Friday, March 20, 2009

റഷ്യാക്കാര്‍ വരവായി

കുട്ടിക്കാലത്ത് ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങളില്‍ പലതും മോസ്കോയിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരുന്ന റഷ്യന്‍ പുസ്തകങ്ങളുടെ മലയാളപരിഭാഷകളായിരുന്നു. പലതായിരുന്നു ഇതിനു കാരണങ്ങള്‍:
- പുസ്തകം വാങ്ങാന്‍ വീട്ടില്‍ അധികം കാശില്ലായിരുന്നു; റഷ്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ വളരെ വില കുറഞ്ഞതും, നല്ല ക്വാളിറ്റിയുള്ളതുമായിരുന്നു.
- അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
- അത്ര വലുതൊന്നുമല്ലാത്ത ഞങ്ങളുടെ ഗ്രാമത്തിലും പ്രഭാത് ബുക്ക് ഹൗസിന്റെ സഞ്ചരിക്കുന്ന ബുക്ക്‌സ്റ്റാള്‍ വല്ലപ്പോഴും വരുമായിരുന്നു.

അങ്ങനെ വാങ്ങിവായിച്ചവ ഒരുപാട്‌: കുറെ നാടോടിക്കഥകള്‍ [സോവിയറ്റ് നാടുകളിലെ; റഷ്യയിലെ; റഷ്യയില്‍ത്തന്നെ, ധ്രുവത്തിനോടടുത്ത റഷ്യന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ (ചുക്‌ചി മുതലായ ജനതകള്‍‍)]; യാക്കൊവ് പെരെല്‍‌മാന്റെ ഭൗതികകൗതുകം; അര്‍ക്കാദി ഗൈദാറിന്റെ "ചുക്കും, ഗെക്കും", "ജീവിതവിദ്യാലയം"; നെക്രാസൊവിന്റെ "Adventures of Captain Vrungel"; ആരെഴുതിയതാണെന്ന് ഓര്‍‌മ്മയില്ലാത്ത "Adventures of Dennis"; യൂറി ബോന്ദരെവിന്റെ "പൊള്ളുന്ന മഞ്ഞ്"; ഓള്‍ഗ പിറോവ്‌സ്കയയുടെ "കുട്ടികളും കളിത്തോഴരും" ഇവയെല്ലാം ഇപ്പോഴും ഓര്‍‌മ്മയില്‍ നില്‍ക്കുന്നു.

ഒരു പുസ്തകം വായിച്ച് തൊണ്ടയില്‍ ഒരു ഞെരുക്കം (a lump in my throat) എന്നാദ്യമായി തോന്നിയത് "ജീവിതവിദ്യാലയം" വായിച്ചപ്പോഴായിരിക്കണം. "Adventures of Dennis" പോലെ നല്ല ഒരു പുസ്തകം പത്തുവയസ്സുകാര്‍‌ക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ അധികം കണ്ടിട്ടില്ല. സോവിയറ്റ് യൂണിയന്റെ തകര്‍‌ചയ്ക്കു ശേഷം ഈ പുസ്തകങ്ങളൊന്നും ഇപ്പോള്‍ കാണാനേയില്ല. ഇതെല്ലാം മലയാളത്തില്‍ വിവര്‍‌ത്തനം ചെയ്തിരുന്ന ഗോപാലകൃഷ്ണനും, ഓമനയ്ക്കുമൊക്കെ എന്തു സംഭവിച്ചിരിക്കണം എന്നു ഞാനിപ്പോഴും ആ പഴയപുസ്തകങ്ങള്‍ കാണുമ്പോള്‍ ഓര്‍‌ക്കാറുണ്ട്.

ഇപ്പോള്‍ ഇതെല്ലാം വിളമ്പുന്നതിനു കാരണമുണ്ട്. രണ്ടു ദിവസം മുമ്പ് മറ്റെന്തോ നെറ്റില്‍ തിരയുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഇവിടെ എത്തിപ്പെട്ടു. ഞാന്‍ ഒരുപാടു സന്തോഷിച്ചു. ഈവക പുസ്തകങ്ങള്‍ ഇഷ്ടമുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ ഇതാണു നിങ്ങളുടെ അവസരം. എത്രനാള്‍ ആ ലിങ്കു തുടരും എന്നു പിടിയില്ല; "ശീഘ്രസ്യ ശുഭം" എന്നോ മറ്റോ ഉണ്ടല്ലോ.




വെള്ളിയാഴ്ച വിശേഷം:
ന്യൂ യോര്‍‌ക്കില്‍ നിന്ന് ഫ്ലോറിഡയിലേക്കുപോകുന്ന ഫ്ലൈറ്റിനുവേണ്ടി കാത്തിരിക്കുമ്പോഴാണ്‌ ആ കുടുംബത്തെ ഞാന്‍ പരിചയപ്പെട്ടത്. അച്ഛന്‍, അമ്മ, അഞ്ചു മക്കള്‍. - സ്വര്‍‌ണ്ണമുടിയും, നീലക്കണ്ണുകളുമായി ഒരു ടിപ്പിക്കല്‍ സായിപ്പുകുടുംബം. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ കുട്ടികളുടെ പേരുകളും ചോദിച്ചു. അയാള്‍ പറഞ്ഞു : "മൈക്ക്, ജോ, മേരി, കാതറീന്‍, വാങ്ങ് ഹുണ്‍ ഷയ്". അവസാനത്തെ പേരുകേട്ട് ഞാന്‍ ഒന്നു സംശയിച്ചു. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു, "എന്തേ അവസാനത്തെ കുട്ടിക്കു മാത്രം അങ്ങനെയൊരുപേര്‌?"
അയാള്‍ വിശദീകരിച്ചു, ആദ്യത്തെ മക്കളുടെ പേരുകളൊക്കെ സാധാരണ പോലെയാണിട്ടത്; അമേരിക്കയില്‍ പിറക്കുന്ന അഞ്ചുപേരില്‍ ഒരാള്‍ ഒരു ചൈനീസ് വംശജനായിരിക്കുമെന്ന പത്രവാര്‍‌ത്ത കണ്ടത് അഞ്ചാമത്തെ മകന്‍ പിറന്നപ്പോഴാണ്‌. അപ്പോള്‍പ്പിന്നെ ചൈനീസ് പേരല്ലാതെ?

[ഉമേഷ്, വെള്ളെഴുത്ത്, ബാബു കല്യാണം, ശ്രീഹരി, പേരടി, ജോഷി മുതലായ മഹാരഥന്‍മാര്‍ അണിനിരന്ന് ക്രൂരമൃഗങ്ങള്‍, തരുണീമണികള്‍, സാദ്ധ്യതകള്‍ എന്നിവയെപ്പറ്റി ഘോരഘോരം ചര്‍‌ച്ചചെയ്യുന്നത് വായിച്ചെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. അതിനാല്‍ പണ്ടെവിടെയോ വായിച്ച ഒരു വളിപ്പിന്റെ തര്‍‌ജ്ജമ എന്റെ വക.]

Monday, March 9, 2009

സം‌വിധാനം: അതിവിനയന്‍

കിളിമഞ്ജാരോ പര്‍‌വ്വതത്തില്‍ മഞ്ഞുവീഴുന്ന നാളുകളില്‍ വെളിയിലിറങ്ങാന്‍ വിഷമം. അപ്പോഴൊക്കെ ഉല്ലാസത്തിനൊരേയൊരുവഴി മലയാളം റ്റീവീ ചാനലുകളാണ്‌. ഇന്റര്‍‌നെറ്റ് കഴിഞ്ഞാല്‍ മനുഷ്യരാശിക്ക് ഏറ്റവും ഉപകാരപ്പെട്ടിരിക്കുന്ന കണ്ടുപിടിത്തം റ്റീവീ റിമോട്ടായിരിക്കണം. ചുള്ളിക്കാട് ചട്ടം കെട്ടിയപോലെ "ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച ശീത-തീക്ഷ്ണമായ വോഡ്‌ക" നുണഞ്ഞുകൊണ്ട് സൂര്യയില്‍ നിന്നും കൈരളിയിലേക്കും, മറിച്ചും സ്കേറ്റു ചെയ്ത് ഞാന്‍ എന്റെ വൈകുന്നേരങ്ങള്‍ ആഘോഷിക്കുന്നു.

"വിനയം/ബഹുമാനം ജട്ടി പോലെയാണ്‌; ഉള്ളിലുണ്ടായിരിക്കണം, എന്നാല്‍ വഴിനീളെ പ്രദര്‍‌ശിപ്പിച്ചുകൊണ്ടുനടക്കരുത്" എന്ന അര്‍‌ത്ഥത്തില്‍ ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. മലയാളം റ്റീവീ ചാനലുകളില്‍ സംഗീതത്തോടു ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നവര്‍ കേട്ടിട്ടിരിക്കാത്ത ഒരു ചൊല്ലായിരിക്കണം അത്. പ്രശസ്തഗായിക ചിത്ര എല്ലവര്‍ക്കും "ചിത്രേച്ചി"യാണ്‌. ശ്രീമതി എസ് ജാനകി "ജാനകിയമ്മ"യും, യേശുദാസ് "യേശുദാസ് സാറു"മത്രേ. ഇപ്പറഞ്ഞവരുമായി യാതൊരു തരത്തിലുള്ള വ്യക്തിബന്ധങ്ങളോ, പരിചയമോ ഇല്ലാത്ത ആളുകളാണ്‌ ഇങ്ങനെ തട്ടിമൂളിക്കുന്നതെന്നും ഓര്‍ക്കണം. ഇതൊക്കെ ഒരുവിധം അരോചകമാണെങ്കിലും ഒരുവിധം സഹിക്കാം. പക്ഷേ കിഷോര്‍കുമാറിനെ കിഷോര്‍കുമാര്‍ സാറാക്കുമ്പോഴോ? മൊഹമ്മദ് റഫിയെ "റാഫിസ്സാറാ"ക്കുമ്പൊഴോ? ചോര നമുക്കു തിളയ്ക്കുകയില്ലേ ഞരമ്പുകളില്‍? ഇതിങ്ങനെ തുടര്‍‌ന്നാല്‍ എവിടെപ്പോയി നില്‍ക്കും? "റഫി കി യാദേം" എന്ന സിഡിക്കുപകരം "റാഫിസ്സാര്‍ കീ യാദേം"? "ഹിറ്റ്‌സ് ഓഫ് കെ എല്‍ സൈഗാള്‍‍" എന്നതിനുപകരം "ഹിറ്റ്‌സ് ഓഫ് സൈഗാളേട്ടന്‍"? പ്രത്യേകിച്ചും കള്ളുകുടിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെ അനൗണ്‍സ്‌മെന്റ് ഉണ്ടായാല്‍ വാളുവച്ചുപോയതു തന്നെ. ഏറ്റവും കഷ്ടം, ഇന്നാളൊരിക്കല്‍ കോം‌പിയര്‍ പെണ്‍കൊടി പാടാന്‍ വന്ന കൊച്ചിനോടു ചോദിച്ചതായിരുന്നു. ആദ്യമേ തന്നെ കൊച്ചു പറഞ്ഞു കൊച്ചിനിഷ്ടമുള്ള സംഗീത സം‌വിധായകര്‍ കല്യാണ്‍‌ജി-ആനന്ദ്‌ജി ആണെന്ന്. അതു ക്ലിക്കാവാതെ, കോം. പെണ്‍. വീണ്ടും കൊച്ചിനെ പെസ്റ്റര്‍ ചെയ്തു: "കല്യാണ്‍‌ജി ആനന്ദ്‌ജി സാറിന്റെ ഏതു പാട്ടാണ്‌ മോള്‍‌ക്ക് ഏറ്റവും ഇഷ്ടം?" മരണാനന്തര ജീവിതം എന്നൊന്നില്ല എന്ന് എനിക്കു മനസ്സിലായതന്നാണ്‌; അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ കല്യാണ്‍‌ജി ആ സമയം അവിടെ അവതരിച്ച് നെഞ്ചത്തടിച്ചു കരയുമായിരുന്നല്ലോ.

പണ്ടിതുപോലെയാണ്‌ നമ്മുടെ കേരളാവിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് "ഗാന്ധിജി സര്‍‌വകലാശാല" ഉണ്ടാക്കിയത്; ഹിന്ദിക്കാര്‍ ആ പേരു കേട്ടു തലകുത്തിച്ചിരിച്ചു. "കെ എം മാണിസ്സാര്‍ സര്‍‌വ്വകലാശാല" എന്നുപറഞ്ഞൊരെണ്ണം അവരുണ്ടാക്കിയിരുന്നെങ്കില്‍ നമ്മളും ചിരിക്കുമായിരുന്നില്ലേ? ഏതായാലും, ദൈവാധീനത്തിന്‌ ഒന്നു രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഏതോ പുതിയ സാറിനു ഭൂതോദയം വന്നിട്ട് അതിനെ മാറ്റി "മഹാത്മാഗാന്ധി സര്‍‌വ്വകലാശാല"യാക്കി.

ബ്ലോഗിലും നാം ഒരുപാടുകാണുന്നതാണ്‌ അതിവിനയം. സാറും, മാഷും, ജിയും ഒക്കെ എല്ലാവരും ചവറുപോലെ ഉപയോഗിക്കുന്നു. ചില സന്ദര്‍‌ഭങ്ങളില്‍ ഇതില്ലാതെ നിവര്‍‌ത്തിയില്ല; കാരണം, തമ്മില്‍ നേരിട്ടറിയുന്ന ഒരുപാടുപേര്‍ മലയാളം ബ്ലോഗുകളെഴുതുന്നുണ്ട്. പുതുമക്കാരനായിരുന്ന നാളുകളില്‍ ഞാനും ഇതുപോലെയായിരുന്നു. പക്ഷേ എന്റെ കണ്ണു തുറന്നത് ഇതുവായിച്ചപ്പോഴാണ്‌. ഇപ്പോള്‍ എനിക്കുമില്ല ജട്ടിപ്രദര്‍‌ശനം എന്നു സന്തോഷത്തോടെ അറിയിക്കട്ടെ.

Saturday, March 7, 2009

വിസ്കി കുടിക്കുന്ന റഷ്യാക്കാരന്‍

ഭാഗം ഒന്നില്‍ മുറി മുഴുവന്‍ വാളു വയ്ക്കുമ്പോള്‍ - മലിനോവ്‌സ്ക്കി.

ഭാഗം രണ്ടില്‍ വാളു നിറഞ്ഞ മുറിയുടെ തറയില്‍ മയങ്ങുമ്പോള്‍ - മയക്കോവ്‌സ്ക്കി

Wednesday, March 4, 2009

ശേഖരന്‍‌മാരും, ശേഖരികളും

ഈയിടെ ഓഫീസ് സമയത്തെ എന്റെ പ്രധാനപണി കൈപ്പള്ളിയുടെ (ല്‍)പുസ്തകശേഖരമത്സരത്തില്‍ കമന്റിടലാണ്‌. വളരെ simple ഒരു concept എടുത്ത് കൈപ്പള്ളി അതിനെ ഒരു വളരെ interesting ആയ ഒരു മത്സരമാക്കി മാറ്റി. ഇപ്പോള്‍ പലര്‍‌ക്കും (yours truly included) ഇതൊരു addiction ആയി മാറിയിരിക്കുകയാണ്‌.

എന്തായിരിക്കും ഈ മത്സരം ഇത്രമാത്രം ബ്ലോഗര്‍‌മാരുടെ ഇടയില്‍ resonate ചെയ്യാന്‍ കാരണം? (എല്ലാറ്റിനും ഒരു കാരണം നോക്കിപ്പോകല്‍ നമ്മുടെ ഒരു ബലഹീനതയല്ലോ)

എന്റെ അഭിപ്രായത്തില്‍ തോന്നിയ കാര്യങ്ങള്‍ താഴെ. അതിനുമുമ്പ് നിര്‍‌വ്വചനങ്ങള്‍: ശേഖരന്‍ എന്നാല്‍ പുസ്തകശേഖരത്തിനുടമ (ലിംഗഭേദമില്ല); കാണി എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു നോണ്‍-ശേഖരന്‍; കൈപ്പള്ളി എന്നാല്‍ നിഷാദ് ഹുസ്സൈന്‍ കൈപ്പള്ളി ;-)


1. ജിജ്ഞാസ (കാണിക്ക്): എനിക്കിഷ്ടപ്പെട്ട പല ബ്ലോഗര്‍‌മാരും എന്തു വായിച്ചിട്ടാണ്‌ ഇത്ര മനോഹരമായി എഴുതുന്നത് എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ("ആ റേഷന്‍‌കടയില്‍ നിന്ന് എനിക്കും പച്ചരി വാങ്ങാനായിരുന്നു" എന്ന മട്ടില്‍). പലരുടെയും ശേഖരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അസൂയ തോന്നിപ്പിക്കുന്ന പല പുസ്തകങ്ങളും പലതിലും കണ്ടു. റാം മോഹന്‍ പാലിയത്തിന്റെ കയ്യിലുള്ള വെണ്‍‌മണി കൃതികള്‍ ഒരുദാഹരണം. അതു കണ്ടതുമുതല്‍ ഞാന്‍ പുഴയും, ഇന്ദുലേഖയുമുള്‍പ്പെടെ എല്ലാ ഓണ്‍‌ലൈന്‍ ബുക്ക് സ്റ്റോറുകളും തപ്പി ഒരു കോപ്പിയ്ക്കുവേണ്ടി. ഒരു രക്ഷയുമുണ്ടായില്ല.

2. ജിജ്ഞാസ (ശേഖരന്‌): തന്റെ പുസ്തകശേഖരത്തെ താനറിഞ്ഞോ, അറിയാതെയോ നല്‍കിയ സൂചനകള്‍ വഴി മറ്റുള്ളവര്‍ ശരിയായി കണ്ടുപിടിക്കുമ്പോളായിരിക്കണം പുസ്തകം വാങ്ങിയ കാശു മുതലായി എന്നു ശേഖരന്‍‌മാര്‍‌ക്കു തോന്നുന്നത് :-) പരസ്യമായ ബ്ലോഗെഴുതുന്നവര്‍‌ക്കെല്ലാം ശ്രദ്ധിക്കപ്പെടണമെന്ന മോഹവും (സഭാകമ്പം :-)) കാണുമല്ലോ. നമ്മള്‍ പോലും നമ്മളെപ്പറ്റി ശ്രദ്ധിക്കാതിരുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ ഒരല്പം സുഖം ഉണ്ടായിരിക്കും; ഉണ്ടാവണം.

3. മാനസികമായ ചലഞ്ച് (കാണിക്ക്): ബുക്ക് ഷെല്‍ഫുനോക്കി ഒരാളെ തിരിച്ചറിയല്‍ ചിലപ്പോള്‍ വളരെ വിഷമം പിടിച്ച പണിയാണ്‌. ചുരുക്കം ചിലപ്പോള്‍ വളരെ എളുപ്പവും. പുസ്തകങ്ങളുടെ പേരുപോലും തെളിയാത്ത ശേഖരങ്ങള്‍ പോലും, ചെറിയ ക്ലൂകളുടെ സഹായത്തിലാണെങ്കിലും ജനം തിരിച്ചറിഞ്ഞു. ബുക്കുകള്‍, ഷെല്‍ഫിന്റെ തട്ടില്‍ വിരിച്ചിരിക്കുന്ന പഴയ പത്രങ്ങള്‍, ഇട്ടിരിക്കുന്ന പടങ്ങളില്‍ നിന്നും ശേഖരന്റെ ക്യാമറയെപ്പറ്റി ലഭിച്ച വിവരം ഇതെല്ലാം ശേഖരനെ തിരിച്ചറിയാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു അപസര്‍‌പ്പക നോവല്‍ വായിക്കുന്നതിലും രസമാണ്‌ ചില പുസ്തകശേഖരങ്ങളുടെ ഉടമകളെ കണ്ടെത്തല്‍.

4. അഭിമാനം (ശേഖരന്‍‌മാര്‍‌ക്ക്): പുസ്തകം പ്രദര്‍‌ശിപ്പിക്കല്‍ ഒരു പൊങ്ങച്ചമത്സരമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടുവെന്നു തോന്നുന്നു (ലിങ്കില്ല). Calvin-ന്റെ motto ആണ്‌ ഇതുപറയുമ്പോള്‍ എനിക്കോര്‍‌മ്മവരുന്നത് - "So what?" അഭിമാനം, അഹങ്കാരം, പൊങ്ങച്ചം എന്നിവകള്‍‌ക്കിടയിലുള്ള വര വളരെ നേരിയതാണെന്നുതോന്നുന്നു. Beauty is in the eye of the beholder എന്നു പറഞ്ഞതുപോലെ ഈ തരം തിരിക്കല്‍ പലപ്പോഴും നോക്കുന്ന ആളിന്റെ കണ്ണടയിലെ കുശുമ്പിന്റെ tinge-ന്റെ അളവനുസരിച്ചും വ്യത്യാസപ്പെടുന്നു. വ്യക്തിപരമായി, തികച്ചും പൊങ്ങച്ചമെന്ന് ഒരു പുസ്തകശേഖരത്തെപ്പറ്റി തോന്നുന്നത് ഒരു ചുറ്റുപാടില്‍ മാത്രമേയുള്ളൂ - തന്റേതല്ലാത്ത പുസ്തകങ്ങളെ തന്റേതാണെന്നു പറഞ്ഞ് ആരെങ്കിലും അര്‍‌ഹിക്കാത്ത പ്രശംസ നേടുമ്പോള്‍ മാത്രം. ബാക്കിയെല്ലാ ചുറ്റുപാടിലും പുസ്തകം വാങ്ങിയയാള്‍ അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ ചെയ്താല്‍ എന്താണതില്‍ കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം peers-ല്‍ നിന്നും ലഭിക്കുന്ന ഒരു ചെറിയ അംഗീകാരം പോലും ഒരു വലിയ സമ്മാനമാണല്ലോ.

5. കൂട്ടുകെട്ടിന്റെ സുഖം (എല്ലാര്‍‌ക്കും): കാണ്ടാമൃഗങ്ങള്‍ മാത്രം മേയുന്ന ഈ താഴ്വരയില്‍ മലയാളം പറയാനും, എഴുതാനും കഴിയാതെ വീര്‍‌പ്പുമുട്ടിയിരുന്നയാളാണ്‌ ഞാന്‍. മലയാളം ബ്ലോഗ് വായന തുടങ്ങിയതില്‍‌പ്പിന്നീടാണ്‌ മാസങ്ങള്‍‌ക്കുശേഷം (അതോ കൊല്ലങ്ങളോ?) മനസ്സുതുറന്ന് ചിരിക്കാന്‍ പറ്റിയത്. അങ്ങനെ ചിരിപ്പിച്ച ദേവനും, ഉമേഷും, കുമാറും, ഗുപ്തനും, പാഞ്ചാലിയും ഒക്കെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും അവരുടെകൂടെ വളിപ്പടിയ്ക്കുകയും ചെയ്യുമ്പോള്‍ "വര്‍‌ഷങ്ങള്‍ എന്നില്‍ നിന്നും കൊഴിഞ്ഞുവീഴുന്നു." കുറച്ചുനേരത്തേക്കാണെങ്കിലും, ഞാന്‍ വീണ്ടുമൊരു കോളേജുകുമാരനായി മാറുന്നു :-) ഓഫടിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടുമ്പോള്‍ ചിരിയുടെ കതിനാവെടികള്‍ കൊണ്ട് ഞാന്‍ അവയെ എന്റെ ക്യൂബിക്കിളില്‍ വരവേല്‍‌ക്കുന്നു.


അങ്ങനെയെല്ലാം പുസ്തകചരിതം. ഇനി സമയം കളയാന്‍ നേരമില്ല. കൈപ്പള്ളി പോസ്റ്റിടാന്‍ നേരമായി ;-)