Saturday, May 15, 2010

കാളി

സ്ത്രീ - അവൾ കാമുകിയാണ്, ഭാര്യയാണ്, തേങ്ങയാണ് എന്നൊക്കെ പ്രാസത്തിനു പറയാം. അവൾ കാളിയുമാണ് എന്നു പൊതുജനത്തിനൊരു വിശ്വാസം വന്നാൽ ഫെമിനിസം ജയിച്ചു എന്നു പലപ്പോഴും തോന്നാറുണ്ട്.

സവർ‌ണ്ണ ഹിന്ദു ദേവീദേവന്മാരുടെ ഇടയിലെ ഏറ്റവും രൌദ്രത കാളിക്കുതന്നെയാവണം. ഇത്രയും ഭീകരതയുള്ള പുരുഷദൈവങ്ങൾ പോലും ഒന്നുമില്ല. ചോരക്കണ്ണും, നെഞ്ചുവരെ നീളുന്ന നാക്കും, മുറിച്ച തലകൾ കോർ‌ത്ത മാലയും, കൊടുവാളും - ആണുങ്ങളുടെ പേടികളെല്ലാം കൂടി ഉറഞ്ഞുണ്ടായ സ്ത്രീരൂപം.

13-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലീസന്ദേശത്തിൽ, കാളിയുടെ മുഴുവൻ ഭാവവും കാണിക്കുന്ന ഒരു ശ്ലോകമുണ്ട്. പനയന്നാർകാവിലെ പ്രതിഷ്ഠയായ ഭദ്രകാളിയെയാണ് പരാമർ‌ശിച്ചിരിക്കുന്നത്. ശ്ലോകം ഇങ്ങനെ:

"കച്ചയ്ക്കൊക്കെക്കതിനനെ മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-
നച്ചച്ചച്ചോ! ശിവശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെതുവെതെക്കോരിയാരക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വിയദിദം ദേവി! തുഭ്യം നമോസ്തു.


[അല്ലയോ ദേവീ; ഉച്ചകൈഃ - ഉച്ചങ്ങളായ; കച്ചയ്ക്കൊക്കെ - കച്ചയ്ക്കൊപ്പിച്ച് (കഴുത്തിൽ  കച്ചക്കയറ് ഇടുന്ന സ്ഥലത്ത്);  കതിനനെ മുറിച്ച് - കോപത്തോടെ മുറിച്ച്; പച്ചച്ചോരിക്കളി - പച്ചച്ചോരക്കുഴമ്പ്; വെതുവെതെ - ചൂടോടെ; ആര - അരുമയോടെ, പ്രീതിയോടെ;  ഇദം  വിയത്ത് -- ഈ ആകാശം; തുഭ്യം നമഃ അസ്തു - അവിടത്തേയ്ക്ക് നമസ്കാരം ഭവിക്കട്ടെ.]

യുഗാന്തത്തിൽ ദിഗ്ഗജങ്ങളുടെ കഴുത്തുവെട്ടി ആ പച്ചച്ചോരക്കുഴമ്പ് ചൂടോടെ കുടിച്ചിട്ടു ശേഷിച്ച എച്ചിൽക്കിണ്ണം പോലെയാണ് പ്രഭാതത്തിന്റെ അരുണിമ കലർ‌ന്ന ആകാശം എന്നു കവി. ആ ഭാവന, ആ വാഗ്‌ബിംബം! അക്ഷരാർ‌ത്ഥത്തിൽ കിടിലൻ. വായിച്ചുകഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിയ്ക്കാൻ തോന്നിപ്പിച്ച ചുരുക്കം വായനകളിലൊന്ന്...

Wednesday, April 7, 2010

ഗോപാലകൃഷ്ണലീലാരഹസ്യം

[കല്ലു ചൂടായിക്കിടക്കുന്നതിനാൽ ഞാനും ഒരു ദോശ ചുടുന്നു. ഇതു വായിക്കുന്നതിനുമുമ്പ് ഇതും, ഇതും ഒക്കെ വായിച്ചാൽ നന്നായിരിക്കും.]

* ഡോക്ടറേറ്റ്. ഒരു ഡോക്ടറേറ്റൊക്കെയുള്ളയാൾ വിഡ്ഢിത്തം വിളിച്ചുപറയുമെന്ന് സാധാരണക്കാരാരും വിശ്വസിക്കില്ലല്ലോ.
* ‘എനിക്കു ജനിക്കാതെ പോയ അമ്മാവനാണു സാർ സാർ’ എന്ന് എല്ലാവരുടെ മനസ്സിലും തോന്നിക്കുന്ന പെരുമാറ്റം. അതിൽ നിന്നുണ്ടാവുന്ന ഇഷ്ടം.
* തമാശ പറയാനുള്ള കഴിവ്. അതുപറയുമ്പോഴും സ്വയം കോമാളിയാകാതിരിക്കാനുള്ള വകതിരിവ്.
* വള്ളുവനാടൻ ഭാഷ. ഞങ്ങൾ തെക്കന്മാരൊക്കെ സംസ്കാരശൂന്യരാണല്ലോ. ‘ഇല്യ’ എന്നു പറയുന്നവന് ‘ഇല്ലെടേ’ എന്നു പറയുന്നവനെക്കാളും തികച്ചും സംസ്കാരം കൂടും.
* സംസ്കൃതവാക്കുകളും വരികളും പുട്ടിനു തേങ്ങപോലെ ഇടാനുള്ള കഴിവ്. ദേവഭാഷ കേൾക്കുമ്പോൾ നമ്മൾ അറിയാതെ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിടുമല്ലോ.
* അതിഖരങ്ങളിലും, ഘോഷങ്ങളിലും ഉള്ള ഊന്നൽ. ഇതു വളരെ പ്രധാനമാണ്; അതിഖരം ശുദ്ധമായി ഉച്ചരിക്കുന്നവൻ മോശക്കാരനാവാൻ വഴിയില്ല എന്നാണു പൊതുവെ നാട്ടുനടപ്പ്.
* താൻ പുകഴ്ത്തിപ്പറയുന്നത് സദസ്യരുടെ പൂർവ്വികരുടെ (ഉള്ളതോ, ഇല്ലാത്തതോ) ആയ കഴിവിനെയായതുകൊണ്ട് സദസ്സിനതു പിടിക്കും എന്ന തിരിച്ചറിവ്. സ്വന്തം അപ്പൂപ്പന്മാർ ബുദ്ധിരാക്ഷസൻ‌മാരായിരുന്നു എന്നു ഒരു സാറ് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാർക്കും ഒരു ഇഷ്ടം കാണുമല്ലോ.
* എല്ലാത്തിലും ഉപരിയായി, അപാരമായ ആത്മവിശ്വാസം. മുകളിലുള്ള കാര്യങ്ങളൊക്കെയുള്ളതുകൊണ്ട് ഇത്തിരി മണ്ടത്തരവും നുണയുമൊക്കെ പറഞ്ഞാലും ആരു ചോദ്യം ചെയ്യാൻ?