Wednesday, April 15, 2009

വെറുതെ ചില രാഷ്ട്രീയകാര്യങ്ങള്‍

ഒരു അരാഷ്ട്രീയവാദിയായി ഞാന്‍ കണ്ടിരുന്ന ഉമേഷുപോലും ഈ പോസ്റ്ററിട്ടപ്പോള്‍ എനിക്കും എന്തെങ്കിലുമൊക്കെ പറയണമെന്നു തോന്നി.

നാളിന്നുവരെ വോട്ടു ചെയ്തപ്പോഴൊക്കെ ഇടതുമുന്നണിയ്ക്കു ചെയ്തിട്ടുള്ളവനാണു ഞാന്‍. ഈ തെരഞ്ഞെടുപ്പിലും, പല ഇടതുമുന്നണി സ്ഥാനാര്‍‌ത്ഥികളും അവരുടെ എതിരാളികളെക്കാള്‍ മികച്ചവരാണെന്നു വിശ്വസിക്കുന്നവനും.

പക്ഷേ, ഇടതുമുന്നണിയ്ക്ക് ഇനി മുതല്‍ ഞാന്‍ "പാനല്‍ വോട്ടു" നല്‍കില്ല (ഇത്തവണ ഏതായാലും തെരഞ്ഞെടുപ്പിനു ഞാന്‍ നാട്ടിലുണ്ടാവില്ല എന്നതു വേറെ കാര്യം). പിണറായി അത്രത്തോളം എന്റെ മനസ്സു മടുപ്പിച്ചിരിക്കുന്നു. ഞാന്‍ ഇന്നും തീവ്ര ഇടതുപക്ഷം തന്നെയാണെന്നാണെന്റെ വിചാരം. പക്ഷേ സി പി എം ഇന്നൊരു ഇടതുപാര്‍‌ട്ടിയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്.

ആ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ കൊള്ളാം. പക്ഷേ, ഇതെല്ലാം നടപ്പാക്കാന്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നത് പിണറായിയുടെയും, കോടിയേരിയുടെയും പാര്‍‌ട്ടിയെയാണ്‌. ഒരിക്കലും തെരഞ്ഞെടുപ്പില്‍ നില്‍ക്കുക പോലും ചെയ്യാത്ത പല കടല്‍ക്കിഴവന്‍‌മാര്‍‌ക്കാണ്‌ പാര്‍‌ട്ടി/മുന്നണിയ്ക്കു ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പോകുന്നത്.

ഒരാള്‍ ഒരു ചിട്ടിക്കമ്പനി തുടങ്ങുന്നു. അതില്‍ അയാള്‍ക്കു കിട്ടുന്ന ലാഭത്തിന്റെ ഭാരിച്ച ഒരു പങ്ക് (എനിക്കിഷ്ടപ്പെട്ട) എന്തെങ്കിലും നല്ല സം‌രംഭത്തിന്‌ നല്‍കുമെന്നു അയാള്‍ പ്രഖ്യാപിക്കുന്നു. എന്നോട് ഒരു കുറി ചേരണമെന്നു പറഞ്ഞാല്‍ സാധാരണ രീതിയില്‍ എന്റെ കഴിവിനൊത്ത് ഞാന്‍ ചേരാന്‍ ശ്രമിക്കും. പക്ഷേ ഇപ്പറഞ്ഞയാള്‍ വാക്കുപാലിക്കാത്തവനാണെന്ന് എനിക്കു നന്നേ ബോധമുണ്ടെങ്കിലോ? ചൂടുവെള്ളത്തില്‍ ഒരു തവണ ചാടിയിട്ടുള്ളവനാണു ഞാനെങ്കിലോ? "റോഡിന്റെ എതിര്‍‌വശത്തുള്ള ചിട്ടിക്കമ്പനിക്കാരന്‍ ഇതിലും മോശക്കാരനാണ്‌, അതിനാല്‍ ഇവന്‍ കൊള്ളാം" എന്ന വാദം വിലപ്പോവില്ല.

തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍, വോട്ടുചെയ്യുന്ന ആളെക്കാള്‍ കൂടുതല്‍ അറിവ് മറ്റാര്‍‌ക്കുമില്ലെന്നു ഓരോ വോട്ടറും വിശ്വസിക്കണം. വോട്ടുചെയ്യുന്ന ജനം ഒന്നുമറിയാത്തവരാണെന്നും, അവര്‍ വഴിതെറ്റിപ്പോകരുതെന്നാഗ്രഹമുള്ളതിനാല്‍ ഉപദേശിക്കുന്നതാണെന്നുമുള്ള തരത്തിലാണല്ലോ ഇക്കാലത്തെ നമ്മുടെ രാഷ്ട്രീയവാദപ്രതിവാദം (political discourse).

ഈ തെരഞ്ഞെടുപ്പില്‍ എന്റെ പൊസിഷന്‍ ഇതാണ്‌: അതാതു നിയോജകമണ്ഡലങ്ങളിലെ തമ്മില്‍ ഭേദമുള്ള തൊമ്മന്‍‌മാര്‍‌ക്കു വോട്ടു ചെയ്യുക, പാര്‍ട്ടി നോക്കാതെ. എല്ലാവരും ഒരുപോലെ മോശമാണെങ്കില്‍ അസാധുവിനും. ഇപ്പോളുള്ളതിനേക്കാള്‍ മോശമാകുവാന്‍ നമ്മുടെ രാഷ്ട്രീയരംഗത്തിനു കഴിയില്ല എന്നതിനാല്‍ ഏതായാലും വലിയ റിസ്കൊന്നുമില്ലാത്ത സ്ട്രാറ്റജി.

4 comments:

  1. ഇത് തന്നെയാണ് എനിക്കുള്ള പ്രശ്നവും. സുരേഷ് കുറുപ്പോ ജോസ് കെ മാണിയോ എന്ന് ചോദിച്ചാല്‍ സുരേഷ് കുറുപ്പെന്ന് പറയാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ കൊല്ലത്ത് രാജേന്ദ്രനല്ലാതെ ആര്‍ക്ക് കുത്താന്‍ കഴിയും?
    പക്ഷെ പിണറായി/കൊടിയേരിയെപ്പോലെയുള്ളവര്‍ തുള്ളുന്നതും അഹങ്കരിക്കുന്നതും എന്തു സംഭവിച്ചാലും പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന കുറച്ച് സാധുക്കള്‍ വോട്ട് പിടിച്ച് തരുമെന്നുള്ളതുകൊണ്ടല്ലേ?

    ReplyDelete
  2. “പിണറായി അത്രത്തോളം മനസ്സു മടുപ്പിച്ചിരിയ്ക്കുന്നു”
    എന്നു പറയുമ്പോൾ പാർട്ടി തന്നെ മടുപ്പിച്ചിരിയ്ക്കുന്നു എന്നല്ലേ അർത്ഥം? അതു വിശദീകരിയ്ക്കേണ്ടതായിരുന്നു ഈ പോസ്റ്റിൽ.

    ReplyDelete
  3. :) അവിടുത്തെ പോലെ ഇവിടേയും.

    ... ന്നാലും അസാധു, അത്രയ്ക്കു വേണൊ?
    സമ്മതി ദാനം ചെയ്യാന്‍ ഒരു യോഗ്യരായ പാറ്ട്ടിയും സ്ഥാനാര്‍ത്ഥിയും ഇല്ലാതിരിക്കുക,കഷ്ടം തന്നെ :..ജനാധിപത്യം കിട്ടാക്കനിയാണു ലോകത്ത് പലയിടങളിലും :(
    ഹും.. ആലോചിക്കട്ടെ..:)


    btw പോസ്റ്റുകള്‍ വായിക്കാറുണ്ട്ട്ടാ
    qw_er_ty

    ReplyDelete
  4. ഇഞ്ചി, അതു തന്നെ.

    സുനില്‍, പാര്‍‌ട്ടി മനസ്സു മടുപ്പിച്ചിരിക്കുന്നു എന്നും വേണമെങ്കില്‍ പറയാം. പാര്‍‌ട്ടിയും, വ്യക്തിത്വങ്ങളുമൊക്കെ തമ്മില്‍ തിരിച്ചറിയാന്‍ പാടായിരിക്കുന്നു. ആവേശം കുറയുന്നത് എനിക്കു വയസ്സായിവരുന്നതുകൊണ്ടുമാവാം ;)

    പ്രിയം‌വദേ, btw പോസ്റ്റുകള്‍ വായിക്കാറുണ്ട്ട്ടാ എന്നു പറഞ്ഞത് ഒരു ഭീഷണിയുടെ സ്വരത്തിലല്ലല്ലോ, അല്ലേ? ;)

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌