Tuesday, August 25, 2009

വേനല്‍ക്കുറിപ്പുകള്‍

  • നൊസ്റ്റാല്‍ജിയ: മണിവീക്കം (hydrocele) കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണോ? കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ ഓരോ മുക്കിലും, ഓരോ ചുവരിലും മണിവീക്കചികിത്സകരുടെ പരസ്യങ്ങളായിരുന്നു. ഇത്തവണ ഇതുവരെ ഒന്നുപോലും കണ്ടില്ല.
  • the more things change: തുറമുഖനഗരത്തിലെ പേരുകേട്ട ആശുപത്രി. അവിടത്തെ പ്രധാനപ്പെട്ട ഡിപ്പാര്‍‌ട്ട്മെന്റുകളിലൊന്നില്‍ ചികിത്സയ്ക്കുവരുന്നവരെ കിടത്തുന്ന ഭാഗത്തെ ശീതളമായ മുറി. രാത്രി. ഏതോ വാഹനത്തിന്റെ നീണ്ട ഹോണടി കേട്ടു ഞെട്ടിയുണര്‍‌ന്ന ഞാന്‍. ലൈറ്റിട്ടപ്പോള്‍, അത്താഴസമയത്തു വാങ്ങിവച്ചിരുന്ന ബ്രെഡിന്റെ പായ്ക്കറ്റിനുചുറ്റും പാറ്റകള്‍, പാറ്റകള്‍, പാറ്റകള്‍...
  • എനിക്കു മനസ്സിലാകാത്തത്: പന്നിപ്പനി പേടിച്ച് സദാസമയവും മുഖം‌മൂടിയണിയുന്നവര്‍ ബൈക്കില്‍സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ വിസമ്മതിക്കുന്നത്. ചരമവാര്‍‌ത്തകളുടെ കോളങ്ങളില്‍ ബൈക്കപടങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം എന്നും കുറഞ്ഞത് മൂന്നോ നാലോ; പന്നിപ്പനി കൊന്നത് ഇതുവരെ ഒന്നോ രണ്ടോ...
  • സ്തുതി പാടുക നാം: റോഡരികിലെ ഒരു ചെറിയ വെയ്‌റ്റിങ്ങ് ഷെഡ്. പുതുതായി പണികഴിപ്പിച്ചത്. ഷെഡിന്റെ മേല്‍‌ക്കൂരയില്‍ ഷെഡിനേക്കാളും വലിയ അക്ഷരങ്ങളില്‍ അറിയിപ്പ്: "സ്ഥലം എം എല്‍എയുടെപേര് ന്റെവികസനഫണ്ടില്‍ നിന്നും പണം മുടക്കി സ്ഥാപിച്ചത്". തികച്ചും ഔദാര്യമതികളായ സ്ഥലം എം എല്‍ മാരെ എല്ലാവരും വാഴ്ത്തുവിന്‍.
  • വഴിയോരക്കാഴ്ചകള്‍: വഴിയരികില്‍ കണ്ട ബോര്‍ഡില്‍ കണ്ടത്: "കേന്ദ്രസര്‍‌ക്കാരിന്റെനയങ്ങളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് യുടെ നേതൃത്വത്തില്‍ ടെലിഫോണ്‍എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച്". ടെലിഫോണ്‍ എക്സ്‌ചേഞ്ച്???
  • സത്യമേവ: തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കില്‍ ബധിരനും മൂകനുമായ ഒരു വിദ്യാര്‍‌ത്ഥി റാഗ് ചെയ്യപ്പെടുന്നു. വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ദിനപത്രങ്ങളിലും ന്യൂസ് ചാനലുകളിലും എത്തുന്നു. നാട്ടുകാര്‍ ഞെട്ടുന്നു. എസ് എഫ് യൂണിറ്റ്‌ പ്രസിഡന്റ്‌ അനു അഹമ്മദ്‌ ഉള്‍പ്പെടെ ഏഴു പേരെസസ്‌പെന്‍ഡു ചെയ്യുന്നു; പോലീസ് അവരെ അറസ്റ്റുചെയ്യുന്നു. പക്ഷേ വാര്‍ത്ത പൂര്‍‌ണ്ണമാണോയെന്നസംശയം അത്തിക്കായയ്ക്കത്തെ മക്ഷിക കണക്കെ എല്ലാവരുടെ മനസ്സിലും മുരണ്ടുനടക്കുന്നു. വിശദമായ അന്വേഷണത്തിനുശേഷം നാട്ടിക എസ് എഫ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്നെത്തുന്നു: "ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അടിപിടിയാണ്‌ ഉണ്ടായത്". എല്ലാവരുടെ മനസ്സും സ്വസ്ഥമാകുന്നു. [ഇവിടെ]

1 comment:

  1. മാണിക്കാ,
    1.മണിവീക്കം കുറഞ്ഞെന്നാ തോന്നുന്നത്,കാരണം മണിയേ ഇല്ല,പലര്‍ക്കും.
    2.പാറ്റയെപ്പെറ്റി ഒറ്റ അക്ഷരം പറയരുത് , ഞങ്ങടെ ദേശീയ ജീവിയാ, ക്ലോസറ്റില്‍ മുതല്‍ ചീനച്ചട്ടി വരെ എവിടേയും കാണാം.
    3.ഹെല്‍മെറ്റ് കച്ചവടത്തിനേക്കാള്‍ ലാഭകരമാ പന്നിപ്പനി.
    4.എം.എല്‍.എ ആകുമ്പോള്‍ കിട്ടുന്ന ഏക പ്രിവിലേജ് ഈ പേരുമുദ്രണമാണെന്നും അതിനാല്‍ തന്റെ പേര്‍ ഏറ്റവും വലിപ്പത്തില്‍ മുദ്രണം ചെയ്യണം എന്നും ബഹു:സിവില്‍ സപ്ലേസ് മന്ത്രി ദിവാകരന്‍ അവര്‍കള്‍.
    5.കേന്ദ്ര മൂരാച്ചിയുടെ പ്രതിനിധൈ സ്ഥാപനമല്ലെ ടെലിക്കോം, പക്ഷെ അത് പറിച്ചെടുത്ത് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആയത് ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു, ജീവനക്കാരും.
    6.റാഗിങ് എന്ന തുറുപ്പ് ചീട്ട് ഉപയോഗിച്ച് ഒരു വിദ്യാര്‍ത്ഥി സംഘട്ടനത്തെ വളച്ചൊടിച്ചതാണെന്ന് എല്ലാര്‍ക്കും ബോദ്ധ്യമായതിനാലാണല്ലോ പിന്നീട് അനക്കം ഒന്നും കേള്‍ക്കാഞ്ഞത്. വളച്ചൊടിക്കല്‍ ആണല്ലോ മീഡിയടെ തൊഴില്‍.

    ReplyDelete

അതാതുകമന്റിന്‌ ഉത്തരവാദി കമന്റിടുന്നയാളാണു്‌