എന്ന മലയാളം സിനിമാഗാനത്തിന്റെ ഈണത്തില്‍ പാടിയായിരുന്നു ആ പരിശ്രമം :-)

  ReplyDelete
 7. നിലക്കാത്ത ചലനം സത്യത്തില്‍ ശാസ്ത്രത്തോടുള്ള അഭിരുചി വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഇടക്കൊക്കെ വെറുതെ ആലോചിച്ചു നോക്കും ചില സാദ്ധ്യതകള്‍. :)
  സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് മഹാകഷ്ടം ആയിപ്പോയി.... നല്ല പുസ്തകങ്ങള്‍ കുറഞ്ഞ് വിലയ്ക്ക് കിട്ടുമായിരുന്നു ഇല്ലെങ്കില്‍

  ReplyDelete
 8. യൂറി ബോന്ദരെവിന്റെ പൊള്ളുന്ന മഞ്ഞ് കിട്ടുവാൻ വല്ല വഴിയും ഉണ്ടോ ? ഉണ്ടെങ്കിൽ പറഞ്ഞുതാ..

  ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌