Wednesday, March 4, 2009

ശേഖരന്‍‌മാരും, ശേഖരികളും

ഈയിടെ ഓഫീസ് സമയത്തെ എന്റെ പ്രധാനപണി കൈപ്പള്ളിയുടെ (ല്‍)പുസ്തകശേഖരമത്സരത്തില്‍ കമന്റിടലാണ്‌. വളരെ simple ഒരു concept എടുത്ത് കൈപ്പള്ളി അതിനെ ഒരു വളരെ interesting ആയ ഒരു മത്സരമാക്കി മാറ്റി. ഇപ്പോള്‍ പലര്‍‌ക്കും (yours truly included) ഇതൊരു addiction ആയി മാറിയിരിക്കുകയാണ്‌.

എന്തായിരിക്കും ഈ മത്സരം ഇത്രമാത്രം ബ്ലോഗര്‍‌മാരുടെ ഇടയില്‍ resonate ചെയ്യാന്‍ കാരണം? (എല്ലാറ്റിനും ഒരു കാരണം നോക്കിപ്പോകല്‍ നമ്മുടെ ഒരു ബലഹീനതയല്ലോ)

എന്റെ അഭിപ്രായത്തില്‍ തോന്നിയ കാര്യങ്ങള്‍ താഴെ. അതിനുമുമ്പ് നിര്‍‌വ്വചനങ്ങള്‍: ശേഖരന്‍ എന്നാല്‍ പുസ്തകശേഖരത്തിനുടമ (ലിംഗഭേദമില്ല); കാണി എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു നോണ്‍-ശേഖരന്‍; കൈപ്പള്ളി എന്നാല്‍ നിഷാദ് ഹുസ്സൈന്‍ കൈപ്പള്ളി ;-)


1. ജിജ്ഞാസ (കാണിക്ക്): എനിക്കിഷ്ടപ്പെട്ട പല ബ്ലോഗര്‍‌മാരും എന്തു വായിച്ചിട്ടാണ്‌ ഇത്ര മനോഹരമായി എഴുതുന്നത് എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ("ആ റേഷന്‍‌കടയില്‍ നിന്ന് എനിക്കും പച്ചരി വാങ്ങാനായിരുന്നു" എന്ന മട്ടില്‍). പലരുടെയും ശേഖരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അസൂയ തോന്നിപ്പിക്കുന്ന പല പുസ്തകങ്ങളും പലതിലും കണ്ടു. റാം മോഹന്‍ പാലിയത്തിന്റെ കയ്യിലുള്ള വെണ്‍‌മണി കൃതികള്‍ ഒരുദാഹരണം. അതു കണ്ടതുമുതല്‍ ഞാന്‍ പുഴയും, ഇന്ദുലേഖയുമുള്‍പ്പെടെ എല്ലാ ഓണ്‍‌ലൈന്‍ ബുക്ക് സ്റ്റോറുകളും തപ്പി ഒരു കോപ്പിയ്ക്കുവേണ്ടി. ഒരു രക്ഷയുമുണ്ടായില്ല.

2. ജിജ്ഞാസ (ശേഖരന്‌): തന്റെ പുസ്തകശേഖരത്തെ താനറിഞ്ഞോ, അറിയാതെയോ നല്‍കിയ സൂചനകള്‍ വഴി മറ്റുള്ളവര്‍ ശരിയായി കണ്ടുപിടിക്കുമ്പോളായിരിക്കണം പുസ്തകം വാങ്ങിയ കാശു മുതലായി എന്നു ശേഖരന്‍‌മാര്‍‌ക്കു തോന്നുന്നത് :-) പരസ്യമായ ബ്ലോഗെഴുതുന്നവര്‍‌ക്കെല്ലാം ശ്രദ്ധിക്കപ്പെടണമെന്ന മോഹവും (സഭാകമ്പം :-)) കാണുമല്ലോ. നമ്മള്‍ പോലും നമ്മളെപ്പറ്റി ശ്രദ്ധിക്കാതിരുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ ഒരല്പം സുഖം ഉണ്ടായിരിക്കും; ഉണ്ടാവണം.

3. മാനസികമായ ചലഞ്ച് (കാണിക്ക്): ബുക്ക് ഷെല്‍ഫുനോക്കി ഒരാളെ തിരിച്ചറിയല്‍ ചിലപ്പോള്‍ വളരെ വിഷമം പിടിച്ച പണിയാണ്‌. ചുരുക്കം ചിലപ്പോള്‍ വളരെ എളുപ്പവും. പുസ്തകങ്ങളുടെ പേരുപോലും തെളിയാത്ത ശേഖരങ്ങള്‍ പോലും, ചെറിയ ക്ലൂകളുടെ സഹായത്തിലാണെങ്കിലും ജനം തിരിച്ചറിഞ്ഞു. ബുക്കുകള്‍, ഷെല്‍ഫിന്റെ തട്ടില്‍ വിരിച്ചിരിക്കുന്ന പഴയ പത്രങ്ങള്‍, ഇട്ടിരിക്കുന്ന പടങ്ങളില്‍ നിന്നും ശേഖരന്റെ ക്യാമറയെപ്പറ്റി ലഭിച്ച വിവരം ഇതെല്ലാം ശേഖരനെ തിരിച്ചറിയാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു അപസര്‍‌പ്പക നോവല്‍ വായിക്കുന്നതിലും രസമാണ്‌ ചില പുസ്തകശേഖരങ്ങളുടെ ഉടമകളെ കണ്ടെത്തല്‍.

4. അഭിമാനം (ശേഖരന്‍‌മാര്‍‌ക്ക്): പുസ്തകം പ്രദര്‍‌ശിപ്പിക്കല്‍ ഒരു പൊങ്ങച്ചമത്സരമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടുവെന്നു തോന്നുന്നു (ലിങ്കില്ല). Calvin-ന്റെ motto ആണ്‌ ഇതുപറയുമ്പോള്‍ എനിക്കോര്‍‌മ്മവരുന്നത് - "So what?" അഭിമാനം, അഹങ്കാരം, പൊങ്ങച്ചം എന്നിവകള്‍‌ക്കിടയിലുള്ള വര വളരെ നേരിയതാണെന്നുതോന്നുന്നു. Beauty is in the eye of the beholder എന്നു പറഞ്ഞതുപോലെ ഈ തരം തിരിക്കല്‍ പലപ്പോഴും നോക്കുന്ന ആളിന്റെ കണ്ണടയിലെ കുശുമ്പിന്റെ tinge-ന്റെ അളവനുസരിച്ചും വ്യത്യാസപ്പെടുന്നു. വ്യക്തിപരമായി, തികച്ചും പൊങ്ങച്ചമെന്ന് ഒരു പുസ്തകശേഖരത്തെപ്പറ്റി തോന്നുന്നത് ഒരു ചുറ്റുപാടില്‍ മാത്രമേയുള്ളൂ - തന്റേതല്ലാത്ത പുസ്തകങ്ങളെ തന്റേതാണെന്നു പറഞ്ഞ് ആരെങ്കിലും അര്‍‌ഹിക്കാത്ത പ്രശംസ നേടുമ്പോള്‍ മാത്രം. ബാക്കിയെല്ലാ ചുറ്റുപാടിലും പുസ്തകം വാങ്ങിയയാള്‍ അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ ചെയ്താല്‍ എന്താണതില്‍ കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം peers-ല്‍ നിന്നും ലഭിക്കുന്ന ഒരു ചെറിയ അംഗീകാരം പോലും ഒരു വലിയ സമ്മാനമാണല്ലോ.

5. കൂട്ടുകെട്ടിന്റെ സുഖം (എല്ലാര്‍‌ക്കും): കാണ്ടാമൃഗങ്ങള്‍ മാത്രം മേയുന്ന ഈ താഴ്വരയില്‍ മലയാളം പറയാനും, എഴുതാനും കഴിയാതെ വീര്‍‌പ്പുമുട്ടിയിരുന്നയാളാണ്‌ ഞാന്‍. മലയാളം ബ്ലോഗ് വായന തുടങ്ങിയതില്‍‌പ്പിന്നീടാണ്‌ മാസങ്ങള്‍‌ക്കുശേഷം (അതോ കൊല്ലങ്ങളോ?) മനസ്സുതുറന്ന് ചിരിക്കാന്‍ പറ്റിയത്. അങ്ങനെ ചിരിപ്പിച്ച ദേവനും, ഉമേഷും, കുമാറും, ഗുപ്തനും, പാഞ്ചാലിയും ഒക്കെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും അവരുടെകൂടെ വളിപ്പടിയ്ക്കുകയും ചെയ്യുമ്പോള്‍ "വര്‍‌ഷങ്ങള്‍ എന്നില്‍ നിന്നും കൊഴിഞ്ഞുവീഴുന്നു." കുറച്ചുനേരത്തേക്കാണെങ്കിലും, ഞാന്‍ വീണ്ടുമൊരു കോളേജുകുമാരനായി മാറുന്നു :-) ഓഫടിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടുമ്പോള്‍ ചിരിയുടെ കതിനാവെടികള്‍ കൊണ്ട് ഞാന്‍ അവയെ എന്റെ ക്യൂബിക്കിളില്‍ വരവേല്‍‌ക്കുന്നു.


അങ്ങനെയെല്ലാം പുസ്തകചരിതം. ഇനി സമയം കളയാന്‍ നേരമില്ല. കൈപ്പള്ളി പോസ്റ്റിടാന്‍ നേരമായി ;-)

3 comments:

  1. very interesting competition indeed. I missed it.

    P. R. Jose, NY

    ReplyDelete
  2. Dear Jose, a new version of the competition is going on now. Visit http://mallu-gombetion.blogspot.com for more.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌