Monday, March 9, 2009

സം‌വിധാനം: അതിവിനയന്‍

കിളിമഞ്ജാരോ പര്‍‌വ്വതത്തില്‍ മഞ്ഞുവീഴുന്ന നാളുകളില്‍ വെളിയിലിറങ്ങാന്‍ വിഷമം. അപ്പോഴൊക്കെ ഉല്ലാസത്തിനൊരേയൊരുവഴി മലയാളം റ്റീവീ ചാനലുകളാണ്‌. ഇന്റര്‍‌നെറ്റ് കഴിഞ്ഞാല്‍ മനുഷ്യരാശിക്ക് ഏറ്റവും ഉപകാരപ്പെട്ടിരിക്കുന്ന കണ്ടുപിടിത്തം റ്റീവീ റിമോട്ടായിരിക്കണം. ചുള്ളിക്കാട് ചട്ടം കെട്ടിയപോലെ "ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച ശീത-തീക്ഷ്ണമായ വോഡ്‌ക" നുണഞ്ഞുകൊണ്ട് സൂര്യയില്‍ നിന്നും കൈരളിയിലേക്കും, മറിച്ചും സ്കേറ്റു ചെയ്ത് ഞാന്‍ എന്റെ വൈകുന്നേരങ്ങള്‍ ആഘോഷിക്കുന്നു.

"വിനയം/ബഹുമാനം ജട്ടി പോലെയാണ്‌; ഉള്ളിലുണ്ടായിരിക്കണം, എന്നാല്‍ വഴിനീളെ പ്രദര്‍‌ശിപ്പിച്ചുകൊണ്ടുനടക്കരുത്" എന്ന അര്‍‌ത്ഥത്തില്‍ ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. മലയാളം റ്റീവീ ചാനലുകളില്‍ സംഗീതത്തോടു ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നവര്‍ കേട്ടിട്ടിരിക്കാത്ത ഒരു ചൊല്ലായിരിക്കണം അത്. പ്രശസ്തഗായിക ചിത്ര എല്ലവര്‍ക്കും "ചിത്രേച്ചി"യാണ്‌. ശ്രീമതി എസ് ജാനകി "ജാനകിയമ്മ"യും, യേശുദാസ് "യേശുദാസ് സാറു"മത്രേ. ഇപ്പറഞ്ഞവരുമായി യാതൊരു തരത്തിലുള്ള വ്യക്തിബന്ധങ്ങളോ, പരിചയമോ ഇല്ലാത്ത ആളുകളാണ്‌ ഇങ്ങനെ തട്ടിമൂളിക്കുന്നതെന്നും ഓര്‍ക്കണം. ഇതൊക്കെ ഒരുവിധം അരോചകമാണെങ്കിലും ഒരുവിധം സഹിക്കാം. പക്ഷേ കിഷോര്‍കുമാറിനെ കിഷോര്‍കുമാര്‍ സാറാക്കുമ്പോഴോ? മൊഹമ്മദ് റഫിയെ "റാഫിസ്സാറാ"ക്കുമ്പൊഴോ? ചോര നമുക്കു തിളയ്ക്കുകയില്ലേ ഞരമ്പുകളില്‍? ഇതിങ്ങനെ തുടര്‍‌ന്നാല്‍ എവിടെപ്പോയി നില്‍ക്കും? "റഫി കി യാദേം" എന്ന സിഡിക്കുപകരം "റാഫിസ്സാര്‍ കീ യാദേം"? "ഹിറ്റ്‌സ് ഓഫ് കെ എല്‍ സൈഗാള്‍‍" എന്നതിനുപകരം "ഹിറ്റ്‌സ് ഓഫ് സൈഗാളേട്ടന്‍"? പ്രത്യേകിച്ചും കള്ളുകുടിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെ അനൗണ്‍സ്‌മെന്റ് ഉണ്ടായാല്‍ വാളുവച്ചുപോയതു തന്നെ. ഏറ്റവും കഷ്ടം, ഇന്നാളൊരിക്കല്‍ കോം‌പിയര്‍ പെണ്‍കൊടി പാടാന്‍ വന്ന കൊച്ചിനോടു ചോദിച്ചതായിരുന്നു. ആദ്യമേ തന്നെ കൊച്ചു പറഞ്ഞു കൊച്ചിനിഷ്ടമുള്ള സംഗീത സം‌വിധായകര്‍ കല്യാണ്‍‌ജി-ആനന്ദ്‌ജി ആണെന്ന്. അതു ക്ലിക്കാവാതെ, കോം. പെണ്‍. വീണ്ടും കൊച്ചിനെ പെസ്റ്റര്‍ ചെയ്തു: "കല്യാണ്‍‌ജി ആനന്ദ്‌ജി സാറിന്റെ ഏതു പാട്ടാണ്‌ മോള്‍‌ക്ക് ഏറ്റവും ഇഷ്ടം?" മരണാനന്തര ജീവിതം എന്നൊന്നില്ല എന്ന് എനിക്കു മനസ്സിലായതന്നാണ്‌; അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ കല്യാണ്‍‌ജി ആ സമയം അവിടെ അവതരിച്ച് നെഞ്ചത്തടിച്ചു കരയുമായിരുന്നല്ലോ.

പണ്ടിതുപോലെയാണ്‌ നമ്മുടെ കേരളാവിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് "ഗാന്ധിജി സര്‍‌വകലാശാല" ഉണ്ടാക്കിയത്; ഹിന്ദിക്കാര്‍ ആ പേരു കേട്ടു തലകുത്തിച്ചിരിച്ചു. "കെ എം മാണിസ്സാര്‍ സര്‍‌വ്വകലാശാല" എന്നുപറഞ്ഞൊരെണ്ണം അവരുണ്ടാക്കിയിരുന്നെങ്കില്‍ നമ്മളും ചിരിക്കുമായിരുന്നില്ലേ? ഏതായാലും, ദൈവാധീനത്തിന്‌ ഒന്നു രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഏതോ പുതിയ സാറിനു ഭൂതോദയം വന്നിട്ട് അതിനെ മാറ്റി "മഹാത്മാഗാന്ധി സര്‍‌വ്വകലാശാല"യാക്കി.

ബ്ലോഗിലും നാം ഒരുപാടുകാണുന്നതാണ്‌ അതിവിനയം. സാറും, മാഷും, ജിയും ഒക്കെ എല്ലാവരും ചവറുപോലെ ഉപയോഗിക്കുന്നു. ചില സന്ദര്‍‌ഭങ്ങളില്‍ ഇതില്ലാതെ നിവര്‍‌ത്തിയില്ല; കാരണം, തമ്മില്‍ നേരിട്ടറിയുന്ന ഒരുപാടുപേര്‍ മലയാളം ബ്ലോഗുകളെഴുതുന്നുണ്ട്. പുതുമക്കാരനായിരുന്ന നാളുകളില്‍ ഞാനും ഇതുപോലെയായിരുന്നു. പക്ഷേ എന്റെ കണ്ണു തുറന്നത് ഇതുവായിച്ചപ്പോഴാണ്‌. ഇപ്പോള്‍ എനിക്കുമില്ല ജട്ടിപ്രദര്‍‌ശനം എന്നു സന്തോഷത്തോടെ അറിയിക്കട്ടെ.

16 comments:

  1. ഇങ്ങക്കീ ജട്ടീലാരെങ്കിലും കൈവെഷം തന്നിട്ടുണ്ടോ ‘കാളേട്ടാ’ (ജട്ടിയേട്ടാ എന്ന് വിളിക്കുന്നില്ല. വിട്ടേക്കുന്നു)

    ഞാന്‍ ഈ ചേട്ടാവിളിയുടെ ഉസ്താദാണ്. അതു വിനയോം കോപ്പുമൊന്നും അല്ല. എന്നെ അറിയുന്ന ആരും ഞാനൊരു വിനീതകുനീതനാണെന്ന് വിചാരിച്ചുപോവുകയും ഇല്ല.

    കോളേജില്‍ പഠിക്കുന്നകാലത്ത് ജൂനിയേഴ്സിനെ (യെസ് ജൂനിയേഴ്സിനെ) വിളിക്കാന്‍ ‘കണ്ടുപിടിച്ച’ വാക്കാണ് ചേട്ടന്‍ . ഒപ്പമുള്ളവരെയും മൂത്തവരെയും ഒക്കെ കളിയാക്കാനല്ലാതെ അങ്ങനെ വിളിച്ചിട്ടും ഇല്ല. (ജൂനിയേഴ്സിനെ കളിയാക്കാനല്ലായിരുന്നു സത്യം.. ലവന്മാര്‍ ചേട്ടാ വിളിച്ച് നമുക്ക് കോമ്പ്ലക്സുണ്ടാക്കുന്നതിനു മുന്നേ കേറി അക്രമിക്കുന്നതാണ്.

    ബ്ലോഗില്‍ ഞാന്‍ തുടങ്ങുന്നകാലത്ത് ഇവിടെ തറവാട് സംവിധാനമായിരുന്നു. ചേട്ടന്മാരുടെയും കാരണവന്മാരുടെയും ഒക്കെ സ്ഥാനാരോഹണം കഴിഞ്ഞിരുന്നു. അന്നു ചേട്ടാ എന്നു പലരും വിളിച്ചിരുന്നവരെ വെറുതെ അങ്ങനെ തന്നെ വിളിച്ചു. ചിലരൊക്കെ പ്രായത്തില്‍ ഇളയവരാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞിട്ടും അങ്ങനെ തന്നെ വിളിച്ചു. (മാഷേ വിളി പക്ഷെ വ്യത്യസ്തമാണ്. വെള്ളെഴുത്തിനെപോലെ എഴുത്തുകൊണ്ടോ പണിക്കര്‍മാഷിനെപ്പോലെ പ്രായം കൊണ്ടോ ഒക്കെ അകലമുള്ളവരെമാത്രമെ അങ്ങനെ വിളിക്കാറുള്ളൂ. ആകൂട്ടത്തില്‍ കൈപ്പള്ളിയും പെട്ടിട്ടുണ്ട്) ചിലരെയൊക്കെ പിന്നെ എഴുത്തില്‍ പരിചയപ്പെട്ടിട്ട് ചേട്ടാവിളി മാറ്റണം എന്ന് തോന്നിയിട്ടില്ല. ദേവേട്ടനും വിശാലേട്ടനും ഒക്കെ. ചിലരെയൊക്കെ പരിചയപ്പെട്ടകാലം മുതലേ പേരുതന്നെ (സര്‍നെയിം/ഇരട്ടപ്പേര്)വിളിച്ചിട്ടുണ്ട്. അഞ്ചല്‍ ഉദാഹരണം. (തറവാട്ടില്‍ നേരത്തെ ഇല്ലാതെ പോയതുകൊണ്ട് ആയിരിക്കാം :))

    പക്ഷെ എന്തൊക്കെ ആ‍യാലും വിളിയിലെങ്ങും ഒരു കാര്യവുമില്ല. ഞാന്‍ ഏറ്റവും വിനീതനായി വിളിക്കുന്നത് ചീത്തവിളിക്കുന്നതിന് തൊട്ടുമുന്‍പ് അടക്കിപ്പിടിച്ച അരിശത്തിലാണ്. :)) Someone surely knows that.

    ബൈ ദ വേ.. രണ്ടു ദിവസം ഇട്ട ജട്ടി ഒരെണ്ണം തലക്ക് മൂന്നുതവണ ഉഴിഞ്ഞ് അടുപ്പിലിട്ട് കത്തിക്കൂ. എക്കോളജിക്കല്‍ ഡിസാസ്റ്ററിന് അകത്തുപോകണ്ടിവന്നാലും ഈ ജട്ടിബാധ മാറിക്കിട്ടും :)

    ReplyDelete
  2. മാണിക്കന്‍ ചേട്ടാ......ചേട്ടാ.....ചേട്ടാ.....

    ജട്ടി പുറത്ത് കാണിക്കാന്‍ പാടില്ല എന്ന് ആരാ പറഞ്ഞത്? സൂപ്പര്‍മാന്‍ ബാറ്റ്മാന്‍ തുടങ്ങിയവര്‍ പോട്ടെ അവരോടെനിക്കും പ്രതിപത്തി ഇല്ല...


    പക്ഷേ നമ്മടെ സ്വന്തം കാല്‍‌വിന്‍( ആ നാമം വാഴ്ത്തപ്പെടട്ടെ), പുള്ളിയുടെ ചിത്രപ്പണിയുള്ള ജഡ്ഡു സ്കൂളീല്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് അമ്മയോട് ഘോരഘോരം പ്രസംഗിച്ചത് അങ്ങ് മറന്നോ?

    മറ്റാരെന്തു പറഞ്ഞാലും എനിക്കു ഒരു കോപ്പും ഇല്ല. പക്ഷേ കാല്‍‌വിന്‍( ആ നാമം വാഴ്ത്തപ്പെടട്ടെ) പറയുന്നതിനെതിരില്ല...

    ReplyDelete
  3. ഗുപ്തന്‍‌സ്: ജട്ടിയിലെ കൈവിഷം - ജട്ടിയില്ലാത്തവന്‌ ചുറ്റും കാണുന്നതൊക്കെ ജട്ടിയായിത്തോന്നും എന്നതാവാം എന്റെ കോം‌പ്ലെക്സ് ;) ഒരു ജട്ടിയുടെ ഭരണത്തിന്റെ കീഴില്‍ പെട്ടുപോയപ്പോള്‍ കിട്ടിയതുമാകാം :) എന്നെ "കാളേട്ടാ" എന്നു വിളിക്കുമ്പോള്‍ അടക്കിപ്പിടിച്ച സ്വരത്തിലല്ലെന്നു വിശ്വസിച്ചോട്ടെ :)

    ശ്രീഹരീ, ആ കാല്‍‌വിന്‍ എപ്പിസോഡ്‌ ഞാന്‍ വായിച്ചിട്ടില്ലല്ലോ :( ലിങ്കു കെടയ്ക്കുമോ?

    ReplyDelete
  4. ഇവിടെയും ഇവിടെയും ഇതിനെപ്പറ്റി പരാമർശമുണ്ടായിട്ടുണ്ടു്. കാള വായിച്ചിട്ടില്ലെങ്കിൽ വായിച്ചോളൂ...

    ReplyDelete
  5. സ്കൂള്‍ അവധിക്കാലം മദ്രാസ്സില്‍ ജോലിയുള്ള കസിന്‍‌റ്റെ യൊപ്പം താമസിക്കുമായിരുന്നു ഞാന്‍.
    ഒരിക്കല്‍ അവിടെയുള്ള,തമിഴനായ ഒരാള്‍ എന്നെ ' സാര്‍ ' എന്ന് വിളിച്ചത് കേട്ട് എനിക്ക് കോരിത്തരിച്ചത് കണ്ട കസിന്‍ പറഞ്ഞു ' എടാ അത് നീ ഉദ്ദേശിച്ച സാറ് വിളിയല്ലാന്ന് ' ;).

    ടി.വി യിലും മറ്റും , മമ്മുക്ക എന്ന് പറയുന്ന അവതാരകന്‍ , തനിക്ക് മമ്മുട്ടി വളരെ അടുത്തയാളാണ് എന്നറിയീക്കാന്‍ (അല്ലെങ്കിലും) കിട്ടുന്ന ചാന്‍സായിട്ടാണ് കാണുന്നത്.

    ഏറ്റവുമധികം തെറ്റായി ഉപയോഗിക്കുന്നതാണ് ബ്ലോഗിലെ അഡ്രെസ്സിങ്ങെന്ന് തോന്നിയിട്ടുണ്ട്,
    'മാഷ്' എന്ന വാക്കിന്റെ അര്‍ത്ഥവും ആഴവും മനസ്സിലാക്കാതെ പലരെയും അതു വിളിക്കുന്നത് കാണുമ്പോള്ൊന്നേ തോന്നാറുള്ളു , ' കഷ്ടം '

    പോസ്റ്റ് കൊള്ളാം മുമ്പ് സമാന പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും :)

    ReplyDelete
  6. സത്യായിട്ടും ഗുപ്താ അന്നെ ഞാന്‍ ഉദ്ദേശിച്ചില്ല :)

    'മാഷ്' എന്ന വാക്കിന് ഞാന്‍ വല്യ വിലയിട്ടിട്ടുണ്ട് അതിനാലാണ് പലരും അതുയാതൊരു വിലയുമില്ലാതെ ഉപയോഗിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നത് , സത്യായിട്ടും അന്നെ ഞാന്‍ ഉദ്ദേശിച്ചില്ല.

    ReplyDelete
  7. മാണിക്കന്‍സ്...

    ഇതാ ഇവിടെ നോക്കൂ....

    ഇത്തിരി കഷ്ടപ്പെട്ടു ഇത് പൊക്കി എടുക്കാന്‍.... അപ്പോല്‍ നന്ദിപ്രകടനം ആവാം :)

    പിന്നെ കാല്‍‌വിന്റെ(ബഹു) ആള്‍ട്ടര്‍ ഈഗോയായ STUPENDOUS MAN ലെ U stands for underwear എന്നതും ഈ അവസരത്തില്‍ ചിന്തനീയം.... :)

    ReplyDelete
  8. ഉമേഷ്: ആ ലിങ്കുകള്‍‌ക്ക് ഒത്തിരി നന്ദി (ഇതൊക്കെ എങ്ങനെ ഓര്‍‌ത്തുവയ്ക്കുന്നു?) . ഞാന്‍ പറഞ്ഞതുതന്നെ കൂടുതല്‍ വൃത്തിയായിട്ട് സന്തോഷ് പറഞ്ഞിരിക്കുന്നു.

    തറവാടീ, ഗുപ്തനെയല്ല പറഞ്ഞത് എന്നെനിക്കിപ്പോഴാണു കത്തിയത് :-)

    ശ്രീഹരി, റൊമ്പ താങ്ക്സ്. ഇതു ഞാന്‍ കണ്ടിട്ടില്ലായിരുന്നു. (stupendous man :D :D)

    ReplyDelete
  9. ഹരീ..അതില്‍ ആദ്യത്തേത് ഞാന്‍ കണ്ടിരുന്നില്ല (കാല്‍‌വിനും അമ്മയും): രണ്ടാമത്തേതിലെ പഞ്ച്‌ലൈന്‍ കോര്‍പറേറ്റ് സര്‍ക്കിളുകളില്‍ പോലും ബിഗ് ഹിറ്റാണ്. അതോടൊപ്പം എനിക്കിഷ്ടപ്പെട്ട ഒരു ഡയലോഗ് കൂടിയുണ്ട്. ഇത് ഹോബ്സിന്റെ വക. Something like "What's the point of wearing designer underpants if nobody is going to see them?"

    ReplyDelete
  10. exactly, "What's the point of wearing your favorite rocketship underpants if nobody ever asks to see 'em?"

    ReplyDelete
  11. ഇതിപ്പോഴാണ് കണ്ടത്. ഉമേഷും ദേവനുമുള്‍പ്പെടെ പലരേയും പേരു വിളിക്കുമ്പോള്‍ (ഉള്ളില്‍ ബഹുമാനമുണ്ടെങ്കിലും), ബൂലോകത്ത് തെറ്റായ ഒരു കീഴ്വഴക്കം ഉള്ളതിനാല്‍, ആദ്യം ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല.

    ഗുപ്തന്‍ എവിടെയോ സൂചിപ്പിച്ചതുപോലെ എടാ/എടീ/നീ എന്നു സംബോധന ചെയ്ത് സംസാരിക്കുമ്പോളാണ് ഏറ്റവും ഫ്രീ (കംഫര്‍ട് സോണില്‍) ആകുന്നത് എന്നത് ശരിതന്നെ. പക്ഷേ എന്റെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തിനെ എനിക്കിതുവരെ നീ എന്ന് വിളിക്കാന്‍ പറ്റുന്നില്ല (മറ്റ് പലരേയും വിളിക്കാറുണ്ടെങ്കിലും).

    പിന്നെ ഞാനും ഒരാളെ “ചേട്ടാ” എന്ന് മനപൂര്‍വ്വം സര്‍ക്കാസ്റ്റിക്കായി വിളിച്ച് കമന്റെഴുതിയിട്ടുണ്ട്, ബൂലോകത്ത് കരിവാരം ആചരിച്ചപ്പോള്‍, തികച്ചും ന്യായരഹിതമായ (എന്റെ കാഴ്ചപ്പാടില്‍) അഭിപ്രായം അദ്ദേഹത്തില്‍ നിന്ന് വന്നപ്പോള്‍.

    ReplyDelete
  12. "എടാ"/"എടീ" എന്നുള്ളതാണ്‌ എനിക്ക് ഏറ്റവും വിളിക്കാന്‍ വിഷമം. പ്രായത്തില്‍ താഴെയുള്ളവരെപ്പോലും "ഡ മോനേ" "ഡീ മോളേ" എന്നൊക്കെ ഒരു ക്വാളിഫിക്കേഷന്‍ ചേര്‍‌ത്തേ വിളിക്കാന്‍ കഴിയൂ. "ഡായ്"/"ഡേയ്" എന്നൊക്കെ എനിക്കു വിളിക്കാന്‍ കഴിയുന്ന വളരെക്കുറച്ചുപേരേയുള്ളൂ; അങ്ങനത്തെ കൂട്ടരെല്ലാം എന്റെ "ആജന്മ" സുഹൃത്തുക്കള്‍.

    എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ "ഡാ" എന്നു വിളിക്കാന്‍ എനിക്കു കഴിയും :)

    ReplyDelete
  13. പാഞ്ചാല്യേ.. ആ അഭിപ്രായം എന്റെ അടുത്തുനിന്ന് വരാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് എടാ എന്നുവിളിക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നാറില്ല --പ്രായത്തില്‍ ഇളയ ആണുങ്ങളെയും വളരെ അടുപ്പമുള്ള പെണ്ണുങ്ങളെയും (അനിയത്തിമാരായിട്ട് മൂന്നുപേരേ ലിസ്റ്റിലുള്ളൂ എന്നതുകൊണ്ട് അധികം പേരില്ല). എടീ എന്നു ഞാന്‍ വിളിച്ചിട്ടുണ്ടാവും മുകളില്‍ പറഞ്ഞ മൂന്നുപേരില്‍ രണ്ടുപേരെ. വഴക്കിടുമ്പോള്‍ പോടീ ഓഡ്രീ എന്നൊക്കെ പറയുന്നതാവും അതില്‍ കൂടുതല്‍. പക്ഷെ എടീ എന്ന വാക്ക് എന്റെ നാക്കില്‍ വരാറുള്ളത് ആ മൂന്നുപേരില്‍ തന്നെ ഒരാളോടേയുള്ളൂ. അദായത് ആ വാക്ക് ശീലങ്ങളിലില്ല എന്ന്. എടാ യെസ്.. എടീ ഒരു ആള്‍മോസ്റ്റ് നോ. എങ്ങനെയോ അങ്ങനെയാണ്.

    (ബ്ലോഗില്‍ ഞാന്‍ എടാ എന്നു വിളിച്ചിട്ടുള്ള രണ്ടുപേരേയുള്ളൂ. സിമിയും ലതീഷും. അവന്മാരെ രണ്ടിനെയും അടുത്തറിഞ്ഞാല്‍ ആരും അതു വിളിച്ചുപോകും :) ബാക്കി ഇളയവരെന്ന് നല്ല ഉറപ്പുള്ള മനസ്സുകൊണ്ട് അടുപ്പം തോന്നിയിട്ടുള്ള ചിലരെ അവന്‍ ചെക്കന്‍ എന്നൊക്കെ വിളിച്ചിടക്കാറുണ്ട്. പക്ഷെ പൊതുവെ അതുതന്നെ ഒഴിവാക്കും)

    അബോധപരമായ ചില ശീലങ്ങളെന്നല്ലാതെ വലിയ മോറല്‍ വാല്യ്ഉ ഒന്നും ഇക്കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ കാണുന്നില്ല. അടുപ്പമുള്ളവരെ -അച്ഛനോ അമ്മയോ ആയാല്‍ പോലും - നീ (തു) എന്നു വിളിക്കണം എന്ന് നിര്‍ബന്ധമുള്ള ഒരു ഭാഷയാണ് ഇപ്പോള്‍ സംസാരിക്കുന്നത് എന്നത് ഒരു കാരണമാവും. ബഹുമാനത്തെക്കാള്‍ അകല്‍ച്ചേയെ സൂചിപ്പിക്കാനാണ് ഇവര്‍ താങ്കള്‍ (ലേയി) എന്നു പറയുക.


    ***************
    ബുള്ളേട്ടന്‍ ദാ ഡിസ്കൈമള്‍ ഇട്ടിരിക്കുന്നു: ഇവിടെ മൂത്രമൊഴിക്കുന്നവര്‍ തനിയെ പിടിച്ചോണം പോലീസ് പിടിക്കൂല്ലാന്ന്.. കാര്യമില്ലേട്ടാ... കാര്യമില്ലെന്ന് ഇഞ്ചിപ്പെണ്ണ് പറഞ്ഞിട്ടൊണ്ട്. ഇഞ്ചിപ്പെണ്ണ് പറഞ്ഞാല്‍ പറഞ്ഞതാ

    ReplyDelete
  14. ഗുപ്തരുടെ "നീ" കണ്ടപ്പോഴാണ് ഇതോര്‍മ വന്നത്...

    യൂ പീ സ്കൂളിലോ മറ്റോ പഠിക്കുമ്പോള്‍ അന്ന് യുവാവായിരുന്ന ഒരു ചേട്ടന്‍ എന്നെ 'നീ' എന്നതിനു പകരം 'നിങ്ങള്‍' എന്നു സംബോധന ചെയ്തു. ആളെ എനിക്കു യാതൊരു പരിചയവുമില്ലായിരുന്നു എന്നിട്ടും.

    അതെന്നില്‍ ചില്ലറ മാറ്റങ്ങള്‍ അല്ല വരുത്തിയത്. ഗിവ് ആന്‍ഡ് ടേക്ക് റെസ്‌പെക്ട് എന്താ എന്നു പഠിച്ചു. പിന്നീട് പ്രായത്തില്‍ കുറഞ്ഞവരെയും 'നീ' എന്നു വിളിച്ചിട്ടില്ല. തീര്‍ച്ചയായും അതൊരു ജാഡ കാണിക്കല്‍ അല്ല. എന്തോ മനസില്‍ അതുറച്ച് പോയി.. പരിചയപ്പെട്ട ആരെങ്കിലും ഉടനെ എന്നെ കയറി 'നീ' എന്ന് വിളിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഡിഫന്‍സീവ് ആയി മാറാറുണ്ട്...

    പക്ഷേ പലപ്പൊഴും 'നീ' എന്ന് വിളിക്കുന്നത് അടുപ്പം മൂലം ആണെന്ന് അറിയാം.. സോ ഇപ്പോള്‍ ചിന്തകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു :)

    ReplyDelete
  15. ഇവടെ കണ്ടതിലൂംവായിച്ചതിലും നന്ദി

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌