കിളിമഞ്ജാരോ പര്‍വ്വതത്തില്‍ മഞ്ഞുവീഴുന്ന നാളുകളില്‍ വെളിയിലിറങ്ങാന്‍ വിഷമം. അപ്പോഴൊക്കെ ഉല്ലാസത്തിനൊരേയൊരുവഴി മലയാളം റ്റീവീ ചാനലുകളാണ്. ഇന്റര്‍നെറ്റ് കഴിഞ്ഞാല്‍ മനുഷ്യരാശിക്ക് ഏറ്റവും ഉപകാരപ്പെട്ടിരിക്കുന്ന കണ്ടുപിടിത്തം റ്റീവീ റിമോട്ടായിരിക്കണം. ചുള്ളിക്കാട് ചട്ടം കെട്ടിയപോലെ "ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച ശീത-തീക്ഷ്ണമായ വോഡ്‌ക" നുണഞ്ഞുകൊണ്ട് സൂര്യയില്‍ നിന്നും കൈരളിയിലേക്കും, മറിച്ചും സ്കേറ്റു ചെയ്ത് ഞാന്‍ എന്റെ വൈകുന്നേരങ്ങള്‍ ആഘോഷിക്കുന്നു.
"വിനയം/ബഹുമാനം ജട്ടി പോലെയാണ്; ഉള്ളിലുണ്ടായിരിക്കണം, എന്നാല്‍ വഴിനീളെ പ്രദര്‍ശിപ്പിച്ചുകൊണ്ടുനടക്കരുത്" എന്ന അര്‍ത്ഥത്തില്‍ ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍. മലയാളം റ്റീവീ ചാനലുകളില്‍ സംഗീതത്തോടു ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നവര്‍ കേട്ടിട്ടിരിക്കാത്ത ഒരു ചൊല്ലായിരിക്കണം അത്. പ്രശസ്തഗായിക ചിത്ര എല്ലവര്‍ക്കും "ചിത്രേച്ചി"യാണ്. ശ്രീമതി എസ് ജാനകി "ജാനകിയമ്മ"യും, യേശുദാസ് "യേശുദാസ് സാറു"മത്രേ. ഇപ്പറഞ്ഞവരുമായി യാതൊരു തരത്തിലുള്ള വ്യക്തിബന്ധങ്ങളോ, പരിചയമോ ഇല്ലാത്ത ആളുകളാണ് ഇങ്ങനെ തട്ടിമൂളിക്കുന്നതെന്നും ഓര്‍ക്കണം. ഇതൊക്കെ ഒരുവിധം അരോചകമാണെങ്കിലും ഒരുവിധം സഹിക്കാം. പക്ഷേ കിഷോര്‍കുമാറിനെ കിഷോര്‍കുമാര്‍ സാറാക്കുമ്പോഴോ? മൊഹമ്മദ് റഫിയെ "റാഫിസ്സാറാ"ക്കുമ്പൊഴോ? ചോര നമുക്കു തിളയ്ക്കുകയില്ലേ ഞരമ്പുകളില്‍? ഇതിങ്ങനെ തുടര്‍ന്നാല്‍ എവിടെപ്പോയി നില്‍ക്കും? "റഫി കി യാദേം" എന്ന സിഡിക്കുപകരം "റാഫിസ്സാര്‍ കീ യാദേം"? "ഹിറ്റ്‌സ് ഓഫ് കെ എല്‍ സൈഗാള്‍" എന്നതിനുപകരം "ഹിറ്റ്‌സ് ഓഫ് സൈഗാളേട്ടന്‍"? പ്രത്യേകിച്ചും കള്ളുകുടിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെ അനൗണ്‍സ്‌മെന്റ് ഉണ്ടായാല്‍ വാളുവച്ചുപോയതു തന്നെ. ഏറ്റവും കഷ്ടം, ഇന്നാളൊരിക്കല്‍ കോംപിയര്‍ പെണ്‍കൊടി പാടാന്‍ വന്ന കൊച്ചിനോടു ചോദിച്ചതായിരുന്നു. ആദ്യമേ തന്നെ കൊച്ചു പറഞ്ഞു കൊച്ചിനിഷ്ടമുള്ള സംഗീത സംവിധായകര്‍ കല്യാണ്‍ജി-ആനന്ദ്‌ജി ആണെന്ന്. അതു ക്ലിക്കാവാതെ, കോം. പെണ്‍. വീണ്ടും കൊച്ചിനെ പെസ്റ്റര്‍ ചെയ്തു: "കല്യാണ്‍ജി ആനന്ദ്‌ജി സാറിന്റെ ഏതു പാട്ടാണ് മോള്‍ക്ക് ഏറ്റവും ഇഷ്ടം?" മരണാനന്തര ജീവിതം എന്നൊന്നില്ല എന്ന് എനിക്കു മനസ്സിലായതന്നാണ്; അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ കല്യാണ്‍ജി ആ സമയം അവിടെ അവതരിച്ച് നെഞ്ചത്തടിച്ചു കരയുമായിരുന്നല്ലോ.
പണ്ടിതുപോലെയാണ് നമ്മുടെ കേരളാവിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് "ഗാന്ധിജി സര്‍വകലാശാല" ഉണ്ടാക്കിയത്; ഹിന്ദിക്കാര്‍ ആ പേരു കേട്ടു തലകുത്തിച്ചിരിച്ചു. "കെ എം മാണിസ്സാര്‍ സര്‍വ്വകലാശാല" എന്നുപറഞ്ഞൊരെണ്ണം അവരുണ്ടാക്കിയിരുന്നെങ്കില്‍ നമ്മളും ചിരിക്കുമായിരുന്നില്ലേ? ഏതായാലും, ദൈവാധീനത്തിന് ഒന്നു രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഏതോ പുതിയ സാറിനു ഭൂതോദയം വന്നിട്ട് അതിനെ മാറ്റി "മഹാത്മാഗാന്ധി സര്‍വ്വകലാശാല"യാക്കി.
ബ്ലോഗിലും നാം ഒരുപാടുകാണുന്നതാണ് അതിവിനയം. സാറും, മാഷും, ജിയും ഒക്കെ എല്ലാവരും ചവറുപോലെ ഉപയോഗിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇതില്ലാതെ നിവര്‍ത്തിയില്ല; കാരണം, തമ്മില്‍ നേരിട്ടറിയുന്ന ഒരുപാടുപേര്‍ മലയാളം ബ്ലോഗുകളെഴുതുന്നുണ്ട്. പുതുമക്കാരനായിരുന്ന നാളുകളില്‍ ഞാനും ഇതുപോലെയായിരുന്നു. പക്ഷേ എന്റെ കണ്ണു തുറന്നത് ഇതുവായിച്ചപ്പോഴാണ്. ഇപ്പോള്‍ എനിക്കുമില്ല ജട്ടിപ്രദര്‍ശനം എന്നു സന്തോഷത്തോടെ അറിയിക്കട്ടെ.
Showing posts with label ജട്ടി. Show all posts
Showing posts with label ജട്ടി. Show all posts
Monday, March 9, 2009
Subscribe to:
Posts (Atom)
